ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് നേരെ വെടിയുതിര്‍ത്ത് ഇറാനി പൊലീസ്; അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
World News
ഹിജാബ് വിരുദ്ധ പ്രതിഷേധത്തിന് നേരെ വെടിയുതിര്‍ത്ത് ഇറാനി പൊലീസ്; അഞ്ച് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th September 2022, 2:26 pm

ടെഹ്‌റാന്‍: ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച് ഇറാനി പൊലീസ് അറസ്റ്റ് ചെയ്ത യുവതി മരിച്ചതിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തി ഇറാന്‍ സര്‍ക്കാര്‍.

പ്രതിഷേധ സമരത്തിന് നേരെ സുരക്ഷാ സേന വെടിയുതിര്‍ത്തെന്നും സംഭവത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടെന്നും കുര്‍ദിഷ് മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ഇറാനിലെ കുര്‍ദിഷ് മേഖലയിലായിരുന്നു സംഭവം.

അമിനിയുടെ ജന്മനാടായ സാക്വെസില്‍ (Saqez) പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹെന്‍ഗാവ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (Hengaw Human Rights Organisation) ട്വീറ്റ് ചെയ്തു.

സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ ദിവാന്‍ദരേഹ് (Divandarreh) പട്ടണത്തില്‍ രണ്ട് പേര്‍ കൂടി കൊല്ലപ്പെട്ടു. അഞ്ചാമത്തെയാള്‍ കുര്‍ദിഷ് മേഖലയിലെ ഡെഹ്‌ഗോലനിലും (Dehgolan) കൊല്ലപ്പെട്ടു.

എന്നാല്‍ മരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ലെന്നും മിഡില്‍ ഈസ്റ്റ് ഐയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഇറാനില്‍ 22കാരിയായ മഹ്‌സ അമിനി മരിച്ചതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുകയാണ്. സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തു.

ഹിജാബ് ധരിക്കാതിരിക്കുന്നത് ഇറാനിലെ നിയമപ്രകാരം ശിക്ഷ ലഭിക്കേണ്ട കുറ്റമാണെന്നിരിക്കെയാണ് സ്ത്രീകള്‍ പ്രതിഷേധിക്കുന്നത്. ഏകാധിപതി മരിക്കട്ടെ (Death to Dictator) എന്ന മുദ്രാവാക്യവും പ്രതിഷേധത്തിനിടെ സമരക്കാര്‍ ഉയര്‍ത്തുന്നുണ്ട്. ഇറാനിലെ ‘സദാചാര പൊലീസി’നെതിരെയും (ഗൈഡന്‍സ് പട്രോള്‍) വലിയ പ്രതിഷേധമാണ് ഉയരുന്നത്.

വസ്ത്രധാരണത്തിന്റെ പേരില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ വെള്ളിയാഴ്ചയായിരുന്നു മഹ്‌സ കൊല്ലപ്പെട്ടത്. വാനില്‍ വെച്ച് മഹ്സയെ പൊലീസ് മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ‘ശരിയായ രീതിയില്‍’ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അമിനിയെ സദാചാര പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് മര്‍ദനമേറ്റ് കോമയിലായതിന് പിന്നാലെയായിരുന്നു മരണം. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്‌സയ്ക്ക് പൊലീസ് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം. സംഭവത്തില്‍ ഇറാനിയന്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ ഹിജാബ് കത്തിച്ചുകൊണ്ടും മുടി മുറിച്ചുകൊണ്ടും ഇറാനിലെ സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധസമരത്തെ പിന്തുണച്ചുകൊണ്ട് ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമ നസ്‌റീന്‍ രംഗത്തെത്തിയിരുന്നു.

പ്രതിഷേധ സൂചകമായി ഇറാനിലെ സ്ത്രീകകള്‍ ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്യുന്നത് മനോഹരമായ ദൃശ്യമാണെന്നും ലോകത്തിലെ എല്ലാ മുസ്‌ലിം സ്ത്രീകളും ഇത് പിന്തുടരണമെന്നും ഹിജാബ് എന്നത് സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിന്റെയും അപമാനിക്കുന്നതിന്റെയും പ്രതീകമാണെന്നുമായിരുന്നു ഇന്ത്യാ ടുഡേയോട് തസ്‌ലീമ നസ്‌റീന്‍ പറഞ്ഞത്.

ഹിജാബ് യഥാര്‍ത്ഥത്തില്‍ ഒരു ചോയിസ് അല്ലെന്നും ഇറാനില്‍ നടക്കുന്ന പ്രതിഷേധത്തില്‍ നിന്നും ലോകമെമ്പാടുമുള്ള സ്ത്രീകള്‍ ധൈര്യം ആര്‍ജിച്ചെടുക്കുമെന്നും പറഞ്ഞ തസ്‌ലീമ നസ്റീന്‍ അടിച്ചമര്‍ത്തലിനെതിരെ പ്രതിഷേധിക്കാന്‍ ഇറാനിയന്‍ സ്ത്രീകള്‍ കാണിച്ച ധൈര്യത്തെയും പ്രശംസിച്ചിരുന്നു.

”ഭൂരിഭാഗം കേസുകളിലും ഹിജാബ് ഒരു ചോയിസ് അല്ല. കുടുംബത്തില്‍ നിന്നും മാതാപിതാക്കളില്‍ നിന്നുമുള്ള സമ്മര്‍ദ്ദവും ഭയവുമാണ് കാരണം. ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ടത് കൊണ്ടാണ് ചില സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത്. ഹിജാബ് ധരിച്ചില്ലെങ്കില്‍ തങ്ങളെ മര്‍ദിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു.

മതമൗലികവാദികള്‍ സ്ത്രീകളെ ബുര്‍ഖയും ഹിജാബും ധരിക്കാന്‍ നിര്‍ബന്ധിക്കുകയാണ്. ഹിജാബ് എന്നത് ഇപ്പോള്‍ ഒരു മതപരമായ വസ്ത്രമല്ല, അതൊരു രാഷ്ട്രീയ ഹിജാബാണ്.

ആയിരക്കണക്കിന് സ്ത്രീകള്‍ ഹിജാബ് ധരിക്കാന്‍ ഇഷ്ടപ്പെടുന്നില്ല, ഇറാനിലെ പ്രതിഷേധം ഈ സ്ത്രീകളെ പ്രോത്സാഹിപ്പിക്കും. ധീരരായ ഇറാനിയന്‍ വനിതകളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു,” എന്നായിരുന്നു തസ്‌ലീമ നസ്റീന്‍ പറഞ്ഞത്.

Content Highlight: rights groups says In Iran five killed in protests over the death of woman arrested for hijab wearing