ഇന്ത്യന്‍ സിനിമയുടെ അഭിമാന പ്രൊജക്ടായി പലരും കരുതുന്ന ചിത്രമാണ് മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി അണിയിച്ചൊരുക്കുന്ന ബ്രഹ്‌മാണ്ഡ പ്രൊജക്ട്. എസ്.എസ്.എം.ബി 29 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയുടെ തലവര മാറ്റിയെഴുതുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന പ്രീ പ്രൊഡക്ഷനൊടുവില്‍ ഈ വര്‍ഷം ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചിരുന്നു. ഒഡിഷയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍. ഇപ്പോഴിതാ സിനിമയുടെ അടുത്ത ഷെഡ്യൂളിനായി അണിയറപ്രവര്‍ത്തകരൊരുക്കുന്ന സെറ്റാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ചിത്രത്തിലെ അതിപ്രധാനമായ ഭാഗം ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചത് വാരണസിയിലായിരുന്നു.
ആക്ഷന്‍ സീനാണ് വാരണസിയില്‍ വെച്ച് ചിത്രീകരിക്കാന്‍ ഉദ്ദേശിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. ഒറിജിനലിനെ വെല്ലുന്ന തരത്തിലുള്ള സെറ്റാകും സാബു സിറിളും ടീമും ചിത്രത്തിനായി ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ഷെഡ്യൂളാകും ഇതെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.
ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ ലീക്കാകാതിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഒഡിഷയില്‍ നടന്ന ആദ്യ ഷെഡ്യൂളില്‍ പൃഥ്വിരാജും മഹേഷ് ബാബുവുമുള്ള സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് ശേഷം ചിത്രത്തിന്റെ ലൊക്കേഷനില്‍ മൊബൈല്‍ ഫോണ്‍ നിരോധിച്ച വാര്‍ത്ത വലിയ ചര്‍ച്ചയായി മാറി.
അനൗണ്‍സ് ചെയ്ത് രണ്ട് വര്‍ഷമാകാറായിട്ടും ചിത്രത്തിന് ഇതുവരെ മറ്റൊരു ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. രണ്ട് വര്‍ഷത്തോളം ചിത്രത്തിനായി മഹേഷ് ബാബു മാറ്റിവെക്കുകയും ലുക്ക് പുറത്തുവരാതിരിക്കാന്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നുണ്ട്. ഓഗസ്റ്റില്‍ താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.
Content Highlight: Reports that Rajamouli and team going to create a massive set of Varanasi in Hyderabad for SSMB 29