റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിനെ സൗദിയിലെത്തിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. പല മിഡില്‍ ഈസ്‌റ്റേണ്‍ ക്ലബ്ബുകളും താരത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ആരുമായും ട്രാന്‍സ്ഫര്‍ എഗ്രിമെന്റിലെത്തിയിട്ടില്ല.
ഏപ്രിലില്‍ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഈ സമ്മറിന് മുമ്പ് തന്നെ വിനീഷ്യസ് റയലുമായി കരാര്‍ പുതുക്കേണ്ടതായിരുന്നു എന്നാണ് സൗദി ഒഫീഷ്യല്‍സ് കരുതുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു കരാര്‍ എക്‌സ്റ്റെന്‍ഷനും ഇതുവരെ നടന്നിട്ടില്ല. ഇതാണ് സൗദി ടീമുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
റയല്‍ മാഡ്രിഡില്‍ തന്നെ തുടരണമെന്നാണ് വിനീഷ്യസ് ആഗ്രഹിക്കുന്നത്. എന്നാല്‍ സൗദി ക്ലബ്ബുമായുള്ള ചര്‍ച്ചകളും കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്നുണ്ട്.
2027 വരെയാണ് വിനീഷ്യസിന് റയലിനൊപ്പം കരാറുള്ളത്.
ടോക്‌സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 350 മില്യണ്‍ യൂറോയുടെ (34,98,07,50,000.0 ഇന്ത്യന്‍ രൂപ) ഓഫറാണ് സൗദി ഡീല്‍ മേക്കേഴ്‌സ് വിനീഷ്യസിന് മുമ്പില്‍ വെച്ചിരിക്കുന്നത്.
ഈ ഡീല്‍ നടക്കുകയാണെങ്കില്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കൈമാറ്റമായും ഇത് മാറും. 2017ല്‍ നെയ്മറിനെ സ്വന്തമാക്കാന്‍ പി.എസ്.ജി നല്‍കിയ 222 മില്യണാണ് നിലവിലെ ഏറ്റവുമുയര്‍ന്ന ട്രാന്‍സ്ഫര്‍ ഫീസ്.
നേരത്തെ ഒരു ബില്യണ്‍ ഡോളര്‍ യൂറോയുടെ ഓഫര്‍ വെച്ചുനീട്ടി സൗദി ക്ലബ്ബുകള്‍ വിനിയെ സ്വന്തമാക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. എന്നാല്‍ കണ്ണുമഞ്ഞളിക്കുന്ന തുക റയലും വിനിയും ഒരുപോലെ നിരസിക്കുകയായിരുന്നു.
സൗദി അറേബ്യയുടെ കായിക മന്ത്രാലയത്തെ പ്രതിനിധീകരിച്ച് ഒരു പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഡെലിഗേഷന്‍ ഗ്രൂപ്പ് ബ്രസീലിയന്‍ താരത്തെ സ്വന്തമാക്കാനായി നീക്കങ്ങള്‍ നടത്തിയെന്നാണ് ദി അത്‌ലറ്റിക് റിപ്പോര്‍ട്ട് ചെയ്തത്.
ബ്രസീലിയന്‍ ക്ലബ്ബായ ഫ്ളമംഗോയില്‍ നിന്നും 2018ലാണ് വിനീഷ്യസ് റയല്‍ മാഡ്രിഡിലെത്തുന്നത്. സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലെ സൂപ്പര്‍ താരമായി മാറാന്‍ ബ്രസീലിന്‍ മുന്നേറ്റതാരത്തിന് അധികസമയമൊന്നും വേണ്ടി വന്നില്ല. ലോസ് ബ്ലാങ്കോസിനൊപ്പം നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങള്‍ വിനിയെ ഫുട്‌ബോള്‍ ലോകത്തിലെ മുന്‍നിര താരങ്ങളില്‍ ഒരാളായി മാറ്റുകയായിരുന്നു.
മുന്‍ സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിനോ ടീമിനോ കഴിഞ്ഞ സീസണില്‍ തിളങ്ങാന്‍ സാധിച്ചില്ല. ചിരവൈരികളായ ബാഴ്‌സലോണയ്‌ക്കെതിരെ കളിച്ച എല്ലാ മത്സരത്തിലും പരാജയപ്പെട്ടു. കോപ്പ ഡെല്‍ റേ ഫൈനലും ഇതില്‍ ഉള്‍പ്പെടുന്നു.
Content Highlight: Reports says Saudi Arabia offers 35 million euros to sign Vinicius Jr