ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഉപദേശവുമായി ഇതിഹാസ താരവും പരിശീലകനുമായ റിക്കി പോണ്ടിങ്. അടുത്ത കാലത്ത് ബാറ്റിങ്ങില്‍ മോശം പ്രകടനമാണ് സൂര്യകുമാര്‍ നടത്തിയത്. ഇതോടെ പുറത്താകുന്നതിനെക്കുറിച്ചല്ല റണ്‍സ് നേടുന്നതിനെക്കുറിച്ചാണ് സൂര്യ ചിന്തിക്കേണ്ടതെന്ന് റിക്കി പോണ്ടിങ് പറഞ്ഞു. ടി-20 ഫോര്‍മാറ്റില്‍ ലോകത്തിലെ മറ്റാരെക്കാളും മികച്ചവനാണെന്ന് സൂര്യ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.സി.സി റിവ്യൂവില്‍ സംസാരിക്കുകയായിരുന്നു പോണ്ടിങ്.
‘പുറത്താകുന്നതിനെക്കുറിച്ചല്ല റണ്‍സ് നേടുന്നതിനെക്കുറിച്ചാണ് അവന്‍ ചിന്തിക്കേണ്ടത്. സ്വയം വിശ്വസിക്കുക. നിങ്ങള്‍ സ്വയം മുന്നോട്ട് പോകുമെന്ന് തെളിയിച്ചിട്ടുണ്ട്. ടി-20 ഫോര്‍മാറ്റില്‍ ലോകത്തിലെ മറ്റാരെക്കാളും മികച്ചവനാണെന്ന് നിങ്ങള്‍ തെളിയിച്ചിട്ടുണ്ട്, വീണ്ടും അത് തെളിയിക്കൂ,’ പോണ്ടിങ് പറഞ്ഞു.
കഴിഞ്ഞ 22 മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും ക്യാപ്റ്റന്‍ സൂര്യയ്ക്ക് ടി-20യില്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഇതോടെ പലരും താരത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ടി-20യില്‍ വൈസ് ക്യാപ്റ്റനായിരുന്ന ശുഭ്മന്‍ ഗില്ലിനെ മോശം പ്രകടനത്തിന്റെ പേരില്‍ ടീം മാനേജ്‌മെന്റ് പുറത്താക്കിയതും ഏറെ ചര്‍ച്ചയായിരുന്നു. ഇതോടെ വരാനിരിക്കുന്ന ടി-20 ലോകകപ്പ് സൂര്യ കുമാര്‍ യാദവിനും നിര്‍ണായകമായിരിക്കും.
നിലവില്‍ ടി-20യില്‍ 93 ഇന്നിങ്‌സില്‍ നിന്ന് 2788 റണ്‍സാണ് സൂര്യ നേടിയത്. 117 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 35.29 ആവറേജും 163 സ്‌ട്രൈക്ക് റേറ്റുമാണ് സൂര്യയ്ക്ക്. നാല് സെഞ്ച്വറിയാണ് താരത്തിന് ഫോര്‍മാറ്റിലുള്ളത്. അതേസമയം ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി-20 ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഇടം നേടിയിരുന്നു. ശുഭ്മന്‍ ഗില്ലിന് പകരമായാണ് ഗില്‍ ലോകകപ്പ് ടീമില്‍ ഇടം നേടിയത്. ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് സഞ്ജു.