'നീ ജോലിയിൽ വളരെ മിടുക്കനായതുകൊണ്ട് നിന്നെ ഞങ്ങൾക്ക് ആവശ്യമില്ല' എന്ന് ഓസ്കർ കിട്ടിയ ശേഷം എന്നോട് അദ്ദേഹം പറഞ്ഞു: റസൂൽ പൂക്കുട്ടി
Entertainment
'നീ ജോലിയിൽ വളരെ മിടുക്കനായതുകൊണ്ട് നിന്നെ ഞങ്ങൾക്ക് ആവശ്യമില്ല' എന്ന് ഓസ്കർ കിട്ടിയ ശേഷം എന്നോട് അദ്ദേഹം പറഞ്ഞു: റസൂൽ പൂക്കുട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 30th April 2025, 11:04 pm

ഇന്ത്യൻ സിനിമയുടെ മലയാളി ശബ്ദമാണ് റസൂൽ പൂക്കുട്ടി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാള സിനിമയുടെയും ഇന്ത്യൻ സിനിമയുടെയും യഷസ് വാനോളമുയർത്തി സിനിമാ ലോകത്തിന് വളരെ സുപരിചിതനായ വ്യക്തിയാണ് അദ്ദേഹം.

ഇപ്പോൾ ഓസ്കർ ലഭിച്ചതിന് ശേഷം തന്നെ ആരും വിളിച്ചില്ലെന്ന് പറയുകയാണ് റസൂൽ പൂക്കുട്ടി. അവാർഡ് കിട്ടിയതിന് ശേഷം രണ്ട് വർഷം തനിക്ക് ജോലിയൊന്നും ഉണ്ടായിരുന്നില്ലെന്നും സൗത്ത് ഇന്ത്യൻ സിനിമയുള്ളതുകൊണ്ടാണ് പിടിച്ച് നിന്നതെന്നും അദ്ദേഹം പറഞ്ഞു. നാന വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു റസൂൽ പൂക്കുട്ടി.

‘എന്നെ പലരും റിജക്റ്റ് ചെയ്തിട്ടുണ്ട്. ഓസ്കർ കിട്ടി യതിനുശേഷവും ഒരുപാട് പേർ റിജക്റ്റ് ചെയ്യുകയുണ്ടായി. നമ്മളെ ആരെങ്കിലും റിജക്ട് ചെയ്‌താൽ അത് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഞങ്ങൾക്ക് നിങ്ങളെ ആവശ്യമില്ല. കാരണം നിങ്ങൾ വളരെ മികച്ചതാണ് എന്നു പറഞ്ഞു റിജക്ട് ചെയ്തിട്ടുണ്ട്.

അത്തരത്തിലുള്ള അനുഭവങ്ങൾ എനിക്കൊരുപാട് ഷോക്കിങ് ആയിരുന്നു. അത് ഞാൻ ഇന്ത്യയിൽ മാത്രം ഫേസ് ചെയ്തിട്ടുള്ള കാര്യമാണ്. ഒരു പ്രധാന അവാർഡ് വേദിയിലേക്ക് ലോകത്തിലെ മികച്ച അഞ്ച് വർക്കുകൾ തെരഞ്ഞെടുക്കപ്പെട്ടു. ഞാനും അവിടെ പോയിരുന്നു, ക്ഷണിതാവായി. എനിക്ക് നോമിനേഷനൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അവിടെ വെച്ച് മീറ്റ് ചെയ്ത ഓരോ ആളുകളും എനിക്ക് താങ്കളുടെ കൂടെ വർക്ക് ചെയ്യണമെന്ന് പറയുകയുണ്ടായി.

ഇവിടെയുള്ള വ്യത്യാസം ഒന്ന് ആലോചിച്ചു നോക്കൂ. ഓസ്കറൊക്കെ കിട്ടി ഇവിടേക്ക് തിരിച്ചുവരുമ്പോൾ, ഇവിടെയുള്ളവർ പറയുന്നത് ‘നീ ജോലിയിൽ വളരെ മിടുക്കനായതുകൊണ്ട് നിന്നെ ഞങ്ങൾക്ക് ആവശ്യമില്ല’ എന്നാണ്. ഓസ്കാർ കിട്ടിയ ആദ്യത്തെ രണ്ടുവർഷം എനിക്ക് പണിയേ യുണ്ടായിരുന്നില്ല.

സൗത്ത് ഇന്ത്യൻ സിനിമയുണ്ടായില്ലെങ്കിൽ ഞാൻ പാപ്പരായേനെ. ഓസ്കർ കിട്ടിയതിനുശേഷമാണ് പഴശ്ശിരാജ ചെയ്യുന്നത്. അതിനുശേഷമാണ് ഇന്ദ്രൻ ചെയ്തത്. സൗത്ത് ഇന്ത്യൻ സിനിമയാണ് എന്നെ പിടിച്ചു നിർത്തിയത്. താങ്ക്സ് ടു ദെം,’ റസൂൽ പൂക്കുട്ടി പറയുന്നു.

Content Highlight: Resul Pookutty says no one called him after receiving oscar award