രണ്ട് ഭാഗമാക്കാന്‍ താത്പര്യമില്ല, എസ്.എസ്.എം.ബി 29 ഒരുങ്ങുന്നത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ചിത്രങ്ങളിലൊന്നായി
Entertainment
രണ്ട് ഭാഗമാക്കാന്‍ താത്പര്യമില്ല, എസ്.എസ്.എം.ബി 29 ഒരുങ്ങുന്നത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ചിത്രങ്ങളിലൊന്നായി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 27th June 2025, 12:07 pm

ഇന്ത്യന്‍ സിനിമയുടെ അഭിമാനമുയര്‍ത്തുന്ന ചിത്രമാകുമെന്ന് പലരും പ്രതീക്ഷിക്കുന്ന പ്രൊജക്ടാണ് എസ്.എസ്.എം.ബി 29. ആഗോളശ്രദ്ധ നേടിയ ആര്‍.ആര്‍.ആറിന് ശേഷം എസ്.എസ്. രാജമൗലി ഒരുക്കുന്ന ചിത്രമാണിത്. തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പോസ്റ്റ് പ്രൊഡക്ഷനായിരുന്നു ചിത്രത്തിന്റേത്.

വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായാകും പ്രേക്ഷകരിലേക്കെത്തുകയെന്ന്  അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാലിപ്പോള്‍ അത്തരം അഭ്യൂഹങ്ങള്‍ തള്ളിക്കളയുകയാണ് സിനിമയോട് അടുത്ത് നില്‍ക്കുന്ന വൃത്തങ്ങള്‍. ഇന്ത്യന്‍ സിനിമയില്‍ രണ്ടാം ഭാഗമെന്ന ട്രെന്‍ഡിന് ജനപ്രീതി ലഭിച്ചത് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലൂടെയാണ്. കമല്‍ ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപം ഈ ട്രെന്‍ഡ് ആദ്യം കൊണ്ടുവന്നെങ്കിലും രണ്ടാം ഭാഗം പുറത്തിറങ്ങാന്‍ വലിയ കാലതാമസം നേരിട്ടു.

പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ബാഹുബലിയുടെ ഒന്നാം ഭാഗം അവസാനിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ബാഹുബലി 2 ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലായി മാറി. ഈ ചിത്രത്തിന് പിന്നാലെ പല ഭാഷകളിലായി ഇതേ രീതിയില്‍ രണ്ട് ഭാഗങ്ങളുടെ ട്രെന്‍ഡ് ആരംഭിച്ചു. എന്നാല്‍ രാജമൗലി അതിന് ശേഷം രണ്ട് ഭാഗങ്ങളുള്ള ചിത്രം ചെയ്തിട്ടില്ല.

ഒറ്റ ഭാഗമായി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന എസ്.എസ്.എം.ബി 29 ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രമായാണ് ഒരുക്കുന്നത്. മൂന്നരമണിക്കൂര്‍ ദൈര്‍ഘ്യത്തിലാകും ചിത്രം പ്രേക്ഷകരിലേക്കെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജമൗലിയുടെ മുന്‍ ചിത്രമായ ആര്‍.ആര്‍.ആര്‍ മൂന്ന് മണിക്കൂറിലധികം ഉണ്ടായിരുന്നു.

നിലവില്‍ ഹൈദരബാദിലാണ് ചിത്രത്തിന്റെ ഷൂട്ട്. ഒഡിഷയില്‍ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അവസാനിച്ചിരുന്നു. വാരണസിയില്‍ വെച്ച് ചിത്രീകരിക്കേണ്ട രംഗങ്ങളാണ് ഹൈദരബാദില്‍ സെറ്റിട്ട് ഷൂട്ട് ചെയ്യുന്നത്. 48 കോടിയാണ് സെറ്റിന് ചെലവായത്. വലിയൊരു ആക്ഷന്‍ സീനാണ് ഇവിടെ വെച്ച് ഷൂട്ട് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒഡിഷയില്‍ വെച്ച് നടന്ന ആദ്യ ഷെഡ്യൂളില്‍ മഹേഷ് ബാബുവിനൊപ്പം മലയാളികളുടെ സ്വന്തം പൃഥ്വിരാജുമുണ്ടായിരുന്നു. ശക്തമായ കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തില്‍ അവതരിപ്പിക്കുക. ഓഗസ്റ്റ് ഒമ്പതിന് മഹേഷ് ബാബുവിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.

Content Highlight: Reports that SSMB 29 will be one of the longest duration film in Indian cinema