കെ.ജി.എഫിന് ശേഷം കന്നഡ സൂപ്പര്‍ താരം യഷ് നായകനായെത്തുന്ന ചിത്രമാണ് ടോക്‌സിക്. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചിത്രം ഈ വര്‍ഷം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുകയാണ്. മലയാളി താരം ഗീതു മോഹന്‍ദാസാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. മൂത്തോന് ശേഷം ഗീതു സംവിധായക കുപ്പായമണിയുന്ന ചിത്രമാണ് ടോക്‌സിക്.
വന്‍ ബജറ്റിലെത്തുന്ന ചിത്രം സാധാരണ മാസ് മസാല സിനിമയാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ചിത്രത്തിലെ നായികമാരുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടതോടെയാണ് കൂടുതല്‍ ചര്‍ച്ചകള്‍ സജീവമായത്. അഞ്ച് നായികമാരാണ് ചിത്രത്തിലുള്ളത്. ബോളിവുഡ് താരങ്ങളായ കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, സൗത്ത് ഇന്ത്യന്‍ താരറാണി നയന്‍താര, കന്നഡയിലെ പുത്തന്‍ സെന്‍സേഷന്‍ രുക്മിണി വസന്ത് എന്നിവരാണ് നായികമാര്‍.
ടോക്‌സിക് Photo: Sid Neregal/ X.com
ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രങ്ങളെയാണ് ഈ അഞ്ച് പേരും അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. യഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിനെതിരെ നില്‍ക്കുന്ന പവര്‍ഫുള്‍ കഥാപാത്രങ്ങളാകും ഈ അഞ്ച് പേരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നായകന്റെ മാസ് രംഗങ്ങള്‍ മാത്രം ബൂസ്റ്റ് ചെയ്യുന്ന സ്ഥിരം പാന്‍ ഇന്ത്യന്‍ സിനിമകളില്‍ നിന്ന് വ്യത്യസ്തമാകും ടോക്‌സിക് എന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.
ചിത്രത്തിന്റെ ഷൂട്ട് നീണ്ടുപോയതെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ നിര്‍മാതാക്കള്‍ക്കും യഷിനും തൃപ്തി തോന്നിയില്ലെന്നും പിന്നീട് പല രംഗങ്ങളും റീഷൂട്ട് ചെയ്യേണ്ടി വന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് ഔദ്യോഗികമായി ഒന്നും പുറത്തുവന്നിരുന്നില്ല.
ടോക്‌സിക് Photo: Screen grab/ KVN productions
ടോക്‌സിക്കിന്റെ റിലീസ് ഡേറ്റ് അറിയിച്ചുകൊണ്ട് പുറത്തുവിട്ട പോസ്റ്ററില്‍ ചിത്രത്തിന്റെ എഴുത്തുകാരുടെ സ്ഥാനത്ത് യഷിന്റെ പേരും ഉണ്ടായിരുന്നു. ഗീതു മോഹന്‍ദാസിന്റെ സ്‌ക്രിപ്റ്റില്‍ യഷ് കൈകടത്തിയെന്ന് ഇതോടെ പലര്‍ക്കും ഉറപ്പായി. ഗീതു മോഹന്‍ദാസിന്റെ സ്‌ക്രിപ്റ്റില്‍ യഷിന്റൈ കൈകടത്തല്‍ വര്‍ക്കാകുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
മാര്‍ച്ച് 19നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ബിഗ് ബജറ്റ് ചിത്രമായ ടോക്‌സിക്കിന് ബോക്‌സ് ഓഫീസില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ബോളിവുഡിലെ വമ്പനായ ധുരന്ധര്‍ 2വും ഇതേ ദിവസമാണ് റിലീസ്. 1000 കോടിയും കടന്ന് ബോക്‌സ് ഓഫീസില്‍ കുതിക്കുന്ന ധുരന്ധറിന്റെ രണ്ടാം ഭാഗവുമായുള്ള ക്ലാഷ് ടോക്‌സിക്കിന് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്.
Content Highlight: Reports that Nayanthara Kiara Adwani Huma Quereshi playing negative characters in Toxic Movie