അഫ്ഗാനില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം കൂടുന്നു; 80 ശതമാനവും സ്ത്രീകള്‍; റിപ്പോര്‍ട്ട്
World News
അഫ്ഗാനില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം കൂടുന്നു; 80 ശതമാനവും സ്ത്രീകള്‍; റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th January 2023, 9:13 am

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സമീപ മാസങ്ങളിലായി ജനങ്ങളുടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ധിച്ച് വരുന്നതായി റിപ്പോര്‍ട്ട്. മാനസിക രോഗികളുടെ എണ്ണം വര്‍ധിച്ചതില്‍ 80 ശതമാനവും സ്ത്രീകളാണ്.

സ്ഥിരമായി മാനസിക രോഗാശുപത്രി സന്ദര്‍ശിക്കുന്ന 100 പേരില്‍ 80 പേരും സ്ത്രീകളാണെന്നാണ് ഹെറാത്ത് (Herat) പ്രവിശ്യാ ആശുപത്രിയിലെ മാനസികാരോഗ്യ വാര്‍ഡ് മേധാവി ഖാദെം മുഹമ്മദിയെ (Qadem Mohammadi) ഉദ്ധരിച്ച് അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് (Tolo News) റിപ്പോര്‍ട്ട് ചെയ്തത്.

കണക്കുകള്‍ പ്രകാരം, ഹെറാത്തിലെ പ്രവിശ്യാ ആശുപത്രിയില്‍ കഴിഞ്ഞ മാസം മാത്രം കുറഞ്ഞത് 400 മാനസിക രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ട്.

തൊഴിലില്ലായ്മ, കുടുംബ പ്രശ്‌നങ്ങള്‍, സ്‌കൂളുകളും കോളേജുകളും അടച്ചുപൂട്ടുന്നത്, യൂണിവേഴ്‌സിറ്റികളിലടക്കം സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് എന്നിവയാണ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ വര്‍ധിക്കാന്‍ പ്രധാന കാരണമെന്നും ടോളോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗാര്‍ഹിക പീഡനം, ദാമ്പത്യ പ്രശ്‌നങ്ങള്‍, സാമ്പത്തിക പ്രശ്‌നങ്ങള്‍ എന്നിവയും മാനസിക രോഗങ്ങള്‍ക്ക് കാരണമാകുന്നതായി രോഗികളെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

രാജ്യത്തെ സ്ഥിതി ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ മാനസികരോഗികളുടെ എണ്ണം ഇനിയും കുത്തനെ വര്‍ധിക്കുമെന്നും ഹെറാത്ത് പ്രവിശ്യയിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

”സമൂഹത്തില്‍ പകുതിയോളവും സ്ത്രീകളാണ്. അവര്‍ ജോലിയിലേക്കും വിദ്യാഭ്യാസത്തിലേക്കും തിരിച്ച് പോകുകയാണെങ്കില്‍ മാനസികാരോഗ്യത്തിന് അത് വളരെ നല്ലതായിരിക്കും,” ഡോ. മുഹമ്മദ് സാദിഖ് ഒമര്‍ പറയുന്നു.

രാജ്യത്ത് താലിബാന്‍ ഭരണത്തിന് കീഴില്‍ സ്ത്രീകള്‍ ഗുരുതര പ്രശ്‌നങ്ങളാണ് നേരിടുന്നത്. 2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ തീവ്രമായ സ്ത്രീവിരുദ്ധ നടപടികളായിരുന്നു താലിബാന്‍ നടപ്പിലാക്കിയിരുന്നത്. സ്‌കൂളുകളിലും കോളേജുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ്മുറികളാക്കിയിരുന്നു.

പാര്‍ക്കുകള്‍, വിനോദ കേന്ദ്രങ്ങള്‍, ജിമ്മുകള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. സര്‍ക്കാര്‍ ജോലികളില്‍ നിന്നും സ്ത്രീകളെ പുറത്താക്കുന്നതിന് വേണ്ടി ശമ്പളം വെട്ടികുറക്കുന്നതടക്കമുള്ള നടപടികളും സ്വീകരിച്ചിരുന്നു.

വീടിന് പുറത്തിറങ്ങുമ്പോള്‍ ബുര്‍ഖ ധരിക്കണമെന്നും ബന്ധുവായ ഒരു പുരുഷനോടൊപ്പം മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളുവെന്നുമുള്ള ഉത്തരവുകളും താലിബാന്‍ കഴിഞ്ഞ മാസങ്ങളിലായി പുറത്തിറക്കിയിരുന്നു.

ഏറ്റവുമൊടുവിലായി സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിക്കുകയും വനിതാ ജീവനക്കാരെ വീട്ടിലേക്ക് തിരിച്ചയക്കാന്‍ രാജ്യത്തെ എല്ലാ പ്രാദേശിക- വിദേശ എന്‍.ജി.ഒകളോടും താലിബാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Content Highlight: Report says cases of mental illness on rise in Afghanistan, incidence highest among women