പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകനെ നാടുകടത്തിയതിന് വിശദീകരണം നല്‍കണം; മലേഷ്യയോട് മീഡിയ വാച്ച്‌ഡോഗ്
World News
പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകനെ നാടുകടത്തിയതിന് വിശദീകരണം നല്‍കണം; മലേഷ്യയോട് മീഡിയ വാച്ച്‌ഡോഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th January 2023, 3:41 pm

പാരിസ്: പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകനെ നാടുകടത്തിയതിന് മലേഷ്യ വിശദീകരണം നല്‍കണമെന്ന് മീഡിയ വാച്ച്‌ഡോഗായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (Reporters Without Borders).

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലേഷ്യയില്‍ അഭയാര്‍ത്ഥിയായി കഴിയുകയായിരുന്ന പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകന്‍ സയ്യിദ് ഫവാദ് അലി ഷായെ (Syed Fawad Ali Shah) നാടുകടത്തിയതിന് മലേഷ്യന്‍ അധികൃതര്‍ വിശദീകരണം നല്‍കണമെന്നാണ് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇദ്ദേഹം നിലവില്‍ എവിടെയാണുള്ളതെന്ന് ഉടന്‍ കണ്ടെത്തി അറിയിക്കണമെന്ന് പാകിസ്ഥാന്‍ സര്‍ക്കാരിനോടും സംഘടന നിര്‍ദേശിച്ചു.

താന്‍ ചെയ്ത വിവിധ ഇന്‍വെസ്റ്റിഗേറ്റീവ് സ്റ്റോറികള്‍ കാരണം ഒരു ഇന്റലിജന്‍സ് ഏജന്‍സി തുടര്‍ച്ചയായി തട്ടിക്കൊണ്ട് പോകുകയും ഉപദ്രവിക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ഫവാദ് ഷാ മലേഷ്യയില്‍ അഭയം തേടിയിരുന്നത് എന്നാണ് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തത്.

ക്വാലാലംപൂരിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്റെ അഭ്യര്‍ത്ഥന പ്രകാരം ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ഫവാദ് ഷായെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചതായി മലേഷ്യന്‍ ആഭ്യന്തര മന്ത്രിയായിരുന്നു അറിയിച്ചത്.

റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ പ്രസ്താവന പ്രകാരം ഓഗസ്റ്റ് 23 മുതലാണ് ഫവാദ് ഷായെ കാണാതായത്.

”മലേഷ്യന്‍ അധികൃതര്‍ ചെയ്ത തെറ്റ് കാരണം, സയ്യിദ് ഫവാദ് അലി ഷാ ഇപ്പോള്‍ എവിടെയാണെന്നും ഏത് സാഹചര്യത്തിലാണ് അദ്ദേഹം ജീവിക്കുന്നതെന്നും ആര്‍ക്കും അറിയില്ല,” റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ ഏഷ്യാ- പസഫിക് ഡെസ്‌ക് തലവന്‍ ഡാനിയല്‍ ബസ്റ്റാഡ് (Daniel Bastard) പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Reporters Without Borders calls on Malaysia to explain deportation of Pakistani journalist