ദേശീയ പതാകയുയര്‍ത്താനെത്തിയത് ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി മുന്‍ മന്ത്രി; പ്രതിഷേധ മുദ്രാവാക്യവുമായി വനിതാ നേതാവ്, വലിച്ചിഴച്ച് പൊലീസ്
national news
ദേശീയ പതാകയുയര്‍ത്താനെത്തിയത് ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി മുന്‍ മന്ത്രി; പ്രതിഷേധ മുദ്രാവാക്യവുമായി വനിതാ നേതാവ്, വലിച്ചിഴച്ച് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th January 2023, 3:25 pm

ചണ്ഡിഗഡ്: ഹരിയാനയിലെ പെഹോവ ടൗണില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി മുന്‍ മന്ത്രി ദേശീയപതാക ഉയര്‍ത്തുന്നതിനെതിരെ പ്രതിഷേധം. മുഖ്യാതിഥിയായ ബി.ജെ.പി മുന്‍ കായിക മന്ത്രി സന്ദീപ് സിങ് ദേശീയ പതാക ഉയര്‍ത്തിയതിനെതിരെയാണ്  പ്രതിഷേധം അരങ്ങേറിയത്.

എന്‍.സി.പി വിദ്യാര്‍ഥി വിഭാഗം ദേശീയ അധ്യക്ഷ സോണിയ ധുഹാനാണ് പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. മുന്‍ മന്ത്രിക്ക് മുമ്പില്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച സോണിയയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

എന്‍.സി.പി നേതാവിന്റെ പ്രതിഷേധത്തിനിടെ ദേശീയഗാനം ആരംഭിച്ചെങ്കിലും സന്ദീപ് സിങിനെതിരെയുള്ള മുദ്രാവാക്യം നിര്‍ത്താനവര്‍ തയ്യാറായില്ല. തുടര്‍ന്ന് സോണിയ ധുഹാനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സോണിയയെ പുരുഷ പൊലീസ് കയ്യേറ്റം ചെയ്യുകയും വലിച്ചിഴച്ച് സ്ഥലത്ത് നിന്നും നീക്കിയതും പ്രതിഷേധത്തിന് വഴിവെച്ചു. ലൈംഗികാരോപണം നേരിടുന്ന മുന്‍ മന്ത്രിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് വ്യാഴാഴ്ച റിപബ്ലിക് ദിനാഘോഷം നടക്കുന്ന വേദിക്ക് സമീപം വന്‍ പൊലീസ് സന്നാഹമായിരുന്നു ഉണ്ടായിരുന്നത്.

നിരവധി ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരെയും പൊലീസ് പ്രതിഷേധത്തിന്റെ ഭാഗമായി വേദിയിലേക്ക് പ്രവേശിക്കുന്നത് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

ഡിസംബറിലാണ് മന്ത്രി സന്ദീപ് സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് വനിതാ കോച്ച് പരാതി നല്‍കിയത്. ഇതിന് പിന്നാലെ സന്ദീപ് സിങ്ങിന് മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കേണ്ടിയും വന്നു.

പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ മുന്‍ മന്ത്രി സ്വന്തം മണ്ഡലത്തിലെത്തിയത്.

വനിതാ ജൂനിയര്‍ അത്ലറ്റിക് കോച്ചാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. സന്ദീപ് സിങ് അദ്ദേഹത്തിന്റെ ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.

എന്നാല്‍ ആരോപണം സന്ദീപ് സിങ് നിഷേധിച്ചു. തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് പരാതികൊണ്ട് ലക്ഷ്യമിടുന്നതെന്നും സന്ദീപ് സിങ് ആരോപിച്ചു.

Content Highlight: Republic Day event in Haryana Pehowa as woman shouts slogans against minister Sandeep Singh