പ്രീ റിലീസിലൂടെ മാത്രം 500 കോടി? റിലീസിന് മുമ്പ് തൂഫാനാക്കാന്‍ കൂലി
Indian Cinema
പ്രീ റിലീസിലൂടെ മാത്രം 500 കോടി? റിലീസിന് മുമ്പ് തൂഫാനാക്കാന്‍ കൂലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th July 2025, 3:01 pm

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. തുടര്‍ച്ചയായ രണ്ട് ഇന്‍ഡസ്ട്രിയല്‍ ഹിറ്റുകള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിനികാന്താണ് നായകന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസ് 500 കോടി കടന്നേക്കാമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. തിയേറ്റര്‍ റൈറ്റ്‌സ്, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റസ് എന്നിവയിലൂടെ മാത്രം ചിത്രം വലിയൊരു തുക നേടുമെന്നാണ് കണക്കുകൂട്ടല്‍. 120 കോടിക്ക് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റസ് ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്ന വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു.

ഓവര്‍സീസില്‍ വലിയ തുകക്കാണ് ചിത്രം വിറ്റുപോയത്. ഹംസിനി എന്റര്‍ടൈന്മെന്റ്‌സാണ് റൈറ്റ്‌സ് നേടിയത്. 70 കോടിക്കാണ് വിറ്റുപോയത്. ഒരു തമിഴ് സിനിമക്ക് ലഭിക്കുന്ന ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ റൈറ്റ്‌സാണ് ഇത്. വിജയ് നായകനായ ജന നായകനാണ് ലിസ്റ്റില്‍ ഒന്നാമത്. 75 കോടിക്കാണ് ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്‌സ് ഫാര്‍സ് ഫിലിംസ് സ്വന്തമാക്കിയത്.

53 കോടിക്കാണ് തെലുങ്ക് റൈറ്റസ് വിറ്റുപോയിരിക്കുന്നത്. ദില്‍ രാജു, സുനില്‍ നാരംഗ് എന്നിവര്‍ ചേര്‍ന്നാണ് തെലുങ്കിലെ വിതരണാവകാശം സ്വന്തമാക്കിയത്. നോര്‍ത്ത് ഇന്ത്യ, തമിഴ്‌നാട്, കേരള, കര്‍ണാടക എന്നിവിടങ്ങളിലെ റൈറ്റസ് വിറ്റുപോകാന്‍ ബാക്കിയുണ്ട്. ഇതിനോടകം 243 കോടി രൂപ പ്രീ റിലീസ് നേടിയ ചിത്രം റിലീസിന് മുമ്പ് 500 കോടിക്കടുത്ത് സ്വന്തമാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

വന്‍ താരനിരയില്‍ വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രം പല ബോക്‌സ് ഓഫീസ് റെക്കോഡുകളെയും തകര്‍ത്തെറിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്ലീന്‍ പോസിറ്റീവ് അഭിപ്രായം ലഭിച്ചാല്‍ 1000 കോടി ക്ലബ്ബിലെത്തുന്ന ആദ്യ തമിഴ് ചിത്രമായി കൂലി മാറുമെന്ന കാര്യത്തില്‍ സംശയമേതുമില്ല. ദേവ എന്ന കഥാപാത്രമായാണ് രജിനി കൂലിയില്‍ വേഷമിടുന്നത്.

നോര്‍ത്ത് ഇന്ത്യയില്‍ കൂലിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല എന്നതാണ് പ്രധാന പ്രശ്‌നം. ബോളിവുഡ് വമ്പന്മാരായ വാര്‍ 2വും കൂലിയോടൊപ്പം ക്ലാഷിന് ഒരുങ്ങുന്നുണ്ട്. യഷ് രാജ് ഫിലിംസ് അണിയിച്ചൊരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ റിലീസിന് മുമ്പ് കൂലിക്ക് പണികൊടുത്തു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ എല്ലാ ഐമാക്‌സ് സ്‌ക്രീനുകളും ഇതിനോടകം യഷ് രാജ് ഫിലിംസ് സ്വന്തമാക്കിക്കഴിഞ്ഞു. വമ്പന്‍ ക്ലാഷില്‍ വിജയം ആര്‍ക്കൊപ്പമാണെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.

Content Highlight: Reports that Coolie movie pre release business will cross 500 crore