കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; ഇനി മുതല്‍ ജി.പി.എസ് സര്‍വേ
Kerala News
കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; ഇനി മുതല്‍ ജി.പി.എസ് സര്‍വേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th May 2022, 12:49 pm

തിരുവനന്തപുരം: കെ റെയില്‍ കല്ലിടല്‍ നിര്‍ത്തിവെച്ചു. റവന്യൂ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സാമൂഹിക ആഘാത പഠനത്തിന് ജി.പി.സ് സംവിധാനം കൊണ്ടുവരാനും തീരുമാനമായി.

കേരളാ റെയില്‍വേ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ അപേക്ഷ പ്രകാരമാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്.

കെ റെയില്‍ കല്ലിടലിനെതിരെ വലിയ രീതിയില്‍ ജനകീയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം. ഇനി മുതല്‍ കല്ലിടല്‍ വേണ്ട എന്നും പകരം ജി.പി.എസ് സര്‍വേ മതിയെന്നുമാണ് റവന്യൂ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്.

നിലവില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ കെ റെയില്‍ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.

ഡി.പി.ആര്‍ അതുപോലെ നടപ്പാക്കേണ്ടതില്ലെന്നും മാറ്റങ്ങള്‍ വരുത്താമെന്നും ടെക്‌നോളജി ഉപയോഗിച്ച് മറ്റ് വഴികളിലൂടെ കെ റെയില്‍ ജോലികള്‍ മുന്നോട്ട് കൊണ്ടുപോകാമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍, സിപി.ഐ.എം നേതാവ് എം.വി. ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു.

സാമൂഹിക ആഘാത പഠനം നടത്താന്‍ വേണ്ടി കല്ലിടേണ്ടതില്ല, പകരം ജി.പി.എസ് സംവിധാനം ഉപയോഗിച്ച് സര്‍വേ നടത്തുക, ഒപ്പം വീട് നഷ്ടപ്പെടുന്ന ആളുകളോട് സംസാരിക്കണമെന്നും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും നേരിട്ട് വീട്ടുകാരുമായി സമവായമുണ്ടാക്കിയ ശേഷം വീട്ടുകാരുടെ സമ്മതത്തോട് കൂടി സര്‍വേ തുടരണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

Content Highlight: Revenue department declaration says K rail stone laying stops and GPS survey here onwards