മടങ്ങിയെത്തിയ പ്രവാസികളെയും 'നോര്‍ക്ക കെയര്‍' ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: പ്രവാസി ലീഗല്‍ സെല്‍
Kerala
മടങ്ങിയെത്തിയ പ്രവാസികളെയും 'നോര്‍ക്ക കെയര്‍' ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം: പ്രവാസി ലീഗല്‍ സെല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 14th October 2025, 3:43 pm

തിരുവനന്തപുരം: മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന്റെ ഭാഗമായി സമഗ്രമായൊരു ആരോഗ്യ-അപകട ഇന്‍ഷുറന്‍സ് പദ്ധതി കുറഞ്ഞ ചെലവില്‍ സര്‍ക്കാര്‍ തലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുക എന്നത് പ്രവാസികളുടെ ദീര്‍ഘകാലമായുള്ള ഒരു ആവശ്യമാണെന്ന് പ്രവാസി ലീഗല്‍ സെല്‍.

ഇതിനുവേണ്ടി നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിനും നോര്‍ക്ക റൂട്‌സിനും കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ‘നോര്‍ക്ക കെയര്‍’ എന്ന പേരില്‍ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ സഹകരണത്തോടെ നവംബര്‍ ഒന്ന് മുതല്‍ നോര്‍ക്ക റൂട്‌സ് നടപ്പിലാക്കുന്ന ചെലവുകുറഞ്ഞ ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വിദേശ മലയാളികളും മറുനാടന്‍ മലയാളികളും അവരുടെ കുടുംബാംഗങ്ങളും മാത്രമാണുള്ളതെന്നും പ്രവാസി ലീഗല്‍ സെല്‍ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ പറഞ്ഞു.

മടങ്ങിവന്ന പ്രവാസികളെയും അവരുടെ കുടുംബാംഗങ്ങളെയും സമ്പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. ഇത് വിവേചനപരവും കടുത്ത അനീതിയും ഭരണഘടനാപരമായ അവകാശങ്ങള്‍ക്കും എതിരാണ്. പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം വന്നതുമുതല്‍ മടങ്ങിവന്ന പ്രവാസികളെയും ഇതില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിനും നോര്‍ക്ക റൂട്‌സിനും പ്രവാസി ലീഗല്‍ സെല്‍ കൊടുത്തിരുന്നു.

എന്‍.ആര്‍.ഐ കേരളൈറ്റ്സ് കമ്മീഷനും പരാതി കൊടുത്തിരുന്നു. എന്നാല്‍ അനുകൂലമായ പ്രതികരണം ഒരിടത്തുനിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയില്‍ തങ്ങളും മറ്റ് രണ്ട് അംഗങ്ങളും ചേര്‍ന്ന് ഒരു റിട്ട് പെറ്റിഷന്‍ ഫയല്‍ ചെയ്യുന്നതെന്നും (WP(C) NO. 35850 OF 2025) ആർ. മുരളീധരൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തുടര്‍ന്ന് സെപ്റ്റംബര്‍ 26ന് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ (attached) പദ്ധതിയുടെ ആവിഷ്‌കര്‍ത്താക്കളായ നോര്‍ക്ക റൂട്‌സ് പ്രവാസി ലീഗല്‍ സെല്ലിന്റെ നിവേദനം പരിഗണിച്ച് സര്‍ക്കാരുമായി കൂടിയാലോചിച്ച് എത്രയും പെട്ടന്ന് ഒരു ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

നോര്‍ക്ക റൂട്‌സ്, മഹിന്ദ്ര ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ്, ന്യൂ ഇന്‍ഡ്യ അഷുറന്‍സ് കമ്പനി എന്നീ മൂന്ന് സ്ഥാപനങ്ങള്‍ ചേര്‍ന്നുള്ള ത്രികക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ വ്യവസ്ഥകളും നിബന്ധനകളും നിര്‍ണയിച്ചിരിക്കുന്നത്. നോര്‍ക്ക ഐഡി അല്ലങ്കില്‍ സ്റ്റുഡന്റസ് ഐഡി എന്നിവ ഉള്ളവര്‍ക്ക് മാത്രമാണ് പദ്ധതിയില്‍ അംഗത്വം എടുക്കാന്‍ കഴിയുക. മറുനാടന്‍ മലയാളികള്‍ക്കും വിദേശ മലയാളികള്‍ക്കും മാത്രമാണ് ഇതിന് കഴിയുന്നത്. കേരളത്തിലേക്ക് മടങ്ങിവന്ന് സ്ഥിരതാമസമാക്കിയ മലയാളികള്‍ക്ക് ഇതിന് സാധിക്കുകയുമില്ല.

