ദേവാസുരത്തിലെ ആ നിമിഷം ഒരിക്കലും മറക്കില്ല: രേവതി
Malayalam Cinema
ദേവാസുരത്തിലെ ആ നിമിഷം ഒരിക്കലും മറക്കില്ല: രേവതി
ഐറിന്‍ മരിയ ആന്റണി
Tuesday, 17th February 2026, 8:33 pm

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രേവതി. 1988ല്‍ പുറത്തിറങ്ങിയ കാക്കൊത്തികാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ തുടങ്ങിയ രേവതി പിന്നീട് മലയാളത്തിന് പുറമെ അന്യഭാഷകളിലും നിരവധി സിനിമകളുടെ ഭാഗമായി.

രേവതിയും മോഹന്‍ലാലും പ്രധാനവേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ദേവാസുരം. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ.വി. ശശി സംവിധാനം ചെയ്ത ചിത്രം 1993ലാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍ നര്‍ത്തകിയായ ഭാനുമതി എന്ന കഥാപാത്രമായാണ് രേവതി എത്തിയത്.

സിനിമയില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് മേടപ്പൊന്നണിയും എന്ന് തുടങ്ങുന്ന ഗാനം.
ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് രേവതി.

‘ ആ പാട്ടില്‍ എനിക്ക് ആനയുടെ അടുത്ത് നിന്ന് ഒരു ഡാന്‍സ് ചെയ്യാനുണ്ടായിരുന്നു, എനിക്ക് ഭയങ്കര പേടിയായിരുന്നു ആനയുടെ മുന്നില്‍ നിന്ന് ഡാന്‍സ് ചെയ്യാന്‍. ആന ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ അനങ്ങിയാല്‍ എനിക്ക് പേടിയാകും.

ഷൂട്ട് ചെയ്യുകയാണ്, എന്തെങ്കിലും സംഭവിച്ചാല്‍ നമ്മളെ രക്ഷിക്കാന്‍ ആളുകളുണ്ടാകും എന്നൊക്കെ അറിയാം എന്നാല്‍ പോലും എനിക്ക് പേടിയുണ്ടായിരുന്നു. എനിക്ക് മൃഗങ്ങളെ വലിയ ഇഷ്ടമാണ്. ആനകളെയും വലിയ ഇഷ്ടമാണ്. ദേവാസുരം എന്ന് പറയുമ്പോള്‍ എനിക്ക് ആ ഓര്‍മയാണ് വരുന്നത്,’ രേവതി പറയുന്നു.

സിനിമാ മേഖല തന്നെയാണ് താന്‍ തെരഞ്ഞെടുത്തതില്‍ മികച്ച പ്രൊഫഷനെന്നും സിനിമ വിധി പോലെ തന്നെ തേടി വന്നതാണെന്നും രേവതി പറയുന്നു. എന്നാല്‍ തന്റെ കഴിവ് കൊണ്ട് തന്നെയാണ് താന്‍ ഈ നിലയില്‍ എത്തിയതെന്നും നടി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനപുരസ്‌കാരം കിട്ടിയപ്പോഴും താന്‍ ഈ കാര്യം പറഞ്ഞിട്ടുണ്ടെന്നും ഇതുവരെ ഇവിടെ ചെയ്ത കാര്യങ്ങള്‍ക്ക് താന്‍ തനിക്ക് അഭിനന്ദനങ്ങങ്ങള്‍ അറിയിക്കുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു. ചിലപ്പോള്‍ നമ്മള്‍ നമ്മളോട് തന്നെ ചില കാര്യങ്ങള്‍ പറയണമെന്നും നീ അത് ഭംഗിയായി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ് അപ്രിഷിയേറ്റ് ചെയ്യണമെന്നും രേവതി പറഞ്ഞു.

അസ്സിയാണ് രേവതിയുടേതായി വരാനിരിക്കുന്ന ചിത്രം ദപ്പട് സിനിമയ്ക്കു ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തപ്സി പാനുവാണ് നായിക. സിനിമയില്‍ രേവതിയും കനി കുസൃതിയും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.

Content Highlight: Revathy talks about Devasuram movie

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.