അഹമ്മദാബാദിലെ വിമാനാപകടം; രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം
Kerala News
അഹമ്മദാബാദിലെ വിമാനാപകടം; രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th June 2025, 2:00 pm

തിരുവനന്തപുരം: അഹമ്മദാബാദിലുണ്ടായ വിമാനപകടത്തില്‍ മരണപ്പെട്ട രഞ്ജിതയെ അധിക്ഷേപിച്ച വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് എ. പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി റവന്യൂമന്ത്രി കെ. രാജന്‍. നടപടികള്‍ ആരംഭിക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചു.

രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ കമന്റിട്ട വിവരം അറിഞ്ഞയുടന്‍ തന്നെ പവിത്രനെ സസ്പെന്റ് ചെയ്തിരുന്നുവെന്നും അന്വേഷണ വിധേയമായാണ് സസ്പെന്റ് ചെയ്തതെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. ഇപ്പോള്‍ സര്‍വീസ് റൂള്‍ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സർവീസ് റൂള്‍ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കുവാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് മന്ത്രി നിർദേശം നല്‍കിയത്.

സര്‍ക്കാര്‍ ജോലിയുണ്ടായിട്ടും രഞ്ജിത വിദേശത്തേക്ക് പോയെന്നും നായര്‍ സ്ത്രീകളുടെ പാരമ്പര്യം അറിയില്ലേയെന്നും കിട്ടേണ്ടത് കിട്ടിയെന്നുമായിരുന്നു രഞ്ജിതയുടെ മരണത്തില്‍ എ. പവിത്രന്‍ ഫേസ്ബുക്കില്‍ കമന്റിട്ടത്. ദ്വയാര്‍ത്ഥ പ്രയോഗത്തോട് കൂടിയായിരുന്നു തഹസില്‍ദാരുടെ പോസ്റ്റ്.

രഞ്ജിതയുടെ മരണത്തില്‍ അനുശോചിച്ച് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് താഴെ ഇയാള്‍ കമന്റിടുകയായിരുന്നു. സംഭവത്തില്‍ വിമര്‍ശനമുയര്‍ന്നതോടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ വീണ്ടും അധിക്ഷേപ കമന്റ് ഷെയര്‍ ചെയ്യുകയുമായിരുന്നു.

ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ റവന്യൂ വകുപ്പ് കലക്ടറോട് വിശദീകരണം തേടി. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തുകയും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് എ. പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാന്‍ കലക്ടര്‍ ശുപാര്‍ശ ചെയ്യുകയുമുണ്ടായി.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. തുടര്‍ച്ചയായി ചട്ടലംഘനം നടത്തുക, ഗുരുതരമായ വീഴ്ച്ചകള്‍ വരുത്തുക, സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനും സര്‍ക്കാര്‍ സര്‍വീസിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്കും മോശം പ്രതിച്ഛായ സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പവിത്രന് നേരെ കളക്ടര്‍ ചൂണ്ടിക്കാട്ടിയത്. 2020ലും 2024ലും ഇയാള്‍ സമാനമായ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

Content Highlight: Revenue Minister orders strict action against Deputy Tehsildar who abused Ranjitha, who died in Ahmedabad plane crash