അതുകൊണ്ട് പദ്ധതിയുടെ ഭാഗമാകാന്‍ അവര്‍ക്ക് കഴിയില്ല. അതുകൊണ്ട് കേരളത്തില്‍ തിരിച്ചെത്തി സ്ഥിരതാമസമാക്കിയ പ്രവാസികള്‍ക്കും നിലവില്‍ വിദേശത്ത് ഉള്ള പ്രവാസികള്‍ക്ക് ലഭിക്കുന്നതുപോലെ അതേ നിബന്ധനകള്‍, പ്രീമിയം, ആനുകൂല്യങ്ങള്‍ എന്നിവയില്‍ ചേരാന്‍ അനുമതി നല്‍കണമെന്നും നിര്‍വ്വഹണ ഏജന്‍സിയായ നോര്‍ക്ക റൂട്‌സിനോടും കേരള സര്‍ക്കാരിനോടും പ്രവാസി ലീഗല്‍ സെല്‍ ആവശ്യപ്പെട്ടു.

വിദേശങ്ങളില്‍ ജോലി നോക്കുന്ന/വസിക്കുന്ന പ്രവാസികള്‍ക്ക് റെസിഡന്റ് ഐഡി പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത മെഡിക്കല്‍ ഇന്‍ഷുറന്‍സ് ആവശ്യമാണ്. എന്നാല്‍ വിദേശത്തുനിന്ന് മടങ്ങിയെത്തി നാട്ടില്‍ സ്ഥിരതാമസമാക്കിയ മുന്‍ പ്രവാസികളാണ് കേരളത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ ബുദ്ധിമുട്ടുന്നത്. പ്രത്യേകിച്ച് 60-70+ പ്രായത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ള മുതിര്‍ന്നവര്‍.

പല വിദേശ പ്രവാസികള്‍ക്കും അവരുടെ ആതിഥേയ രാജ്യത്തില്‍ ഇന്‍ഷുറന്‍സ് നിലവിലുണ്ടാകാറുണ്ട്. അതിനാല്‍ കൂടുതല്‍ ആവശ്യം മടങ്ങിയെത്തിയ പ്രവാസികള്‍ക്കാണ്. അതുകൊണ്ട് സര്‍ക്കാര്‍ മടങ്ങിയെത്തിയ പ്രവാസികളും നോര്‍ക്ക കെയറില്‍ ചേരാമെന്നത് വ്യക്തമാക്കുന്ന ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കണമെന്നും നോര്‍ക്ക റൂട്‌സും ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്ന് പോളിസി ഷെഡ്യൂള്‍ ഭേദഗതി ചെയ്ത് ആപ്പിലും പോര്‍ട്ടലിലും വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും ആർ. മുരളീധരൻ ആവശ്യപ്പെട്ടു.

ഇതൊരു ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി ആയതിനാല്‍ പോളിസി എടുക്കുന്ന ഓരോ അംഗവും ആവശ്യമായ പ്രീമിയം അടക്കുന്നതിനാല്‍ നോര്‍ക്ക റൂട്ട്‌സിനോ സര്‍ക്കാറിനോ അധികബാധ്യത ഉണ്ടാകുന്നില്ല. പദ്ധതിയുടെ എന്റോള്‍മെന്റ് വിന്‍ഡോ സെപ്റ്റംബര്‍ 22 മുതല്‍ 2025 ഒക്ടോബര്‍ 21 വരെ ആയതിനാല്‍ ആവശ്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ച് മടങ്ങിവന്ന പ്രവാസികളെക്കൂടി എത്രയും പെട്ടെന്ന് ഉള്‍പ്പെടുത്തണമെന്നും ആർ. മുരളീധരൻ പറഞ്ഞു.

ഹരജിക്കാരെന്ന നിലയില്‍ പ്രവാസി ലീഗല്‍ സെല്ലിനോട് ഹീയറിങ്ങും നടത്തണം. ആവശ്യമെങ്കില്‍ എന്റോള്‍മെന്റ് വിന്‍ഡോയും പദ്ധതിയുടെ എഫക്റ്റിവ് ഡേറ്റും നീട്ടുന്ന കാര്യവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അടിയന്തിരമായി പരിഗണിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കണമെന്നും പ്രവാസി ലീഗല്‍ സെല്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

Content Highlight: Returning expatriates should also be included in the ‘Norka Care’ insurance scheme: Pravasi Legal Cell