തെലുങ്കും കന്നഡയും സഹോദരങ്ങള്‍, അടുത്ത തവണ വരുമ്പോള്‍ തെലുങ്ക് പഠിച്ച് സംസാരിക്കും: റിഷബ് ഷെട്ടി
Indian Cinema
തെലുങ്കും കന്നഡയും സഹോദരങ്ങള്‍, അടുത്ത തവണ വരുമ്പോള്‍ തെലുങ്ക് പഠിച്ച് സംസാരിക്കും: റിഷബ് ഷെട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 1st October 2025, 2:52 pm

കാന്താര ചാപ്റ്റര്‍ വണ്‍ ആന്ധ്രയിലും തെലങ്കാനയിലും പ്രദര്‍ശിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും ചിത്രം ബഹിഷ്‌കരിക്കുമെന്നും പറഞ്ഞുകൊണ്ട് ഒരുകൂട്ടമാളുകള്‍ രംഗത്തെത്തിയിരുന്നു. കാന്താര ചാപ്റ്റര്‍ വണ്ണിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹൈദരബാദിലെത്തിയ റിഷബ് ഷെട്ടി കന്നഡയിലായിരുന്നു പ്രസംഗിച്ചത്. ഇതാണ് ഒരുകൂട്ടം ഭാഷാസ്‌നേഹികളെ ചൊടിപ്പിച്ചത്.

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ പവന്‍ കല്യാണിന്റെ പുതിയ ചിത്രമായ ഓ.ജിയുടെ റിലീസുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലുണ്ടായ പ്രശ്‌നങ്ങളും ഇവരെ ചൊടിപ്പിച്ചു. പിന്നാലെയാണ് കാന്താര ചാപ്റ്റര്‍ വണ്‍ ബഹിഷ്‌കരിക്കുമെന്ന് അവര്‍ അറിയിച്ചത്. ഇപ്പോഴിതാ ഭാഷയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കുകയാണ് റിഷബ് ഷെട്ടി.


കന്നഡയും തെലുങ്കും സഹോദരങ്ങളാണെന്ന് പറഞ്ഞുകൊണ്ടാണ് റിഷബ് തന്റെ പ്രസംഗം ആരംഭിച്ചത്. അറിയാവുന്ന തെലുങ്കില്‍ താരം ഉടനീളം സംസാരിക്കുകയായിരുന്നു. ഭാഷയുടെ പേരില്‍ ഒരിക്കലും ആരും പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും റിഷബ് പറഞ്ഞു. തനിക്ക് തെലുങ്ക് അറിയാത്തതിനാലാണ് കന്നഡയില്‍ സംസാരിച്ചതെന്നായിരുന്നു താരം പറഞ്ഞത്.

‘കന്നഡ ഭാഷയില്‍ അഭിമാനം കൊള്ളുന്ന ഒരാള്‍ അതേ വികാരമുള്ള മറ്റ് ഭാഷക്കാരെ കാണുമ്പോള്‍ സന്തോഷിക്കുകയാണ്. ഈ പരിപാടിയിലെത്തിയവരോട് നന്ദി അറിയിക്കുന്നു. ഒക്ടോബര്‍ രണ്ടിന് എല്ലാവരെയും തിയേറ്ററില്‍ കാണാം. കാന്താര നിങ്ങളിലേക്കെത്തിക്കുന്ന മൈത്രി മൂവീ മേക്കേഴ്‌സിനൊപ്പമാണ് ഞാന്‍ ഇനി പ്രവര്‍ത്തിക്കാന്‍ പോകുന്നത്.

ജയ് ഹനുമാന്‍ എന്നാണ് ആ ചിത്രത്തിന്റെ പേര്. നിങ്ങളെല്ലാവരും എന്റെ കൂടെയുണ്ടാകുമെന്ന് കരുതുന്നു. ആ സിനിമയുടെ പ്രൊമോഷന് വേണ്ടി അടുത്ത വര്‍ഷം ഞാന്‍ ഇവിടെ എത്തും. അന്ന് തെലുങ്ക് നന്നായി പഠിച്ച് നിങ്ങളോട് സംസാരിക്കാനാകുമെന്നാണ് പ്രതീക്ഷ. എല്ലാം കൃത്യമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ റിഷബ് ഷെട്ടി പറഞ്ഞു.

മൂന്ന് വര്‍ഷത്തോളം സമയമെടുത്താണ് കാന്താര ചാപ്റ്റര്‍ വണ്‍ പൂര്‍ത്തിയാക്കിയത്. കര്‍ണാടകയിലെ കുന്ദാപുര കാടുകളിലായിരുന്നു ചിത്രത്തിന്റെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചത്. 200 കോടി ബജറ്റിലെത്തുന്ന ചിത്രത്തില്‍ രുക്മിണി വസന്താണ് നായിക. മലയാളികളുടെ സ്വന്തം ജയറാമും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Rishab Shetty reacts to language problems related to Kantara Chapter One release in Andhra