ലോകേഷിന് നായിക ബോളിവുഡില്‍ നിന്ന്? വരാന്‍ പോകുന്നത് ഒന്നൊന്നര ഗ്യാങ്‌സ്റ്റര്‍ പടം
Indian Cinema
ലോകേഷിന് നായിക ബോളിവുഡില്‍ നിന്ന്? വരാന്‍ പോകുന്നത് ഒന്നൊന്നര ഗ്യാങ്‌സ്റ്റര്‍ പടം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th October 2025, 7:20 am

സംവിധായകനെന്ന നിലയില്‍ തമിഴില്‍ തന്റേതായ സ്ഥാനം നേടിയ ആളാണ് ലോകേഷ് കനകരാജ്. ആരുടെയും സഹായിയാകാതെ സിനിമാലോകത്തേക്ക് കടന്നുവന്ന് ഇന്‍ഡസ്ട്രിയില്‍ ബ്രാന്‍ഡായി മാറിയ ലോകേഷ് നായകനായി അരങ്ങേറാനൊരുങ്ങുകയാണ്. ക്യാപ്റ്റന്‍ മില്ലറിന് ശേഷം അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തില്‍ നായികയായി വാമിക ഗബ്ബി വേഷമിടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കരിയറിന്റെ തുടക്കത്തില്‍ തമിഴില്‍ രണ്ട് സിനിമകള്‍ ചെയ്ത വാമിക ഗബ്ബിയുടെ തമിഴിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. ആദ്യമായി നായകനായി അരങ്ങേറുന്ന ലോകേഷിനൊപ്പം വാമിക കൂടി ചേരുമ്പോള്‍ മികച്ച സിനിമ തന്നെയാണ് സിനിമാപ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഴോണറിലാണ് അരുണ്‍ മാതേശ്വരന്‍- ലോകേഷ് പ്രൊജക്ട് ഒരുങ്ങുന്നത്. സെപ്റ്റംബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പകുതിയോളം ഷൂട്ട് പൂര്‍ത്തിയായെന്നാണ് വിവരങ്ങള്‍. ജനുവരിയോടെ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകുമെന്നും ഏപ്രിലിലോ മെയിലോ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്.

ക്യാമറക്ക് പിന്നില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ലോകേഷ് ആദ്യമായി നായകവേഷം അണിയുമ്പോള്‍ സിനിമാപ്രേമികളും പ്രതീക്ഷയിലാണ്. പല അഭിമുഖങ്ങളിലും പരിപാടികളിലും പ്രത്യക്ഷപ്പെട്ടിരുന്ന ലോകേഷ് കനകരാജ് ഹീറോ മെറ്റീരിയലാണെന്ന് പലരും അഭിപ്രായപ്പെടാറുണ്ടായിരുന്നു. ഗ്യാങ്സ്റ്റര്‍ ഴോണറില്‍ ലോകേഷ് ക്യാമറക്ക് മുന്നിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

രജിനിയെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത കൂലിക്ക് ബോക്‌സ് ഓഫീസില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. വന്‍ ബജറ്റിലും ഹൈപ്പിലുമെത്തിയ കൂലിക്ക് സമ്മിശ്ര പ്രതികരണം മാത്രമായിരുന്നു ലഭിച്ചത്. കൂലിക്ക് പിന്നാലെ ലോകേഷിന് വലിയ രീതിയിലുള്ള ട്രോളുകളായിരുന്നു ലഭിച്ചത്. ഒ.ടി.ടിയിലെത്തിയ ശേഷവും കൂലിക്കും ലോകേഷിനമെതിരെ ട്രോളുകള്‍ തുടര്‍ന്നു.

ക്യാമറക്ക് പിന്നില്‍ നിരാശപ്പെടുത്തിയ ലോകേഷ് ക്യാമറക്ക് മുന്നില്‍ അത്ഭുതപ്പെടുത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. ചെയ്ത സിനിമകളിലെല്ലാം മേക്കിങ് കൊണ്ട് അത്ഭുതപ്പെടുത്തിയ അരുണ്‍ മാതേശ്വരന്‍ ഇത്തവണ എന്ത് സര്‍പ്രൈസാണ് ഒരുക്കിവെച്ചതെന്ന് അറിയാന്‍ ഇനി മാസങ്ങള്‍ മാത്രം.

Content Highlight: Reports that Wamiqa Gabbi might be the heroine of Lokesh Kangaraj’s acting debut