നദികളിള്‍ സുന്ദരി യമുന എന്ന സിനിമയ്ക്ക് ശേഷം വിജേഷ് പാണത്തൂരിന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ പ്രകമ്പനം മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ്. സാഗര്‍ സൂര്യ, ഗണപതി, അമീന്‍ എന്നിങ്ങനെ യുവതാരങ്ങള്‍ അണിനിരന്ന ചിത്രം ഹൊറര്‍ കോമഡി ഴോണറിലാണ് ഒരുങ്ങിയത്.

ശ്രീഹരി വടക്കന്‍ തിരക്കഥയെഴുതിയ സിനിമയില്‍ മല്ലിക സുകുമാരന്‍, അസീസ് നെടുമങ്ങാട്, രാജേഷ് മാധവന്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോള്‍ സിനിമയോടുള്ള തന്റെ അഭിനിവേഷത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ വിജേഷ് പാണത്തൂര്‍.

‘കാസര്‍ഗോഡ് പാണത്തൂരാണ് എന്റെ സ്വദേശം. ഒരു സിനിമാ തിയേറ്റര്‍പോലും ഇല്ലാത്ത സ്ഥലമാണ്. 40 കി ലോമീറ്റര്‍ അപ്പുറം കാഞ്ഞങ്ങാടാണ് അടുത്ത തിയേറ്റര്‍. ബസ് ഡ്രൈവര്‍ ആയിരുന്ന അച്ഛന്‍ വലിയ സിനിമാപ്രേമിയായിരുന്നു. എല്ലാ ആഴ്ചയും ഞങ്ങളെ സിനിമയ്ക്ക് കൊണ്ടുപോകും. അങ്ങനെ സിനിമകണ്ടാണ് സിനിമയോട് പ്രണയം തുടങ്ങിയത്.

പഠന ശേഷം ജീവിതപ്രാരാബ്ധം കാരണം പ്രവാസിയുടേതടക്കം പല വേഷങ്ങള്‍ അണിഞ്ഞു. അഭിനേതാവാകണം എന്ന ആവേശത്തില്‍ സിനിമയുടെ പിന്നില്‍ ഓടിത്തുടങ്ങി. കുറെ ഷോര്‍ട്ട് ഫിലിംസൊക്കെ ചെയ്തു. രാജേഷ് മാധവന്റെ പിന്തുണയോടെയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്,’ വിജേഷ് പാണത്തൂര്‍ പറയുന്നു.

ദിലീഷ് പോത്തന്റെ സംവിധാന സ്റ്റൈല്‍ കണ്ടപ്പോഴാണ് അഭിനയത്തെക്കാള്‍ തനിക്ക് ചേരുക സംവിധാനമാകും എന്ന് തോന്നിയതെന്നും ആ സിനിമയുടെ ഷൂട്ടിങ് മൊത്തം കണ്ട് പഠിച്ചിരുന്നുവെന്നും വിജേഷ് പറയുന്നു. ദിലീഷ് പോത്തനുമായി സൗഹൃദത്തിലായിയെന്നും ആദ്യസിനിമയായ നദികളില്‍ സുന്ദരി യമുന ചെയ്യുമ്പോള്‍ അദ്ദേഹം കുറെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രശസ്ത തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ നിര്‍മാണ കമ്പനിയായ സ്റ്റോണ്‍ ബെഞ്ച് സ്റ്റുഡിയോസ് പ്രകമ്പനം ഏറ്റെടുത്തത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നത്. ജനുവരി 30നാണ് സിനിമ തിയേറ്ററുകളിലെത്തിയത്.

Content Highlight:  Vijesh Panathur says Dileesh Pothan is the reason he came to direct