യു.പിയിലെ സന്യാസിമാര്‍ക്കായി എസ്.ഐ.ആര്‍ സമയപരിധി നീട്ടി; അമ്മയുടെ പേര് വരുന്ന കോളത്തില്‍ 'ജാനകി'യെന്ന് തിരുകി കയറ്റി ബി.ജെ.പിക്കാര്‍
India
യു.പിയിലെ സന്യാസിമാര്‍ക്കായി എസ്.ഐ.ആര്‍ സമയപരിധി നീട്ടി; അമ്മയുടെ പേര് വരുന്ന കോളത്തില്‍ 'ജാനകി'യെന്ന് തിരുകി കയറ്റി ബി.ജെ.പിക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th December 2025, 9:45 am

ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടിയത് കൂടുതല്‍ സന്യാസിമാരെ ഉള്‍പ്പെടുത്താനെന്ന് റിപ്പോര്‍ട്ട്. അയോധ്യ, വാരാണസി, മഥുര എന്നിവടങ്ങളില്‍ സന്യാസിമാരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതില്‍ തടസമുണ്ടായതോടെയാണ് ബി.ജെ.പിക്ക് അനുകൂലമായി എസ്.ഐ.ആറിന്റെ സമയപരിധി രണ്ടാഴ്ചയിലധികം നീട്ടിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേരത്തെയുള്ള അറിയിപ്പ് പ്രകാരം വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനുള്ള ഫോം സമര്‍പ്പിക്കാന്‍ ഈ മാസം 11 വരെയായിരുന്നു സമയം. കരട് വോട്ടര്‍പട്ടിക 16ന് പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇപ്പോള്‍ ഇവ യഥാക്രമം 26ലേക്കും 31ലേക്കും മാറ്റി.

ലൗകിക ജീവിതം ഉപേക്ഷിച്ച് പുതിയ പേരും മറ്റും സ്വീകരിച്ചതിനാല്‍ പുതിയ പേരിന് അനുസരിച്ചുള്ള തിരിച്ചറിയല്‍ രേഖകളുടെ അഭാവം സന്യാസിമാരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ക്കുന്നതിന് വെല്ലുവിളിയായതോടെയാണ് പുതിയ നീക്കം.

പൂര്‍വകാല ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച സന്യാസിമാര്‍ എസ്.ഐ.ആര്‍ ഫോമിലെ അച്ഛന്‍, അമ്മ എന്നീ കോളങ്ങളില്‍ വിവരം ചേര്‍ക്കുന്നതില്‍ വ്യക്തത നല്‍കാത്തതാണ് ബി.ജെ.പിയെ വെട്ടിലാക്കിയത്.

വോട്ടര്‍പട്ടികയില്‍ സന്യാസിമാരെ ഉള്‍പ്പെടുത്താനായി അമ്മയുടെ പേര് എഴുതേണ്ട കോളത്തില്‍ രാമായണത്തിലെ സീതയുടെ പേരായ ‘ജാനകി’ എന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ചേര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ബി.ജെ.പി മുന്‍ എം.പി.യും വി.എച്ച്.പി നേതാവുമായ രാംവിലാസ് വേദാന്തിയുള്‍പ്പെടെയുള്ളവര്‍ അമ്മയുടെ പേരിന്റെ സ്ഥാനത്ത് ‘ജാനകി’ എന്ന് ചേര്‍ത്തെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ചിലര്‍ രാമന്റെ അമ്മയുടെ പേരായ ‘കൗസല്യ’ എന്നും നല്‍കി. അച്ഛന്റെ പേരിന്റെ കോളത്തില്‍ ചില സന്യാസിമാര്‍ ഗുരുവിന്റെ പേരാണ് നല്‍കിയത്. പൂര്‍ണവും കൃത്യവുമായ വിവരം ചേര്‍ക്കണമെന്ന കര്‍ശനചട്ടം നിലനില്‍ക്കെയാണ് യു.പി.യില്‍ ഇത്തരം നീക്കം നടക്കുന്നത്.

അയോധ്യയില്‍ 16,000ല്‍ അധികം സന്യാസിമാരുണ്ടെന്നാണ് കണക്ക്. അയോധ്യ ഉള്‍ക്കൊള്ളുന്ന ഫൈസാബാദ് ലോകസഭാ മണ്ഡലത്തില്‍ കഴിഞ്ഞ തവണ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും കഴിഞ്ഞ തവണ ബി.ജെ.പി വോട്ടുകളില്‍ ഇടിവുണ്ടായി.

അതിനാലാണ് സാമൂഹ്യജീവിതം ഉപേക്ഷിച്ച് പ്രാര്‍ത്ഥനയുമായി കഴിയുന്ന സന്യാസിമാരെ വോട്ടര്‍പട്ടിക യില്‍ ചേര്‍ക്കാന്‍ ബി.ജെ.പി തീവ്ര ശ്രമം നടത്തുന്നത്. അതിനെ സഹായിക്കുന്ന തിരുമാനമാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നുണ്ടായത്.

ഉത്തര്‍പ്രദേശിലെ ക്ഷേത്ര നഗരങ്ങളില്‍ സന്യാസിമാരെയും സന്യാസിനിമാരെയും വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ തീവ്രപരിശ്രമത്തിലാണ് ബി.ജെ.പി.

Content Highlight: Report: SIR deadline extended in Uttar Pradesh to include more monks