തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളുടെ ലിസ്റ്റ് കൈമാറില്ലെന്ന് റിപ്പോര്‍ട്ട്. ഉടനടി നടപടികളിലേക്ക് കടക്കേണ്ടെന്നാണ് തീരുമാനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാഭ്യാസ വകുപ്പ് കേരളത്തിന് ലഭിക്കാനുള്ള സമഗ്ര ശിക്ഷ കേരളയുടെ ഫണ്ടിന് വേണ്ടി പ്രൊപ്പോസല്‍ സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. ആദ്യഘട്ട പ്രൊപ്പോസല്‍ ഇന്ന് സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേന്ദ്രം കേരളത്തിന്റെ എസ്.എസ്.കെ പദ്ധതിക്കായി നല്‍കാനുള്ളത് 971 കോടി രൂപയാണ്. ഇത് നേടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമങ്ങള്‍. പി.എം ശ്രീയില്‍ ഒപ്പിട്ടാല്‍ ഇതുവരെ തടഞ്ഞുവെച്ച അര്‍ഹതപ്പെട്ട വിഹിതം കൈമാറാമെന്നായിരുന്നു കേന്ദ്രം സ്വീകരിച്ച നിലപാട്.
പി.എം ശ്രീയെ മുന്‍നിര്‍ത്തി കേന്ദ്രം നല്‍കാതിരുന്ന എസ്.എസ്.കെ ഫണ്ട് വാങ്ങിച്ചെടുക്കാന്‍ ഇതേ തന്ത്രം ഉപയോഗിക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുക. പി.എം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളത്തിന് ഫണ്ട് അനുവദിക്കാതിരിക്കാന്‍ ഇനി കേന്ദ്രത്തിന് മുന്നില്‍ കാരണങ്ങള്‍ അവശേഷിക്കുന്നുമില്ല.
അതേസമയം, പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിന് പിന്നാലെ എല്‍.ഡി.എഫിനുള്ളില്‍ തന്നെ പൊട്ടിത്തെറിയുണ്ടായിരുന്നു. സി.പി.ഐ.എം ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്നും ഈ നിലപാട് ഞെട്ടിച്ചെന്നുമാണ് സി.പി.ഐ പ്രതികരണം. അതേസമയം, കടുത്ത നിലപാടിലേക്ക് കടക്കേണ്ടെന്ന നിര്‍ദേശത്തെ തുടര്‍ന്ന് വിദ്യാഭ്യാസ വകുപ്പ് പി.എം ശ്രീ നടപ്പാക്കുന്നതിന്റെ നടപടികള്‍ വൈകിപ്പിച്ചിരിക്കുകയാണ് എന്നാണ് സൂചന.
നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട തുക തടഞ്ഞുകൊണ്ട് കേരളത്തെ ഞെരുക്കുവാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ മറികടക്കാനുള്ള കേരളത്തിന്റെ തന്ത്രപരമായ തീരുമാനമാണിതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വിവാദങ്ങളോട് പ്രതികരിച്ചിരുന്നു.
പാഠ്യപദ്ധതിയുടെ വര്‍ഗീയവത്ക്കരണത്തിന് വിദ്യാഭ്യാസ വകുപ്പ് നിന്നുകൊടുക്കില്ല. പാഠ്യപദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനം സര്‍ക്കാര്‍ സ്വീകരിക്കുമെന്നും ശിവന്‍കുട്ടി അറിയിച്ചിരുന്നു.
അതേസമയം, പി.എം ശ്രീയില്‍ ഇനിയും ചര്‍ച്ചകള്‍ വേണ്ടിവരുമെന്ന നിലപാടിലാണ് സി.പി.ഐ. ഘടകക്ഷികളെ ഇരുട്ടിലാക്കിയല്ല തീരുമാനം എടുക്കേണ്ടതെന്നം നയപരമായ ചര്‍ച്ചകള്‍ക്ക് എക്‌സിക്യൂട്ടീവ് യോഗം ചേരുമന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിരുന്നു.
Content Highlight: PM Shri: Report that the list of Kerala schools will not be shared