ലാലേട്ടന്‍ ചെയ്ത വേഷങ്ങള്‍ ആ നടിക്കും കിട്ടണമെന്ന് ആഗ്രഹിച്ചു; സ്ത്രീകളുടെ കഥ വരണമെങ്കില്‍ അവര്‍ റേപ്പ് ചെയ്യപ്പെടണമെന്നാണ് അവസ്ഥ: റിമ കല്ലിങ്കല്‍
Malayalam Cinema
ലാലേട്ടന്‍ ചെയ്ത വേഷങ്ങള്‍ ആ നടിക്കും കിട്ടണമെന്ന് ആഗ്രഹിച്ചു; സ്ത്രീകളുടെ കഥ വരണമെങ്കില്‍ അവര്‍ റേപ്പ് ചെയ്യപ്പെടണമെന്നാണ് അവസ്ഥ: റിമ കല്ലിങ്കല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 9th October 2025, 3:34 pm

മലയാളസിനിമയില്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയാണ് റിമ കല്ലിങ്കല്‍. ഈയടുത്ത് മോഹന്‍ലാലിന് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചപ്പോള്‍ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളുടെ റീല്‍ കണ്ടെന്നും മനുഷ്യായുസ്സില്‍ ചെയ്യാവുന്ന എല്ലാതരം കഥാപാത്രങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ടെന്നും റിമ പറയുന്നു. അത്തരം കഥാപാത്രങ്ങള്‍ ചെയ്യാനുള്ള അവസരം ഉര്‍വശിക്കും കിട്ടിയിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിക്കുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

പുരുഷ ഹീറോകള്‍ ചെയ്തുവെച്ച സക്‌സസ് ഫോര്‍മുല അതുപോലെ ചെയ്തുവെക്കുന്നതല്ലാതെ പുതിയതായി മാറ്റത്തിന് ശ്രമിക്കാറില്ലെന്നും പ്രേക്ഷകര്‍ അത്തരം കഥകള്‍ മാത്രമേ ഹിറ്റാക്കുള്ളൂവെന്നും താരം പറഞ്ഞു. പ്രേക്ഷകര്‍ക്ക് അത്തരം ഫോര്‍മുല വര്‍ക്കാകുന്നതില്‍ അവരെ തെറ്റ് പറയാനാകില്ലെന്നും എന്നാല്‍ തങ്ങള്‍ ആഗ്രഹിക്കുന്ന സ്‌പെയ്‌സ് അതല്ലെന്നും റിമ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു താരം.

‘ഞങ്ങള്‍ വിചാരിക്കുന്ന പ്ലാറ്റ്‌ഫോമിലേക്ക് പുഷ് ചെയ്യപ്പെടുമ്പോള്‍ നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഓര്‍ഗാനിക്കായി സംഭവിക്കും. പക്ഷേ, അവിടേക്ക് നമ്മുടെ ഇന്‍ഡസ്ട്രി എത്തിയിട്ടില്ല. ഇത്രയും കാലം ആണുങ്ങളുടെ വീക്ഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പുറത്ത് സ്ത്രീകളുടെ സൈഡില്‍ നിന്ന് പറഞ്ഞാല്‍ തന്നെ ഒരുപാട് കഥകളുണ്ടാകും.

പക്ഷേ, ആ സിനാരിയോയിലേക്ക് നമ്മള്‍ സാംസ്‌കാരികപരമായും സാമൂഹികപരമായും വളരുന്നതേയുള്ളൂ. സ്ത്രീകള്‍ വീടിന് പുറത്തേക്ക് വന്ന് പല തരത്തിലുള്ള അനുഭവങ്ങള്‍ അഭിമുഖീകരിച്ചാലല്ലേ അത് സിനിമയില്‍ കാണിക്കാനുകുള്ളൂ. അല്ലെങ്കില്‍ എല്ലാം ഇമാജിനേഷനാകും. കില്ലിങ് ഈവ് എന്ന സീരീസില്‍ അതിന്റെ സംവിധായകന്‍ ഒരു സീനില്‍  എല്ലാ പ്രധാന കഥാപാത്രങ്ങളുടെ സ്ഥാനത്തും സ്ത്രീകളെ പ്ലെയ്‌സ് ചെയ്തു.

