ആ നടനെ അന്ന് എല്ലാവരും കണ്ടിരുന്ന രീതിയും, ഇന്ന് കാണുന്ന രീതിയും വ്യത്യാസമുണ്ട്: റസൂല്‍ പൂക്കുട്ടി
Entertainment
ആ നടനെ അന്ന് എല്ലാവരും കണ്ടിരുന്ന രീതിയും, ഇന്ന് കാണുന്ന രീതിയും വ്യത്യാസമുണ്ട്: റസൂല്‍ പൂക്കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd June 2025, 1:22 pm

 

ഇന്ത്യന്‍ സിനിമയുടെ മലയാളി ശബ്ദമാണ് റസൂല്‍ പൂക്കുട്ടി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയുടെയും ഇന്ത്യന്‍ സിനിമയുടെയും യശസ് വാനോളമുയര്‍ത്തി സിനിമാ ലോകത്തിന് വളരെ സുപരിചിതനായ വ്യക്തിയാണ് അദ്ദേഹം. 2008 ല്‍ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെയാണ് മികച്ച ശബ്ദ മിശ്രണത്തിനുള്ള ഓസ്‌കര്‍ അദ്ദേഹത്തെ തേടിയെത്തിയത്.

ബ്രിട്ടീഷ് സിനിമകളിലും മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി എന്നീ ഭാഷകളിലും പ്രവര്‍ത്തിച്ച വ്യക്തിയാണ് അദ്ദേഹം. 2023 ല്‍ പുറത്തിറങ്ങിയ ഒറ്റ എന്ന സിനിമയിലൂടെ സംവിധാനത്തിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു.

ഇപ്പോള്‍ ഇന്ദ്രന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് റസൂല്‍ പൂക്കുട്ടി. ഇന്ദ്രന്‍സിനെ അന്ന് മറ്റുള്ളവര്‍ കണ്ടിരുന്ന രീതിയും ഇന്ന് കാണുന്ന രീതിയും തമ്മില്‍ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറയുന്നു. താന്‍ ഒറ്റ എന്ന സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് സെറ്റില്‍ വാനിറ്റിയില്‍ ഒന്നും അദ്ദേഹം ഇരിക്കില്ലെന്നും ആഹാരം കഴിക്കുന്നതൊക്കെ മറ്റുള്ളവരുടെ കൂടെയാണെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു.

നമ്മുടെ കൂടെ വന്നിരിക്കാന്‍ പറഞ്ഞാല്‍ അദ്ദേഹം വരില്ലെന്നും കയ്യില്‍ പിടിച്ച് വലിച്ചാല്‍ പോലും ഇന്ദ്രന്‍സ് തങ്ങളുടെ കൂടെ വരില്ലെന്നും അദ്ദേഹം പറഞ്ഞു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സില്‍ സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി.

‘ഇന്ദ്രന്‍സിനെ അപ്പോള്‍ കണ്ടിരുന്ന രീതിയും ഇന്ന് കാണുന്ന രീതിയും വ്യത്യസമുണ്ട്. നിങ്ങള്‍ അദ്ദേഹത്തെ ഒന്ന് കാണണം. ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ ഇന്ദ്രന്‍സിനെ എന്തായലും പരിചയപ്പെടണം. ഞാന്‍ ഒറ്റ ഷൂട്ട് ചെയ്യുന്ന സമയത്ത് പുള്ളി വാനിറ്റിയില്‍ ഇരിക്കില്ല. അദ്ദേഹം പോയി ഇരിക്കുന്നതും ആഹാരം കഴിക്കുന്നതും സാധാരണ മറ്റുള്ളവരുടെ കൂടെയാണ്.

അദ്ദേഹം വന്നിട്ട് കോസ്റ്റിയൂമൊക്കെ ഇട്ടിട്ട് പോയി ഇരിക്കുന്നത് കോസ്റ്റിയൂം ഡിപ്പാര്‍ട്ടമെന്റിന്റെ അവിടെയെക്കെയാണ്. നമ്മുടെ കൂടെ വന്നിരിക്കാന്‍ പറഞ്ഞാല്‍ അദ്ദേഹത്തിന് അത് പറ്റില്ല. നമ്മള്‍ നിര്‍ബന്ധിച്ച് കയ്യില്‍ പിടിച്ച് കൊണ്ട് പോയാല്‍ പോലും, ‘വേണ്ട സാര്‍ ഞാന്‍ ഇവിടെ ഇരുന്നോളം’ എന്നാണ് പറയുക,’ റസൂല്‍ പൂക്കുട്ടി പറയുന്നു.

Content highlight: Resul Pookutty talks about Indrans