തമിഴിലെ മികച്ച നടന്മാരില്‍ ഒരാളാണ് സൂര്യ. ഇടക്ക് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ താരമായി ഉയര്‍ന്ന സൂര്യ കഴിഞ്ഞകുറച്ച് കാലമായി ബോക്‌സ് ഓഫീസ് പ്രകടനത്തിന്റെ കാര്യത്തില്‍ പിന്നോട്ടാണ്. മികച്ച നടനെന്ന തരത്തില്‍ പലപ്പോഴും കഴിവ് തെളിയിക്കുന്ന സൂര്യക്ക് ബോക്‌സ് ഓഫീസില്‍ വലിയൊരു ഹിറ്റ് ലഭിക്കേണ്ടത് അത്യാവശ്യമാണ്.
മികച്ച സംവിധായകര്‍ക്കൊപ്പമാണ് സൂര്യയുടെ ലൈനപ്പ്. തമിഴ്, തെലുങ്ക്, മലയാളം സംവിധായകരാണ് സൂര്യയോടൊപ്പം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ആവേശത്തിലൂടെ പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയ ജിത്തു മാധവനും സൂര്യയും ഒരു പ്രൊജക്ടിനായി കൈകോര്‍ക്കുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കുറച്ചുകാലമായി പ്രചരിക്കുന്നുണ്ട്.
ഈ പ്രൊജക്ട് നിര്‍മിക്കുന്നത് സൂര്യ തന്നെയാകുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൂര്യയുടെ പ്രൊഡക്ഷന്‍ ഹൗസായ 2ഡി എന്റര്‍ടൈന്മെന്റ്‌സല്ല, പകരം പുതിയ നിര്‍മാണ കമ്പനിയാകും ഈ ചിത്രം ഒരുക്കുകയെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജിത്തു മാധവനുമായി ചേര്‍ന്ന് ‘ഴഗരം’ എന്ന പേരിലാണ് പുതിയ പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കുന്നത്.
ആക്ഷന്‍, കോമഡി, മാസ് ഴോണറുകളിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റൂമറുകള്‍. തമിഴ്‌നാട്ടില്‍ നിന്ന് പ്രൊമോഷന്‍ ലഭിച്ച് കേരളത്തിലേക്കെത്തുന്ന പൊലീസ് ഓഫീസറുടെ കഥയാണ് ചിത്രത്തിന്റേതെന്ന് കേള്‍ക്കുന്നു. കേരളത്തിലെത്തുന്ന പൊലീസുകാരന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ആക്ഷനും കോമഡിയും ചേര്‍ത്ത് അവതരിപ്പിക്കുകയാണെന്നും അഭ്യൂഹങ്ങളുണ്ട്.
ചിത്രത്തില്‍ നസ്രിയയാകും നായികയായി വേഷമിടുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ചിത്രം ഔദ്യോഗികമായി അനൗണ്‍സ് ചെയ്യുമെന്നാണ് കരുതുന്നത്. സൂര്യയുടെ 47ാമത് ചിത്രമായാണ് ഈ പ്രൊജക്ട് ഒരുങ്ങുക. ജിത്തു മാധവന് ശേഷം പാ. രഞ്ജിത്തുമായും സൂര്യ കൈകോര്‍ക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. പാ. രഞ്ജിത്തിന്റെ സര്‍പ്പട്ടൈ സൂര്യയെ വെച്ച് ചെയ്യാനിരുന്നതായിരുന്നെന്ന് സംവിധായകന്‍ അറിയിച്ചിട്ടുണ്ടായിരുന്നു.
#Suriya starting a New production company called ‘ழகரம்’ 💫
– First film to be produced under that company would be #Suriya47, directed by JithuMadhavan🎬🔥
– Also talks going on for a New film with #PaRanjith which might start Next year⌛ pic.twitter.com/idTWCO346W
മികച്ച ലൈനപ്പുകളോടെ ബോക്‌സ് ഓഫീസില്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാന്‍ സൂര്യക്ക് സാധിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. നിലവില്‍ വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന സൂര്യ 46ന്റെ തിരക്കിലാണ് സൂര്യ. മമിത ബൈജുവാണ് ചിത്രത്തിലെ നായിക. 2026 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് കരുതുന്നു.
Content Highlight: Reports that Suriya going to launch new production house with Jithu Madhavan