ഇന്ത്യന്‍ 2 കൊണ്ട് അവസാനിക്കുന്നില്ല; അണിയറയില്‍ മൂന്നാം ഭാഗവും ഒരുങ്ങുന്നു, റിപ്പോര്‍ട്ട്
Entertainment news
ഇന്ത്യന്‍ 2 കൊണ്ട് അവസാനിക്കുന്നില്ല; അണിയറയില്‍ മൂന്നാം ഭാഗവും ഒരുങ്ങുന്നു, റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th July 2023, 8:40 pm

സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2. കമല്‍ഹാസന്റെ വേറിട്ട പ്രകടനം കൊണ്ട് ഹിറ്റായി മാറിയ ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗം കാണാന്‍ നീണ്ട നാളായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.

ചിത്രത്തിന്റെ ഷൂട്ടിങ് നിലവില്‍ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം മാത്രമല്ല മൂന്നാം ഭാഗവും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

പിങ്ക് വില്ലയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ ഷൂട്ടിങ് നടക്കുന്നത് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന് വേണ്ടിയുള്ള പോര്‍ഷന്‍ ആണെന്നും ഇന്ത്യന്‍ 2 പുറത്തുവന്ന് ഒരു വര്‍ഷത്തെ ഇടവേളയില്‍ ഇന്ത്യന്‍ 3 ഉം പുറത്തുവരുമെന്നാണ് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

രണ്ടാം ഭഗത്തിനായി ഷൂട്ട് ചെയ്ത വിശ്വല്‍സ് തന്നെ ആറ് മണിക്കൂറോളം ഉണ്ടെന്നും ഇതിനെ തുടര്‍ന്ന് ചില ഭാഗങ്ങള്‍ ഷൂട്ട് ചെയ്ത് കൂട്ടിച്ചേര്‍ത്ത് മൂന്നാം ഭാഗം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ഉദേശിക്കുന്നത് എന്നും പിങ്ക് വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ 2 വിന്റെ വി.എഫ്.എക്സ് വര്‍ക്കുകള്‍ യു.എസിലെ ലോസ് ഏഞ്ചല്‍സിലെ ലോല വി.എഫ്.എക്സ് സ്റ്റുഡിയോയില്‍ വിദ്യയില്‍ പുരോഗമിക്കുന്നതിന്റെ ചിത്രം ശങ്കര്‍ പോസ്റ്റ് ചെയ്തിരുന്നു. ലോകത്തെ വി.എഫ്.എക്സ് കമ്പനികളില്‍ ഡീ ഏജിങ് (സിനിമയിലെ കഥാപാത്രത്തെ പ്രായം കുറഞ്ഞ രീതിയില്‍ അവതരിപ്പിക്കുന്ന സാങ്കേതിക വിദ്യ) ടെക്‌നോളജിക്ക് പേരുകേട്ട സ്ഥാപനമാണ് ലോല വി.എഫ്.എക്സ് സ്റ്റുഡിയോ.

ഇന്ത്യന്‍ 2വില്‍ കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ള ചില കഥാപാത്രങ്ങളുടെ ഡീ ഏജിങ് ചെയ്ത സീനുകള്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇതിനൊപ്പം തന്നെ ചിത്രീകരണ സമയത്ത് മരണപ്പെട്ട തമിഴ് നടന്‍ വിവേകിന്റെയും മലയാള നടന്‍ നെടുമുടി വേണുവിന്റെയും രംഗങ്ങള്‍ എ.ഐ യുടെ പിന്‍ബലത്തില്‍ സ്‌ക്രീനില്‍ റീ ക്രീയേറ്റ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് ഇന്ത്യന്‍ 2 നിര്‍മിക്കുന്നത്. ഇന്ത്യന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് 2019ല്‍ ആരംഭിച്ചുവെങ്കിലും പിന്നീട് കൊവിഡും ബജറ്റ് പ്രശ്‌നങ്ങളും കാരണം നീണ്ടുപോകുകയായിരുന്നു. കാജള്‍ അഗര്‍വാള്‍ ചിത്രത്തിലെ നായിക.

Content Highlight: Reports says that Kamal Haasan’s Indian is now a trilogy Shankar simultaneously shoots part 2 and 3