ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷം തമിഴിലേക്ക് പറക്കാന്‍ ജൂഡ് ആന്തണി, നായകന്‍ എസ്.ടി.ആര്‍, പ്രധാന റോളില്‍ മോഹന്‍ലാലും?
Film News
ഇന്‍ഡസ്ട്രിയല്‍ ഹിറ്റിന് ശേഷം തമിഴിലേക്ക് പറക്കാന്‍ ജൂഡ് ആന്തണി, നായകന്‍ എസ്.ടി.ആര്‍, പ്രധാന റോളില്‍ മോഹന്‍ലാലും?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th July 2024, 5:03 pm

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറിയ സിനിമയാണ് 2018. മലയാളികള്‍ ഒറ്റക്കെട്ടായി നിന്ന് ചെറുത്ത മഹാപ്രളയത്തെ തിരശ്ശീലില്‍ വരച്ചിട്ട സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തു. ഏഴ് വര്‍ഷമായി പുലിമുകന്‍ കൈയടക്കി വെച്ചിരുന്ന ഇന്‍സ്ട്രിയല്‍ ഹിറ്റ് പദവി 2018 സ്വന്തമാക്കി. 85 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് നേടിയത്.

2018ന് ശേഷം തമിഴില്‍ നിന്നും ഹിന്ദിയില്‍ നിന്നും ജൂഡിന് നിരവധി ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ഏത് സിനിമയാകും ജൂഡ് ചെയ്യുക എന്ന് അറിയിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോഴിതാ ജൂഡിന്റെ അടുത്ത സിനിമയെപ്പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തമിഴിലെ സിനിമാചര്‍ച്ചകള്‍ നടത്തുന്ന വലൈപ്പേച്ച് എന്ന ചാനലിലാണ് ജൂഡിന്റെ പുതിയ സിനിമയെക്കുറിച്ചുള്ള പരാമര്‍ശം.

തമിഴിലെ മികച്ച നടന്മാരിലൊരാളായ സിലമ്പരസനെ നായകനാക്കി തമിഴില്‍ തന്നെ ജൂഡ് സിനിമ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വേല്‍സ് ഇന്റര്‍നാഷണ്‍സിന്റെ ബാനറിലാകും ചിത്രം ഒരുങ്ങുക. ചിത്രത്തിലെ പ്രധാന വേഷത്തില്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലുമുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതെല്ലാം സത്യമാണെങ്കില്‍ ജയിലറിലെ മാത്യുവിന് ശേഷം മോഹന്‍ലാലിന്റെ മറ്റൊരു മാസ് കഥാപാത്രം കൂടി തമിഴില്‍ കാണാന്‍ സാധിക്കും.

അണിയറപ്രവര്‍ത്തകരില്‍ നിന്ന് ഈ പ്രോജക്ടിനെപ്പറ്റി ഔദ്യോഗികമായി ഒരു വാര്‍ത്തയും പുറത്തുവന്നിട്ടില്ല. കണ്ണും കണ്ണും കൊള്ളൈയടിത്താല്‍ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം ദെസിങ്ക് പെരിയസാമി സംവിധാനം ചെയ്യുന്ന പീരിയോഡിക് ചിത്രത്തിലാണ് സിലമ്പരസന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. കമല്‍ ഹാസന്‍ നായകനാകുന്ന തഗ് ലൈഫിലും സിലമ്പരസന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight: Reports that Jude Anthany’s next film with Silambarasan TR