ആകെ ഒരൊറ്റ പുരുഷ കഥാപാത്രം മാത്രമേ ആ സീനിലുള്ളൂ. അതാണെങ്കില്‍ പണ്ടുമുതല്‍ ചെയ്തുവരുന്ന, ഒട്ടും പ്രാധാന്യമില്ലാത്ത റോളില്‍ സ്ത്രീകളെ പ്ലെയ്‌സ് ചെയ്തതുപോലെയാണ്. ഫോഴ്‌സ്ഫുള്ളി മാറ്റിയതുപോലെയാണ് എനിക്ക് തോന്നിയത്. പണ്ടുമുതല്‍ കണ്ടുശീലിച്ചത് അതിനെതിരായതുകൊണ്ട് എനിക്ക് ആ മാറ്റം ഉള്‍ക്കൊള്ളാനായില്ല,’ റിമ കല്ലിങ്കല്‍ പറയുന്നു.

തന്റെയുള്ളിലുള്ള ആ കണ്ടീഷനിങ്ങും വിഷ്വലും മാറണമെന്നാണ് തന്റെ ആഗ്രഹമെന്ന് താരം പറഞ്ഞു. ഒരു സ്ത്രീയുടെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള സാഹചര്യങ്ങളും കാണിക്കണമെന്നും റിമ പറയുന്നു. സ്ത്രീകളുടെ കഥയെന്ന് പറയുമ്പോള്‍ അവരുടെ കഷ്ടപ്പാട് മാത്രമേ കാണിക്കുന്നുള്ളൂവെന്നും അതില്‍ മാത്രം ഒതുക്കുകയാണെന്നും താരം അഭിപ്രായപ്പെട്ടു.

‘കൊറിയന്‍ സിനിമകളിലെല്ലാം ക്രൂരമായിട്ടുള്ള സ്ത്രീ കഥാപാത്രങ്ങളെ കാണുമ്പോള്‍ അതെല്ലാം ഇവിടെയും വന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. ഈയടുത്ത് ലാലേട്ടന് ഫാല്‍ക്കെ അവാര്‍ഡ് കിട്ടിയപ്പോള്‍ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളുടെ റീല്‍ കാണാനിടയായി. എല്ലാതരം കഥാപാത്രങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്.

അതെല്ലാം ചെയ്യാനുള്ള ചാന്‍സ് കിട്ടിയതുകൊണ്ടാണ് അദ്ദേഹത്തിന് ചെയ്യാനായത്. അത്തരം ചാന്‍സുകള്‍ ഉര്‍വശി ചേച്ചിക്കും കൊടുത്തിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു. എല്ലാതരം കഥാപാത്രങ്ങളും സ്ത്രീകള്‍ക്കും ചെയ്യാനുള്ള ചാന്‍സ് കിട്ടണമെന്ന് ആഗ്രഹിക്കുന്നു. ആണുങ്ങളുടെ പോയിന്റ് ഓഫ് വ്യൂവില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന കഷ്ടപ്പാട് മാത്രമേ എഴുതുന്നുള്ളൂ. അല്ലെങ്കില്‍ സ്ത്രീ റേപ്പ് ചെയ്യപ്പെടണം. എന്നിട്ട് അവള്‍ പ്രതികാരത്തിന് വരുന്ന കഥകളേ ഉണ്ടാകുന്നുള്ളൂ. എന്നാല്‍ സ്ത്രീകളുടെ പ്രശ്‌നം അത് മാത്രമല്ല,’ റിമ പറഞ്ഞു.

Content Highlight: Rima Kallingal about the importance of women characters in Malayalam Cinema