കണ്ടാല്‍ മലയാളിയല്ലെന്ന് വിശ്വസിക്കുകയേയില്ല; ആ നടിയുടെ അഭിനയം എന്നെ ഞെട്ടിച്ചു: റിമ കല്ലിങ്കല്‍
Entertainment
കണ്ടാല്‍ മലയാളിയല്ലെന്ന് വിശ്വസിക്കുകയേയില്ല; ആ നടിയുടെ അഭിനയം എന്നെ ഞെട്ടിച്ചു: റിമ കല്ലിങ്കല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th May 2025, 5:41 pm

മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് റിമ കല്ലിങ്കല്‍. 2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെയാണ് റിമ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. അതേ വര്‍ഷം തന്നെ ലാല്‍ ജോസിന്റെ നീലത്താമര എന്ന സിനിമയിലും നടി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

നിദ്ര, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് റിമയ്ക്ക് മികച്ച നടിക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചിരുന്നു. ചെറുപ്പം മുതല്‍ ക്ലാസിക്കല്‍ നൃത്തം പഠിച്ചിട്ടുള്ള റിമ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്നും കണ്ടമ്പററി ഡാന്‍സ് പഠിക്കുകയും ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളില്‍ നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ റിമ അഭിനയിച്ച് എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബാക്ക് സ്റ്റേജ്. യുവ സപ്നോ കാ സഫര്‍ എന്ന ആന്തോളജിയിലെ ഒരു സെഗ്മെന്റാണ് ഇത്. ചിത്രത്തില്‍ പത്മപ്രിയയാണ് റിമയ്‌ക്കൊപ്പം അഭിനയിച്ചത്. ഇപ്പോള്‍ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പത്മപ്രിയയെ കുറിച്ച് പറയുകയാണ് റിമ കല്ലിങ്കല്‍.

‘ഞാനും പത്മപ്രിയയും നര്‍ത്തകിമാരായിട്ടാണ് കണ്ടുമുട്ടുന്നത്. ബെംഗളൂരൂ ക്രൈസ്റ്റ് കോളേജിലെ പഠന ശേഷം അവിടെയുള്ള ഒരു കണ്ടംപററി ഡാന്‍സ് കമ്പനിയില്‍ നാലുവര്‍ഷം ഞാന്‍ ജോലി ചെയ്തിരുന്നു. അവിടെ വെച്ചാണ് ഞാന്‍ പത്മപ്രിയയെ ആദ്യമായി കാണുന്നത്.

പത്മപ്രിയയാണ് ആദ്യം സിനിമയില്‍ വന്നത്. കാഴ്ച, വടക്കുംനാഥന്‍, അമൃതം തുടങ്ങി കുറേ സിനിമകളില്‍ പത്മപ്രിയയുടെ അഭിനയം കണ്ട് ഞാന്‍ ഞെട്ടിയിട്ടുണ്ട്. ആള് മലയാളിയല്ലെന്ന് എനിക്കറിയാലോ. പക്ഷേ മലയാളികളെ തോല്‍പ്പിക്കുന്നത് പോലെ മലയാളിയായിട്ട് അഭിനയിക്കും.

കണ്ടാല്‍ മലയാളിയല്ലെന്ന് നമ്മള്‍ വിശ്വസിക്കുകയേയില്ല. എനിക്ക് ശരിക്കും ആദരവ് തോന്നിയിട്ടുള്ള ഒരാളാണ് പത്മപ്രിയ. ഞങ്ങ ളൊക്കെ ‘ഭയങ്കര ഓവര്‍ അച്ചീവര്‍’ ആണെന്ന് കളിയാക്കും. എന്ത് ചെയ്യുകയാണെങ്കിലും,അതില്‍ മികച്ചുനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. അതില്‍ കുറഞ്ഞൊരു പരിപാടിയില്ല,’ റിമ കല്ലിങ്കല്‍ പറയുന്നു.

ബാക്ക് സ്റ്റേജ്:

ഇന്ത്യയിലുടനീളമുള്ള വ്യത്യസ്ത നഗരങ്ങളുടെ പശ്ചാത്തലത്തില്‍ എട്ട് ആകര്‍ഷകമായ കഥകള്‍ ഉള്‍പ്പെടുത്തിയ ആന്തോളജിയാണ് യുവ സപ്നോ കാ സഫര്‍. അതില്‍ കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് ബാക്ക് സ്റ്റേജ്.

45 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തത് അഞ്ജലി മേനോന്‍ ആണ്. പത്മപ്രിയയും റിമ കലിങ്കലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.

Content Highlight: Rima Kallingal Talks About Padmapriya