ഭാഗവതിന്റെ വിസ റദ്ദാക്കണം; ആര്‍.എസ്.എസിനെതിരെ ഉപരോധം ചുമത്തണം: യു.എസ് സര്‍ക്കാരിനോട് യു.എസ്.സി.ഐ.ആര്‍.എഫ്
World
ഭാഗവതിന്റെ വിസ റദ്ദാക്കണം; ആര്‍.എസ്.എസിനെതിരെ ഉപരോധം ചുമത്തണം: യു.എസ് സര്‍ക്കാരിനോട് യു.എസ്.സി.ഐ.ആര്‍.എഫ്
റെന്വര്‍ പി
Thursday, 27th August 2026, 8:56 pm

വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കുന്ന പരിപാടി റദ്ദാക്കണമെന്ന് യു.എസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം (യു.എസ്.സി.ഐ.ആര്‍.എഫ്).

ആര്‍.എസ്.എസിനെതിരെ കര്‍ശനമായ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും യു.എസ് സര്‍ക്കാര്‍ ഏജന്‍സിയായ യു.എസ്.സി.ഐ.ആര്‍.എഫ് ആവശ്യപ്പെട്ടു. മോഹന്‍ ഭഗവതിന് നല്‍കിയ വിസ റദ്ദാക്കുകയും അയാളെ അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍നിന്ന് അയോഗ്യനാക്കുകയും വേണമെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

മോഹന്‍ ഭഗവതിന്റെ യു.എസ് സന്ദര്‍ശനത്തില്‍ വളരെയധികം ആശങ്കയുള്ളതായി യു.എസ്.സി.ഐ.ആര്‍.എഫ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. ക്രിസ്ത്യാനികള്‍, ദളിതര്‍, മുസ്‌ലിങ്ങള്‍, സിഖുകാര്‍ എന്നിവരുള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ക്കെതിരെ ആര്‍.എസ്.എസും അവരുടെ ഉപ സംഘടനകളും ആക്രമണങ്ങള്‍ നടത്തുന്നത് വര്‍ധിച്ചുവരുന്നതായും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍, ഇന്ത്യയിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) ആര്‍എസ്എസിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നയങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. മതന്യൂനപക്ഷ സമൂഹങ്ങളോട് അവര്‍ വ്യവസ്ഥാപരമായി തന്നെ വിവേചനം കാണിക്കുന്നതായും യു.എസ്.സി.ഐ.ആര്‍.എഫ് പ്രസ്താവനയില്‍ പറയുന്നു.

വടക്കേ അമേരിക്കയിലെ സിഖ് സമുദായങ്ങളിലെ അംഗങ്ങള്‍ക്കെതിരായ കൊലപാതകവും വധശ്രമങ്ങളും ഉള്‍പ്പെടെ അതിര്‍ത്തികള്‍ക്കപ്പുറത്തുള്ള മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനുള്ള രാജ്യാന്തര അടിച്ചമര്‍ത്തല്‍ ശ്രമങ്ങളിലും സര്‍ക്കാര്‍ പങ്കാളികളായിട്ടുണ്ട്. മതന്യൂനപക്ഷ സമൂഹങ്ങളെ ലക്ഷ്യം വയ്ക്കാന്‍ ഇന്ത്യയില്‍ അക്രമവും പ്രകോപനവും പതിവായി ഉപയോഗിക്കുന്നു. ഇതിനാല്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യ സാഹചര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കുകയാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

ആര്‍.എസ്.എസ് മതസ്വാതന്ത്ര്യ ലംഘനങ്ങളില്‍ പങ്കാളികളായതിനാല്‍ അവര്‍ക്കെതിരെ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കാന്‍ തങ്ങള്‍ യുഎസ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണെന്നും യു.എസ്.സി.ഐ.ആര്‍.എഫ് വ്യക്തമാക്കി.

ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കീഴില്‍, മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും എതിരായ ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയാനും അന്വേഷിക്കാനും ഇന്ത്യന്‍ അധികാരികള്‍ പരാജയപ്പെടുകയാണ്. ഇത്തരം അക്രമങ്ങള്‍ പലപ്പോഴും ഇന്ത്യന്‍ സര്‍ക്കാരിന്റെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങലുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ നിയമം പ്രധാനമായും ക്രിസ്ത്യാനികളെയും മറ്റ് മതന്യൂനപക്ഷങ്ങളെയും ലക്ഷ്യം വച്ചുള്ളതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി), പൗരത്വ ഭേദഗതി നിയമം (സി.എ.എ) എന്നിവ പ്രകാരം അസമിലെ മുസ്‌ലിം പൗരന്മാരെ അധികാരികള്‍ ബലപ്രയോഗത്തിലൂടെ പുറത്താക്കിയിട്ടുണ്ട്. ബി.ജെ.പി സര്‍ക്കാരിന്റെ കീഴില്‍ സിവില്‍ സമൂഹത്തിനുള്ള ഇടം കുറഞ്ഞു. വിദേശ സംഭാവനാ നിയന്ത്രണ നിയമത്തില്‍ (എഫ്സിആര്‍എ) ഭേദഗതികള്‍ വരുത്തുന്നത് സംഘടനകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് ഭീഷണി ഉയര്‍ത്തുന്നുവെന്നും കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ ഈ മാസം 29ന് നടക്കുന്ന ‘യൂനിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍’ എന്ന പരിപാടിയിലാണ് മോഹന്‍ ഭാഗവത് പങ്കെടുക്കുന്നത്.മോഹന്‍ ഭഗവതിന്റെ ഓഗസ്റ്റ് 29-ലെ പരിപാടി റദ്ദാക്കണമെന്ന്വിവിധ മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

മോഹന്‍ ഭാഗവതിന്റെ പരിപാടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 48 സംഘടനകള്‍ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സിറ്റി ഹാളില്‍ പൊതുയോഗം സംഘടിപ്പിച്ചിരുന്നു. ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, സിഖ് കോയലിഷന്‍, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍, ദലിത് സോളിഡാരിറ്റി ഫോറം, സേവ് അമേരിക്ക ഫ്രം ഹിന്ദുത്വ, ജ്യൂസ് ഫോര്‍ റേഷ്യല്‍ ആന്‍ഡ് എക്കണോമിക് ജസ്റ്റിസ്, റബ്ബീസ് ഫോര്‍ സീസ്ഫയര്‍, ന്യൂയോര്‍ക്ക് സിഖ് കൗണ്‍സില്‍, മൂവ്‌മെന്റ് ഫോര്‍ ബ്ലാക്ക് ലൈവ്സ്, കെയര്‍-എന്‍വൈ എന്നിവയുള്‍പ്പെടെ നാല്‍പ്പത്തിയെട്ട് സംഘടനകളുടെ ഒരു കൂട്ടായ്മയാണ് യോഗം സംഘടിപ്പിച്ചത്.

Content Highlight: Revoke RSS chief Mohan Bhagwat’s visa: US panel to Trump

 

 

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.