രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ മകന്‍ ജോസണ്‍ സഞ്ജയ് സിനിമയിലേക്കെത്തുകയാണെന്ന വാര്‍ത്ത സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. ക്യാമറക്ക് പിന്നിലാണ് ജേസണ്‍ തന്റെ സാന്നിധ്യമറിയിക്കുക എന്ന വാര്‍ത്ത വലിയൊരു ട്വിസ്റ്റായിരുന്നു.
വിജയ് നായകനായ വേട്ടൈക്കാരനില്‍ ജേസണ്‍ ചെറിയൊരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് പഠനത്തില്‍ ശ്രദ്ധ നല്‍കുന്നതിന്റെ ഭാഗമായി സിനിമയില്‍ നിന്ന് സഞ്ജയ് ഇടവേളയെടുത്തിരുന്നു. ഇന്‍ഡസ്ട്രിയിലേക്കുള്ള തിരിച്ചുവരവ് പുതിയ റോളിലായിരിക്കുമെന്നതിന്റെ ത്രില്ലിലാണ് സിനിമാലോകം.
ഇപ്പോഴിതാ തമിഴിലെ മികച്ച നടന്മാരിലൊരാളായ സൂര്യയും ജേസണ്‍ സഞ്ജയും തമ്മില്‍ സിനിമയുടെ ചര്‍ച്ചകള്‍ നടന്നെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സൂര്യയുടെ ഓഫീസില്‍ വെച്ച് ജേസണ്‍ താരത്തോട് രണ്ട് കഥകള്‍ പറഞ്ഞുവെന്നും പ്രൊജക്ടിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നെന്നുമുള്ള റിപ്പോര്‍ട്ടാണ് സിനിമാലോകത്തെ ചര്‍ച്ച.
ആദ്യചിത്രം റിലീസാകുന്നതിന് മുമ്പ് തന്നെ ഇന്‍ഡസ്ട്രിയിലെ മുന്‍നിര താരത്തെ വെച്ചുള്ള സിനിമ ഏറെക്കുറെ ഉറപ്പായ ജേസണ്‍ ഇനിയും പല അത്ഭുതങ്ങളും കാണിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ അതിനെക്കാള്‍ രസകരമായ മറ്റൊരു വസ്തുതയാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. സൂര്യയുടെ ആദ്യചിത്രത്തില്‍ വിജയ് പ്രധാനവേഷത്തിലെത്തിയിരുന്നു. മണിരത്‌നം നിര്‍മിച്ച നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി പ്രത്യക്ഷപ്പെട്ടത്.
പിന്നീട് ഫ്രണ്ട്‌സ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. കാലങ്ങള്‍ക്കിപ്പുറം വിജയ്‌യുടെ മകനുമായും സൂര്യ ഒന്നിക്കുന്നത് ഇരുവര്‍ക്കുമിടയിലെ ബോണ്ട് വ്യക്തമാക്കുകയാണെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ ജേസണ്‍- സൂര്യ പ്രൊജക്ട് ഉറപ്പായിട്ടില്ലെന്നും കഥയില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കാനുണ്ടെന്നും അഭ്യൂഹങ്ങളുണ്ട്.
സന്ദീപ് കിഷനെ നായകനാക്കിക്കൊണ്ടാണ് ജേസണ്‍ തന്റെ ആദ്യചിത്രം ഒരുക്കുന്നത്. തമിഴിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങുന്ന ചിത്രം 2026ല്‍ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. തമനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
Content Highlight: Reports that Jason Sanjay narrated two scripts to Suriya