ഉടമകള്‍ക്ക് സമ്മതമാണെങ്കില്‍ കല്ലിടും; സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി
Kerala News
ഉടമകള്‍ക്ക് സമ്മതമാണെങ്കില്‍ കല്ലിടും; സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th May 2022, 6:29 pm

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിയിട്ടില്ലെന്ന് റവന്യു മന്ത്രി കെ. രാജന്‍. തര്‍ക്കമില്ലാത്ത സ്ഥലങ്ങളില്‍ കല്ലിടല്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

ജിയോ ടാഗിംഗ് അടക്കം പുതിയ സാങ്കേതിക വിദ്യകള്‍ക്ക് അനുമതി നല്‍കിയത് സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാനെന്നും വിശദീകരണം നല്‍കിയിട്ടുണ്ട്.

‘ഉടമകള്‍ക്ക് സമ്മതമാണെങ്കില്‍ കല്ലിടും. അല്ലെങ്കില്‍ കെട്ടിടങ്ങള്‍ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ച് അടയാളപ്പെടുത്തും,’ മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ സര്‍ക്കുലര്‍ സര്‍വേ വേഗത്തിലാക്കാനെന്ന്  കെ.രാജന്‍ പറഞ്ഞു. കെ റെയിലിന്റെ ആവശ്യപ്രകാരമാണ് മൂന്ന് തരത്തിലുളള നടപടിക്ക് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. റവന്യു വകുപ്പിന്റേത് ഉത്തരവല്ല, സര്‍ക്കുലര്‍ മാത്രം.

സമ്മതമുളള സ്ഥലത്ത് മാത്രമാണ് കല്ലിടുക. അടയാളമിടല്‍, ജിയോടാഗ് ചെയ്യുക എന്നീ രീതികളും സര്‍വേയ്ക്കായി ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, റവന്യൂ വകുപ്പാണ് കെ റെയിലിന്റെ സാമൂഹിക ആഘാത പഠനത്തിന് ജി.പി.സ് സംവിധാനം കൊണ്ടുവരാന്‍ ഉത്തരവിറക്കിയത്. കേരളാ റെയില്‍വേ ഡെവലപ്മെന്റ് കോര്‍പറേഷന്റെ അപേക്ഷ പ്രകാരമാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.

കെ റെയില്‍ കല്ലിടലിനെതിരെ വലിയ രീതിയില്‍ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം. ഇനി മുതല്‍ കല്ലിടല്‍ വേണ്ട എന്നും പകരം ജി.പി.എസ് സര്‍വേ മതിയെന്നുമാണ് റവന്യൂ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.