ഗംഭീര ഹൈപ്പിലെത്തി പാടേ നിരാശപ്പെടുത്തിയ തഗ് ലൈഫിന് ശേഷം മണിരത്‌നത്തിന്റെ അടുത്ത പ്രൊജക്ട് ഏതാകുമെന്ന് പല തരത്തില്‍ ചര്‍ച്ചകളുണ്ടായിരുന്നു. തന്റെ കംഫര്‍ട്ട് സോണായ റൊമാന്‍സിലേക്ക് മണിര്തനം തിരിച്ചെത്തുന്നു എന്നായിരുന്നു റൂമറുകള്‍. ചിത്രത്തില്‍ ആരാകും നായകനെന്ന തരത്തില്‍ പല റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
തഗ് ലൈഫിലെ ആകെയുണ്ടായിരുന്ന പോസിറ്റീവുകളിലൊന്നായ സിലമ്പരസനാകും മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തില്‍ നായകനെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മണിരത്‌നം ഈ വാര്‍ത്തകള്‍ നിഷേധിക്കുകയായിരുന്നു. പിന്നീട് ഉയര്‍ന്നു കേട്ട പേരുകളിലൊന്നായിരുന്നു ധ്രുവ് വിക്രമിന്റേത്.
ഇപ്പോഴിതാ ചിത്രത്തില്‍ ധ്രുവല്ല നായകനെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ധ്രുവ് ഈ പ്രൊജക്ടില്‍ നിന്ന് പിന്മാറിയെന്നും ഇന്റന്‍സായ മറ്റൊരു പ്രൊജക്ടിലേക്ക് താരം കടക്കാന്‍ പോവുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ധ്രുവ് വിക്രമിന് പകരം മറ്റൊരു താരം നായകനായേക്കുമെന്നാണ് കേള്‍ക്കുന്നത്. നവീന്‍ പൊളിഷെട്ടി, അഥര്‍വ, മണികണ്ഠന്‍ എന്നിവരുടെ പേരുകളാണ് ധ്രുവിന് പകരം ഉയര്‍ന്നു കേള്‍ക്കുന്നത്.
കന്നഡ താരം രുക്മിണി വസന്താകും ചിത്രത്തിലെ നായിക. സപ്ത സാഗരദാച്ചേ എലോയിലൂടെ സിനിമാപ്രേമികളുടെ ശ്രദ്ധ സ്വന്തമാക്കിയ രുക്മിണി കാന്താര ചാപ്റ്റര്‍ വണ്ണിലൂടെ പാന്‍ ഇന്ത്യന്‍ സെന്‍സേഷനായി മാറി. മണിരത്‌നത്തിന്റെ സിനിമയിലൂടെ സിനിമാലോകത്ത് തന്റേതായ സ്ഥാനം രുക്മിണി സ്വന്തമാക്കുമെന്ന് ഉറപ്പാണ്.
എ.ആര്‍. റഹ്‌മാന്‍ തന്നെയാണ് ചിത്രത്തിന്റെ സംഗീതം. ചിത്രത്തിനായി രണ്ട് ഗാനങ്ങള്‍ എ.ആര്‍. റഹ്‌മാന്‍ ചിട്ടപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. തഗ് ലൈഫിന്റെ പരാജയത്തില്‍ നിന്ന് മണിരത്‌നം ഗംഭീര തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ കരുതുന്നത്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊടൈക്കനാലാകുമെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുമെന്ന് കരുതുന്നു. കരിയറിലെ ഏറ്റവും മോശം ചിത്രത്തിന് ശേഷം ഗംഭീര സിനിമ തന്നെയാകും മണിരത്‌നം ഒരുക്കുക. 2026ല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്ടുകളില്‍ ഒരെണ്ണം കൂടി ലഭിച്ചതിന്റെ ത്രില്ലിലാണ് സിനിമാപ്രേമികള്‍. ഒ.കെ കണ്മണിക്ക് ശേഷം മണിരത്‌നം ഒരുക്കുന്ന റൊമാന്‍സ് ചിത്രം കൂടിയാണിത്.
Content Highlight: Reports that Dhruv Vikram moved out from Maniratnam project