സംവിധായകർ കഥ പറയാൻ വരും; 'അവർ നടിയല്ലല്ലോ, ആക്ട‌ിവിസ്റ്റല്ലേ' എന്നുപറഞ്ഞ് നിർമാതാക്കൾ സമ്മതിക്കില്ല: റിമ കല്ലിങ്കൽ
Entertainment
സംവിധായകർ കഥ പറയാൻ വരും; 'അവർ നടിയല്ലല്ലോ, ആക്ട‌ിവിസ്റ്റല്ലേ' എന്നുപറഞ്ഞ് നിർമാതാക്കൾ സമ്മതിക്കില്ല: റിമ കല്ലിങ്കൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 21st June 2025, 3:32 pm

2009ല്‍ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ സിനിമാമേഖലയിലേക്ക് വന്ന നടിയാണ് റിമ കല്ലിങ്കൽ. അതേ വര്‍ഷം തന്നെ ലാല്‍ ജോസിന്റെ നീലത്താമര എന്ന സിനിമയിലും നടി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.

നിദ്ര, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് റിമയ്ക്ക് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ചിരുന്നു. തൻ്റെ നിലപാടുകളിലൂടെ പേരിൽ സൈബർ ആക്രമണം നേരിടുകയും അതിനോടൊപ്പം തന്നെ സിനിമ അവസരങ്ങൾ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ അവസരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് റിമ കല്ലിങ്കൽ.

തന്നെ പങ്കാളി ആഷിഖ് അബു സംരക്ഷിക്കട്ടേ എന്നാണ് ചിലരുടെ നിലപാടെന്നും ഒരുപാട് സംവിധായകരും തിരക്കഥാകൃത്തുക്കളും തന്നോട് കഥ പറഞ്ഞിട്ടുണ്ടെന്നും റിമ പറയുന്നു. എന്നാൽ തന്നെ വെച്ച് പടമെടുക്കാൻ നിർമാതാക്കളില്ലായിരുന്നെന്നും പല സംവിധായകരുടെ കൂടെ ജോലി ചെയ്യുന്നതാണ് കരിയറിന് നല്ലതെന്നും അവർ പറഞ്ഞു.

വൈറസ് സിനിമ നിർമിച്ചപ്പോൾ എല്ലാവരെയും ചേർത്ത് പിടിച്ചെന്നും ഡബ്ല്യൂ.സി.സി രൂപീകരണത്തിന് കാരണമായ സംഭവം മറക്കില്ലെന്നും നടി കൂട്ടിച്ചേർത്തു. വനിതയോട് സംസാരിക്കുകയായിരുന്നു റിമ കല്ലിങ്കൽ.

‘റിമ കല്ലിങ്കലിനെ ഭർത്താവ് ആഷിഖ് സംരക്ഷിക്കട്ടെ എന്നാണ് ചിലരുടെ നിലപാട്. ഇത്രയും വർഷത്തിനിടയിൽ എത്രയോ സംവിധായകരും തിരക്കഥാകൃത്തുക്കളും കഥ പറഞ്ഞു പോയി. അഭിനയിക്കാൻ സമ്മതം പറയുമെങ്കിലും നിർമാതാക്കളുടെ പച്ചക്കൊടി കിട്ടില്ല. ‘അവർ നടിയല്ലല്ലോ, ആക്ട‌ിവിസ്റ്റല്ലേ’ എന്നാണ് ചോദ്യം. ആർട്ടിസ്റ്റ് എന്ന നിലക്ക് പല സംവിധായകരുടെ കൂടെ ജോലി ചെയ്യുന്നതാണ് കരിയറിന് നല്ലത്. അതിന് കഴിയുന്നില്ല.

വൈറസ് സിനിമയിൽ ഡബ്ല്യൂ.സി.സിയിലെ എല്ലാവരെയും ചേർത്തു പിടിച്ചാണ് ഞാൻ മുന്നോട്ട് പോയത്. ഞങ്ങൾ ഒറ്റപ്പെട്ടു പോയ സമയമായിരുന്നു അത്. ഡബ്ല്യൂ.സി.സി എന്ന സംഘടനയുടെ രൂപീകരണത്തിന് കാരണമായ സംഭവം എൻ്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റം പറഞ്ഞറിയിക്കാൻ കഴിയില്ല. അത്രത്തോളമാണ്,’ റിമ കല്ലിങ്കൽ പറയുന്നു.

Content Highlight: Rima Kallingal Talking about her Film Career