കെ റെയിലിന് ജി.പി.എസ്: സി.പി.ഐ.എമ്മിന്റെ ധാര്‍ഷ്ട്യത്തിന്റെ പേരില്‍ ദുരിതം അനുഭവിച്ച പാവങ്ങളോട് പിണറായി മാപ്പ് പറയണം: ഷാഫി പറമ്പില്‍
Kerala News
കെ റെയിലിന് ജി.പി.എസ്: സി.പി.ഐ.എമ്മിന്റെ ധാര്‍ഷ്ട്യത്തിന്റെ പേരില്‍ ദുരിതം അനുഭവിച്ച പാവങ്ങളോട് പിണറായി മാപ്പ് പറയണം: ഷാഫി പറമ്പില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th May 2022, 3:09 pm

തിരുവനന്തപുരം: കെ റെയിലിന്റെ സാമൂഹിക ആഘാത പഠനത്തിന് ഇനിമുതല്‍ ജി.പി.എസ് സംവിധാനം ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ. പ്രതിപക്ഷം ഈ കല്ലിടല്‍ നാടകം നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ പരിഹസിച്ച ആളുകള്‍ക്ക് ഇപ്പോള്‍ എന്ത് മറുപടി പറയാനുണ്ടെന്ന് ഷാഫി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ റെയില്‍ കുറ്റിയിടലിനെതിരെയുള്ള സമരത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇതിനൊക്കെ ആര് സമാധാനം പറയും? മുഖ്യമന്ത്രിയുടെയും സി.പി.ഐ.എമ്മിന്റെയും ധാര്‍ഷ്ട്യത്തിന്റെ പേരില്‍ ദുരിതം അനുഭവിച്ച പാവങ്ങളോട് പിണറായി മാപ്പ് പറയണം.
കിടപ്പാടം സംരക്ഷിക്കുവാന്‍ പോരാടിയവരുടെ പേരിലും അവര്‍ക്ക് പിന്തുണയായി സമരരംഗത്ത് എത്തിയവരുടെ പേരിലും എടുത്ത കേസുകളും പിന്‍വലിച്ച് പോലീസ് അതിക്രമങ്ങള്‍ക്കിരയാവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.

പ്രതിപക്ഷം ഈ കല്ലിടല്‍ നാടകം നിയമവിരുദ്ധമാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞപ്പോള്‍ പരിഹസിച്ച ആളുകള്‍ക്ക് ഇപ്പോള്‍ എന്ത് മറുപടി പറയാനുണ്ട് ?
എം.വി. ജയരാജന് റവന്യൂ മന്ത്രി രാജന്റെ പല്ല് പറിക്കുവാന്‍ തോന്നുണ്ടോ?
പ്രതിപക്ഷമാണ് ജനപക്ഷം,’ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ എഴുതി.

റവന്യൂ വകുപ്പാണ് കെ റെയിലിന്റെ സാമൂഹിക ആഘാത പഠനത്തിന് ജി.പി.സ് സംവിധാനം കൊണ്ടുവരാന്‍ ഉത്തരവിറക്കിയത്. കേരളാ റെയില്‍വേ ഡെവലപ്മെന്റ് കോര്‍പറേഷന്റെ അപേക്ഷ പ്രകാരമാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.

കെ റെയില്‍ കല്ലിടലിനെതിരെ വലിയ രീതിയില്‍ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം. ഇനി മുതല്‍ കല്ലിടല്‍ വേണ്ട എന്നും പകരം ജി.പി.എസ് സര്‍വേ മതിയെന്നുമാണ് റവന്യൂ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.

നിലവില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കെ റെയില്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.

ഡി.പി.ആര്‍ അതുപോലെ നടപ്പാക്കേണ്ടതില്ലെന്നും മാറ്റങ്ങള്‍ വരുത്താമെന്നും ടെക്നോളജി ഉപയോഗിച്ച് മറ്റ് വഴികളിലൂടെ കെ റെയില്‍ ജോലികള്‍ മുന്നോട്ട് കൊണ്ടുപോകാമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍, സി.പി.ഐ.എം നേതാവ് എം.വി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു.

CONTENT HIGHLIGHTS: Shafi Parampil says GPS for K Rail, Pinarayi should apologize to the poor who suffered due to the arrogance of the CPIM