കന്നഡ ഇന്‍ഡസ്ടറിയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് റിഷബ് ഷെട്ടിയുടെ കാന്താര ചാപ്റ്റര്‍ വണ്‍. ഈ വര്‍ഷം 1000 കോടി കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി കാന്താര മാറുമെന്നാണ് കരുതുന്നത്. കര്‍ണാടകക്ക് പുറമെ കേരളത്തിലും, തമിഴ്നാട്ടിലും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. 2022 യില്‍ പുറത്തിറങ്ങിയ കാന്താരയുടെ പ്രീക്വലായാണ് ചാപ്റ്റര്‍ വണ്‍ പുറത്തിറങ്ങിയത്.
കാന്താരയില്‍ ഭൂതകോലത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ഓഡിയോ എഫക്ട് ചേര്‍ത്തിട്ടുണ്ടോ എന്ന സംശയത്തിന് ഉത്തരം നല്‍കുകയാണ് ഇപ്പോള്‍ സംവിധായകന്‍ റിഷബ് ഷെട്ടി. ഭരദ്വാജ് രംഗന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂതകോലത്തിന്റെ സീനുകളില്‍ ഓഡിയോ എഫ്ക്റ്റ് ആഡ് ചെയ്യിതിട്ടില്ലെന്നാണ് റിഷബ് പറഞ്ഞത്.
‘യാതൊരു സൗണ്ട് എഫക്ട്‌സും നല്‍കിയിട്ടില്ല. പകരം അത് യഥാര്‍ത്ഥ ശബ്ദം തന്നെ ആയിരുന്നു. ഭൂതകോലത്തെപ്പറ്റി നിരവധി വീഡിയോ ഞാന്‍ യൂട്യൂബിലും നേരിട്ടും കണ്ടിട്ടുണ്ട്. അതില്‍ എനിക്ക് കാണാന്‍ കഴിഞ്ഞത് അത് വെറും നിലവിളി ശബ്ദമല്ല, അത് ഒരു സ്റ്റേറ്റ്‌മെന്റ് ആണ്, ഒരുപാട് ഇമോഷന്‍സ് കൂടി ചേരുന്ന ഒന്ന്. അതാണ് ഞാന്‍ സിനിമയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത്.
ദൈവത്തോടുള്ള സംസാരം എന്നനിലയിലാണ് അവസാന ഭാഗങ്ങള്‍ ചിത്രീകരിച്ചത്. നിയമം, നീതി, ന്യായം എന്നിവയെല്ലാം വരുന്നതിന് മുന്‍പേ ദൈവമായിരുന്നു എല്ലാം. ദൈവത്തിനെ ഭയന്നും ആരാധിച്ചുമാണ് ആളുകള്‍ കഴിഞ്ഞിരുന്നത്. ദൈവത്തെ എതിര്‍ക്കുന്നത് തെറ്റാണ് എന്നൊക്കെ മനുഷ്യര്‍ കരുതിയിരുന്ന കാലമുണ്ടായിരുന്നു.
ആ ഒരു ചിന്ത വച്ചാണ് അവസാന രംഗങ്ങള്‍ ചിത്രീകരിച്ചത്. മറ്റ് ഡയലോഗുകള്‍ ഒന്നുമില്ലാതെ പ്രേക്ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിക്കുമെന്ന് കരുതിയിരുന്നു’ റിഷബ് ഷെട്ടി പറഞ്ഞു.
125 കോടി ബജറ്റിലാണ് കാന്താര ചാപ്റ്റര്‍ വണ്‍ ഒരുക്കിയിരിക്കുന്നത്. ആദ്യഭാഗമായ കാന്താരയുടെ ബജറ്റിനെക്കാള്‍ പതിന്മടങ്ങ് കൂടുതലാണിത്. 16 കോടിയായിരുന്നു കാന്താരയുടെ ബജറ്റ്. 407 കോടി രൂപ ചിത്രം ആഗോള തലത്തില്‍ കളക്ട് ചെയ്യുകയും ചെയ്തു. റിഷബ് ഷെട്ടി നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്.
Content Highlight: Rishab Shetty about the Bhoothakola scene in Kantara franchise