ഭഗത് സിംഗിനെ ഒഴിവാക്കി, ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ ഉള്‍പ്പെടുത്തി കര്‍ണാടക പാഠപുസ്തകം; പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥി സംഘടനകള്‍ 
national news
ഭഗത് സിംഗിനെ ഒഴിവാക്കി, ആര്‍.എസ്.എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാറിനെ ഉള്‍പ്പെടുത്തി കര്‍ണാടക പാഠപുസ്തകം; പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥി സംഘടനകള്‍ 
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th May 2022, 8:55 am

ബെംഗളൂരു: കര്‍ണാടക പാഠപുസ്തകത്തില്‍ ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. പ്രസംഗം പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനമാണ് വിവാദത്തിലായിരിക്കുന്നത്.

2022- 2023 അധ്യയന വര്‍ഷത്തേക്കുള്ള സംസ്ഥാന സിലബസിലെ പത്താം ക്ലാസിലെ കന്നഡ ഭാഷാ പാഠ പുസ്തകത്തിലാണ് പ്രസംഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭഗത് സിംഗിന്റെയും ഇടത് ചിന്തകരും എഴുത്തുകാരുമായ മറ്റ് ആളുകളെയും പറ്റിയുള്ള പാഠഭാഗങ്ങള്‍ ഒവിവാക്കിക്കൊണ്ടാണ് ആര്‍.എസ്.എസ് സ്ഥാപകന്റെ പ്രസംഗം പുസ്തകത്തില്‍ ചേര്‍ത്തത്.

സിലബസില്‍ മാറ്റം വരുത്തിയ പുസ്തകത്തിന്റെ പ്രിന്റിങ്ങ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.

അതേസമയം, ആര്‍.എസ്.എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയ പുതിയ പാഠപുസ്തകത്തിനെതിരെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ (എ.ഐ.ഡി.എസ്.ഒ), ഓള്‍ ഇന്ത്യ സേവ് എജുക്കേഷന്‍ കമ്മിറ്റി (എ.ഐ.എസ്.ഇ.സി) എന്നിവരാണ് വിഷയത്തില്‍ ശക്തമായി പ്രതികരിച്ച് രംഗത്തെത്തിയത്. ഹിന്ദുത്വ പ്രത്യയശാസ്ത്രം പാഠപുസ്‌കത്തില്‍ ഉള്‍പ്പെടുത്തി വിദ്യാഭ്യാസത്തെ കാവവല്‍ക്കരിക്കുകയാണ് എന്നാണ് വിമര്‍ശനം.

എഴുത്തുകാരന്‍ രോഹിത് ചക്രതീര്‍ഥയുടെ നേതൃത്വത്തിലുള്ള ടെക്‌സ്റ്റ്ബുക്ക് റിവിഷന്‍ കമ്മിറ്റിയാണ് ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്.

ആരായിരിക്കണം യഥാര്‍ത്ഥ ആദര്‍ശ പുരുഷന്‍, എന്നര്‍ത്ഥം വരുന്ന ‘നിജവാഡ ആദര്‍ശ പുരുഷ യാരബേക്കു’ തലക്കെട്ടിലാണ് പ്രസംഗം പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകന്‍ പി. ലങ്കേഷിന്റെ മുരുഗ മട്ടു സുന്ദരി, ഇടതുചിന്തകന്‍ ജി. രാമകൃഷ്ണയുടെ ഭഗത് സിംഗ് എന്നീ പാഠഭാഗങ്ങള്‍ ഒവിവാക്കിക്കൊണ്ടാണ് പുസ്തകത്തില്‍ ഹെഡ്‌ഗേവാറിനെ ഉള്‍പ്പെടുത്തിയത്. ഇതിന് പുറമെ ശിവാനന്ദ കലവെയുടെ സ്വദേശി സുത്രദ സരല ഹബ്ബ, എം. ഗോവിന്ദ പൈയുടെ നാനു പ്രാസ ബിട്ട കഥെ എന്നിവയും പുതുതായി സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: Inclusion of RSS founder Hedgewar’s speech as a lesson in Karnataka textbook draws criticism from student organisations