കേരളത്തെ ഞെട്ടിച്ച മനുഷ്യക്കടത്തിന്റെ കഥയാണോ തരുണ്‍ മൂര്‍ത്തി തെരഞ്ഞെടുത്തത്, ചര്‍ച്ചയായി ഓപ്പറേഷന്‍ കംബോഡിയ പോസ്റ്റര്‍
Malayalam Cinema
കേരളത്തെ ഞെട്ടിച്ച മനുഷ്യക്കടത്തിന്റെ കഥയാണോ തരുണ്‍ മൂര്‍ത്തി തെരഞ്ഞെടുത്തത്, ചര്‍ച്ചയായി ഓപ്പറേഷന്‍ കംബോഡിയ പോസ്റ്റര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd October 2025, 9:52 pm

2021ലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഓപ്പറേഷന്‍ ജാവയുടെ രണ്ടാം ഭാഗം കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ അനൗണ്‍സ് ചെയ്തിരുന്നു. ഓപ്പറേഷന്‍ കംബോഡിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വാര്‍ത്ത സിനിമപ്രേമികള്‍ക്ക് സര്‍പ്രൈസായിരുന്നു. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ടോര്‍പ്പെഡോയുടെ ഷൂട്ടിന് ശേഷമാകും തരുണ്‍ ഓപ്പറേഷന്‍ കംബോഡിയയിലേക്ക് കടക്കുക.

പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായ കേസ് അന്വേഷിക്കുന്ന സൈബര്‍ സെല്ലിന്റെ കഥയായതിനാലാണ് ഓപ്പറേഷന്‍ ജാവയെന്ന് ചിത്രത്തിന് പേര് നല്‍കിയത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി തന്നെയാകും രണ്ടാം ഭാഗവും ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ രണ്ടാം ഭാഗത്തിന്റെ കഥ എന്താണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.

കംബോഡിയയുമായി ബന്ധപ്പെട്ട് അടുത്തിടെ മലയാളത്തില്‍ വന്ന വാര്‍ത്തകള്‍ പലരും തപ്പിയെടുത്തിരിക്കുകയാണ്. അതില്‍ 2024ല്‍ നടന്ന സംഭവമാകാം ഓപ്പറേഷന്‍ കംബോഡിയയുടെ പ്രധാന കഥയെന്നാണ് അനുമാനിക്കുന്നത്. കേരളത്തില്‍ നിന്ന് ജോലി വാഗ്ദാനം ചെയ്ത് കംബോഡിയയിലെത്തിയ ഏഴ് ചെറുപ്പക്കാര്‍ അവിടുന്ന രക്ഷപ്പെട്ട വാര്‍ത്ത ദേശീയ ശ്രദ്ധ നേടിയിരുന്നു. ഈ കഥയാണ് തരുണ്‍ മൂര്‍ത്തി ഇത്തവണ തെരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാങ്കോക്കിലേക്കെന്ന് പറഞ്ഞ് ജോലി നല്‍കിയ ഇവരെ പിന്നീട് കംബോഡിയയിലെത്തിക്കുകയായിരുന്നു. നിയമവിരുദ്ധമായ ഓണ്‍ലൈന്‍ ഗെയിമിങ്ങും ഓണ്‍ലൈനിലൂടെ പണം തട്ടിയെടുക്കലും പോലുള്ള ജോലികളായിരുന്നു ഇവരെക്കൊണ്ട് ചെയ്യിച്ചിരുന്നത്. പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാത്ത ഇവര്‍ വളരെ കഷ്ടപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തുകയായിരുന്നു.

ഈ കഥയാണ് ഓപ്പറേഷന്‍ കംബോഡിയയുടേതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. വിനയനും ആന്റണിയും ഐസക്ക് സാറും പ്രതാപന്‍ സാറുമെല്ലാം രണ്ടാം ഭാഗത്തിലുമുണ്ടാകുമെന്നാണ് കരുതുന്നത്. വിനയദാസനും ആന്റണിയും ഇത്തവണയും സൈബര്‍ സെല്ലിന്റെ ഭാഗമാണോ അല്ലയോ എന്നതാണ് പ്രധാന ചോദ്യം.

ചിത്രത്തിന്റെ പോസ്റ്ററില്‍ ഒളിഞ്ഞിരിക്കുന്ന ബ്രില്യന്‍സും ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. കംബോഡിയ എന്ന വാക്കിന് മാത്രം ചുവപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. കാസ്റ്റ് ലിസ്റ്റില്‍ പൃഥ്വിയുടെ പേരും ചുവപ്പ് നിറത്തിലാണ് കാണിച്ചിരിക്കുന്നത്. ഇതോടെ പൃഥ്വിരാജ് ഈ ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നും പലരും അനുമാനിക്കുന്നുണ്ട്.

Content Highlight: Reports that Operation Cambodia based on real incidents