രണ്ടാം ഭാഗത്തിന് മുമ്പ് തിയേറ്റര്‍ റിലീസോ? സര്‍പ്പാട്ടൈ പരമ്പൈരെ തിയേറ്റര്‍ റിലീസ് ചെയ്‌തേക്കും
Indian Cinema
രണ്ടാം ഭാഗത്തിന് മുമ്പ് തിയേറ്റര്‍ റിലീസോ? സര്‍പ്പാട്ടൈ പരമ്പൈരെ തിയേറ്റര്‍ റിലീസ് ചെയ്‌തേക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 19th November 2025, 5:17 pm

പാ.രഞ്ജിത്തിന്റെ സംവിധാനത്തില്‍ 2021ല്‍ പുറത്തിറങ്ങിയ സ്‌പോര്‍ട്‌സ് ആക്ഷന്‍ ഡ്രാമ ചിത്രമാണ് സര്‍പ്പാട്ട പരമ്പരൈ. ആര്യ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിന് തമിഴകത്ത് മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നെങ്കിലും സിനിമയെ കുറിച്ചുള്ള മറ്റ് അപ്ഡേഷനുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല.

എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ സിനിമ ഉടനെ ഉണ്ടാകുമെന്നും തങ്ങള്‍ അതിന്റെ തയ്യാറെടുപ്പിലാണെന്നും ആര്യ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു അനൗണ്‍സ്‌മെന്റാണ് വന്നിരിക്കുന്നത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് മുമ്പായി ആദ്യം ഭാഗം തനിക്ക് തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് സംവിധായകനും നിര്‍മാതാവുമായ പാ രഞ്ജിത്ത് പറഞ്ഞതായി പല സിനിമ പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടണ്ട്.


കൊവിഡ് പാന്‍ഡമിക് മൂലം 2021ല്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ കഴിയാതെ പോയ ചിത്രം ആമസോണ്‍ പ്രൈമിലൂടെ ഒ.ടി.ടി റീലീസായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ആര്യ, ദുഷാര വിജയന്‍, ഷബീര്‍ കല്ലറക്കല്‍ തുടങ്ങി വന്‍താര നിര അണിനിരന്ന ചിത്രം 1970 കളുടെ പശ്ചാത്തലത്തില്‍, വടക്കന്‍ ചെന്നൈയിലെ രണ്ട് കുലങ്ങളായ ഇടിയപ്പ പരമ്പരൈയും സര്‍പ്പട്ട പരമ്പരൈയും തമ്മിലുള്ള ഏറ്റുമുട്ടലിന്റ കഥയാണ് പറയുന്നത്.

ആര്യയുടെ മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്നായാണ് സര്‍പ്പട്ട പരമ്പരൈയിലെ കബിലന്‍ മുനരത്‌നത്തെ പലരും കണക്കാക്കുന്നത്. സിനിമയില്‍ ഷബീര്‍ കല്ലറക്കല്‍ അവതരിപ്പിച്ച ഡാന്‍സിങ് റോസ് എന്ന കഥാപാത്രവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുരളി. ജി ഛായാഗ്രഹണം നിര്‍വഹിച്ച സിനിമക്ക് സന്തോഷ് നാരായണനാണ് സംഗീതം നല്‍കിയത്. സെല്‍വ ആര്‍. കെയാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.

Content highlight: Report says Sarpatta parambari  will have a theatrical release