സംസ്ഥാനത്ത് ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി; ഡി.ജി.പി, ഐ.ജി തസ്തികകളില്‍ മാറ്റം
Kerala News
സംസ്ഥാനത്ത് ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി; ഡി.ജി.പി, ഐ.ജി തസ്തികകളില്‍ മാറ്റം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th May 2025, 3:20 pm

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി. ഡി.ജി.പി, ഐ.ജി തസ്തികകളിലാണ് മാറ്റം. വിജിലന്‍സ് ഡയറക്ടറായി തുടരുന്ന യോഗേഷ് ഗുപ്തയെ നിലവില്‍ ഫയര്‍ഫോഴ്‌സ് മേധാവിയായി മാറ്റി. ബറ്റാലിയന്റെ ചുമതലയുണ്ടായിരുന്ന എം.ആര്‍ അജിത് കുമാറിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു.

എക്‌സൈസ് കമ്മീഷറായിരുന്ന മഹിപാല്‍ യാഥവിനെ ക്രൈംബ്രാഞ്ച് മേധാവിയാക്കി. ക്രൈം ബ്രാഞ്ചിന്റെയും ക്രമസമാധാന ചുമതലയും വഹിക്കുന്ന എച്ച്. വെങ്കിടേനെയാണ് മാറ്റിയത്. ജയില്‍ മേധാവിയായിട്ടുള്ള ബല്‍റാം കുമാര്‍ ഉപാധ്യായെ കെപ്പയിലേക്കുമാണ് മാറ്റിയത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡി.ജി.പി തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മനോജ് എബ്രഹാമിന് ഫയര്‍ ഫോഴ്‌സ് മേധാവിയായി ചുമതലയേറ്റത്. എന്നാല്‍ അദ്ദേഹത്തിനെ നിലവില്‍ വിജിലന്‍സിലേക്ക് മാറ്റി. മുമ്പ് എ.ഡി.ജി.പിയായിരുന്ന സമയത്ത് അദ്ദേഹം വിജിലന്‍സില്‍ പദവി വഹിച്ചിട്ടുണ്ട്.

സാധാരണയില്‍ നിന്നും മാറി ഡി.ജി.പി, എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥരെ ജയില്‍ മേധാവിയായി നിയമിക്കുന്നതിന് പകരം ഐ.ജിയായ സേതുരാമനെയാണ് സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.

ക്രൈം ബ്രാഞ്ചിലുണ്ടായിരുന്ന പി.പ്രകാശിനെ കോസ്റ്റലിലേക്കും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ അക്ബറിനെ സെക്യൂരിറ്റി വിങ്ങിലേക്കുമാണ് മാറ്റിയത്.

Content Highlight: Reshuffle in IPS cadres in the state; changes in DGP and IG posts