'ആടാം ചന്ദനക്കട്ടേ, പാടാം പൂങ്കിളിപ്പെണ്ണേ' മലയാളം ഡബ്ബിങ് കുളമാക്കി റെട്രോ, ഞങ്ങളുടെ 'കനിമാ' ഇങ്ങനെയല്ലെന്ന് സോഷ്യല്‍ മീഡിയ
Entertainment
'ആടാം ചന്ദനക്കട്ടേ, പാടാം പൂങ്കിളിപ്പെണ്ണേ' മലയാളം ഡബ്ബിങ് കുളമാക്കി റെട്രോ, ഞങ്ങളുടെ 'കനിമാ' ഇങ്ങനെയല്ലെന്ന് സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st June 2025, 5:04 pm

കാര്‍ത്തിക് സുബ്ബരാജും സൂര്യയും ആദ്യമായി ഒന്നിച്ച ചിത്രമാണ് റെട്രോ. കങ്കുവയുടെ വന്‍ പരാജയത്തിന് ശേഷം തിയേറ്ററുകളിത്തെിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മേക്കിങ്ങില്‍ മുന്നിട്ട് നിന്ന ചിത്രം ശക്തമായ തിരക്കഥയുടെ അഭാവം കാരണമായിരുന്നു പിന്നോട്ട് പോയത്. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു.

തമിഴിന് പുറമെ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ മലയാളം ഡബ്ബാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തിയേറ്ററുകളെ ഇളക്കിമറിച്ച ‘കനിമാ’ എന്ന ഗാനം വികലമായി ഡബ്ബ് ചെയ്തിരിക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഒറിജിനല്‍ വേര്‍ഷനോട് യാതൊരു തരത്തിലും നീതി പുലര്‍ത്താന്‍ മലയാളം വേര്‍ഷന് സാധിച്ചിട്ടില്ലെന്നും പറയുന്നുണ്ട്.

തമിഴ് സിനിമകള്‍ ഡബ്ബ് ചെയ്യുമ്പോള്‍ പാട്ടുകള്‍ ഒറിജിനല്‍ ഭാഷയിലാക്കിക്കൂടെയെന്ന് ചോദിക്കുന്നവരുമുണ്ട്. തമിഴ് പാട്ടുകളുടെ ഭംഗി അതിന്റെ യഥാര്‍ത്ഥ ഭാഷയില്‍ കേള്‍ക്കുമ്പോഴാണെന്നാണ് പലരുടെയും വാദം. എന്നാല്‍ ഇതേ പാട്ടിന്റെ ഹിന്ദി വേര്‍ഷന്‍ മികച്ചതാണെന്നും കേള്‍ക്കുന്നുണ്ട്. കുറച്ചെങ്കിലും എഴുതാന്‍ കഴിവുള്ളയാളെ ഇത്തരം പാട്ടുകള്‍ മലയാളത്തിലാക്കാന്‍ ഏല്പിച്ചുകൂടെയെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനെ പലരും മെന്‍ഷന്‍ ചെയ്ത് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.

റെട്രോയ്ക്ക് മാത്രമല്ല, മലയാളത്തിലെ ഹിറ്റ് ചിത്രമായ തല്ലുമാലക്കും ഇതേ അവസ്ഥ നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിലെ ‘ഓളെ മെലഡി’ എന്ന ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. പാട്ടിന്റെ ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. മലയാളം വേര്‍ഷനിലെ വാക്കുകളോട് ചേര്‍ന്ന് നില്‍ക്കാന്‍ തെലുങ്കിന് സാധിച്ചിരുന്നില്ല.

ഒ.ടി.ടി റൈറ്റ്‌സ് സ്വന്തമാക്കിയ നെറ്റ്ഫ്‌ളിക്‌സിന്റെ നേതൃത്വത്തിലാണ് ഈ രണ്ട് സിനിമകളും ഡബ്ബ് ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഒറിജിനല്‍ വേര്‍ഷനോട് നീതി പുലര്‍ത്താനാകാതെ ഇത്തരത്തില്‍ മോശമായി ഡബ്ബ് ചെയ്യാതിരിക്കാന്‍ സിനിമയുടെ നിര്‍മാതാക്കാള്‍ ശ്രദ്ധിക്കണമെന്നാണ് പലരുടെയും അഭിപ്രായം.

 

സൂര്യ നായകനായെത്തിയ ചിത്രത്തില്‍ പൂജ ഹെഡ്‌ഗേയായിരുന്നു നായിക. മലയാളി താരങ്ങളായ ജയറാമും ജോജു ജോര്‍ജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. നാസര്‍, വിധു, പ്രകാശ് രാജ്, തമിഴ്, തുടങ്ങി വന്‍ താരനിര അണിനിരന്നിരുന്നു. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി എന്റര്‍ടൈന്മെന്റ്‌സും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് പിക്‌ചേഴ്‌സുമാണ് ചിത്രം നിര്‍മിച്ചത്.

Content Highlight: Retro Malayalam dubbed version trolled in social media