കങ്കണ റണ്‍ ഔട്ടായതില്‍ സന്തോഷമുണ്ട്, പക്ഷെ; ട്വിറ്ററിന്റെ അക്കൗണ്ട് പൂട്ടല്‍ നടപടിയില്‍ എതിര്‍പ്പറിയിച്ച് റിമ കല്ലിങ്കല്‍
Entertainment
കങ്കണ റണ്‍ ഔട്ടായതില്‍ സന്തോഷമുണ്ട്, പക്ഷെ; ട്വിറ്ററിന്റെ അക്കൗണ്ട് പൂട്ടല്‍ നടപടിയില്‍ എതിര്‍പ്പറിയിച്ച് റിമ കല്ലിങ്കല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th May 2021, 9:18 am

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി നടിയും നിര്‍മ്മാതാവുമായ റിമ കല്ലിങ്കല്‍. റണ്‍ ഔട്ട് എന്ന പ്രയോഗത്തിലൂടെ കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ സന്തോഷം പ്രകടിപ്പിച്ച റിമ, ഇത്തരം അധികാര പ്രയോഗങ്ങളെ താന്‍ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കി.

ഒരു ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു റിമയുടെ പ്രതികരണം. പ്രതീക്ഷ കണ്ടെത്താന്‍ നിങ്ങളെ എന്താണ് സഹായിക്കുന്നത് എന്ന റിമ ഇന്‍സ്റ്റഗ്രാമില്‍ ചോദിച്ചിരുന്നു. ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത് എന്നായിരുന്നു ഇതിന് ഒരാള്‍ നല്‍കിയ മറുപടി.

ഈ മറുപടി തന്റെ സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തപ്പോഴാണ് അക്കൗണ്ട് പൂട്ടുന്ന നടപടിയോടുള്ള തന്റെ കാഴ്ചപ്പാടും റിമ പങ്കുവെച്ചത്. ചിരിക്കുന്ന സ്‌മൈലിയോടൊപ്പം റണ്‍ ഔട്ട് എന്ന നടി സ്റ്റോറിയില്‍ എഴുതി. ഇതിനൊപ്പമാണ് മറ്റു വരികളും നടി കുറിച്ചത്.

കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്ന അധികാര കേന്ദ്രങ്ങളോട് എനിക്ക് എതിര്‍പ്പുകളുണ്ട്. നമുക്കാര്‍ക്കെതിരെയും ഇതേ നടപടികളുണ്ടാകാമെന്നും നടി ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തത്. വിവാദപരമായ ട്വീറ്റിനെ തുടര്‍ന്നാണ് ട്വിറ്റര്‍ കങ്കണയുടെ അക്കൗണ്ട് സസ്പെന്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ബംഗാളിലെ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ആക്രമണത്തെക്കുറിച്ചുള്ള ട്വീറ്റാണ് നടപടിക്ക് കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്റ് ചെയ്തതില്‍ പ്രതികരിച്ച് ബോളിവുഡ് നടിമാര്‍ രംഗത്തെത്തിയിരുന്നു. റിച്ച ഛദ്ദ, കൂബ്ര സെയ്ത് തുടങ്ങിയവരാണ് തങ്ങളുടെ പ്രതികരണങ്ങള്‍ ട്വീറ്റ് ചെയ്ത് രംഗത്തെത്തിയത്.

വളരെ ആശ്വാസം തോന്നുന്നുവെന്നാണ് നടി കൂബ്ര സെയ്ത് ട്വീറ്റ് ചെയ്തത്. ‘ആര്‍ക്കറിയാം? ഇപ്പോള്‍ ഇതു കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. ഇതുപോലെ തന്നെ മുന്നോട്ടുപോകു ട്വിറ്റര്‍. അക്കൗണ്ട് പൂട്ടിയത് ടെക്നിക്കല്‍ മിസ്റ്റേക്കായിരുന്നുവെന്ന് ദയവ് ചെയ്ത് പിന്നീട് വന്ന് പറയരുത്’, കൂബ്ര സെയ്ത് ട്വിറ്ററിലെഴുതി. ‘ബൈ…മറ്റെവിടെയെങ്കിലും പോയി നിങ്ങളായിരിക്കുക,’ എന്നായിരുന്നു റിച്ച ഛദ്ദ ട്വീറ്റ് ചെയ്തത്.

അതേസമയം കങ്കണയ്ക്കെതിരെ ട്വിറ്റര്‍ സ്വീകരിച്ച നടപടി ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരവധി ആളുകളാണ് കങ്കണയെ പരിഹസിച്ച് രംഗത്തെത്തിയത്. മീമുകള്‍ ഉപയോഗിച്ചുകൊണ്ടാണ് ഭൂരിഭാഗവും കങ്കണയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

കങ്കണയുടെ അക്കൗണ്ട് പൂട്ടിയതില്‍ നൃത്തം കളിക്കുന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത് മുതല്‍ ഉള്ള ട്രോളും മീമുമാണ് ട്വിറ്ററില്‍ നിറയുന്നത്. കങ്കണയുടെ അക്കൗണ്ട് എന്നന്നേക്കും പൂട്ടണേ എന്നാണ് ചിലര്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Rima Kallingal About Twitter suspending Kangana’s account