'പഴയ രാഹുല്‍ മരിച്ചു, ഞാന്‍ കൊന്നു'; ആര്‍.എസ്.എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍: രാഹുല്‍ ഗാന്ധി
national news
'പഴയ രാഹുല്‍ മരിച്ചു, ഞാന്‍ കൊന്നു'; ആര്‍.എസ്.എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍: രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th January 2023, 11:38 pm

ന്യൂദല്‍ഹി: ആര്‍.എസ്.എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവരാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ രണ്ട് മൂന്ന് കോടീശ്വരന്‍മാര്‍ കൗരവര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്ന് പറഞ്ഞ രാഹുല്‍ പാണ്ഡവര്‍ നോട്ടുനിരോധിച്ചിരുന്നോ എന്നും തെറ്റായ ജി.എസ്.ടി നടപ്പാക്കിയിരുന്നോയെന്നും ചോദിച്ചു.

ഭാരത് ജോഡോ യാത്ര ഹരിയാനയിലെ അംബാല ജില്ലയില്‍ എത്തിയപ്പോള്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആരായിരുന്നു കൗരവര്‍. 21ാം നൂറ്റാണ്ടിലെ കൗരവരെക്കുറിച്ച് ഞാന്‍ പറയും, അവര്‍ കാക്കി ട്രൗസര്‍ ധരിക്കുന്നു, അവര്‍ കൈയില്‍ ലാത്തി പിടിക്കുകയും ശാഖയില്‍ പോകുകയും ചെയ്യുന്നു. ഇന്ത്യയിലെ രണ്ടുമൂന്ന് ശതകോടീശ്വരന്മാര്‍ കൗരവര്‍ക്കൊപ്പം നില്‍ക്കുന്നു.

എന്നാല്‍ പാണ്ഡവന്‍മാര്‍ എപ്പോഴും അനീതിക്കെതിരായിരുന്നു. പാണ്ഡവര്‍ നോട്ട് നിരോധനം നടത്തിയോ, തെറ്റായ ജി.എസ്.ടി നടപ്പാക്കിയിരുന്നോ? അവര്‍ എപ്പോഴെങ്കിലും അങ്ങനെ ചെയ്യുമായിരുന്നോ? ഒരിക്കലുമില്ല,’ രാഹുല്‍ പറഞ്ഞു.

അതിനിടെ ഭാരത് ജോഡോ യാത്രയിലെ തന്റെ പ്രതിച്ഛായയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജനങ്ങളുടെ മനസിലുണ്ടായിരുന്ന രാഹുല്‍ ഗാന്ധിയെ താന്‍ കൊന്നുകളഞ്ഞെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ മറുപടി.

‘പ്രതിച്ഛായയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. നിങ്ങള്‍ ആഗ്രഹിക്കുന്ന ചിത്രം നിങ്ങള്‍ സൃഷ്ടിക്കുന്നു. നല്ലതോ ചീത്തയോ, അത് നിങ്ങളുടേതാണ്.

നിങ്ങളുടെ മനസ്സില്‍ ഒരു രാഹുല്‍ ഗാന്ധി ഉണ്ട്, ഞാന്‍ അയാളെ കൊന്നു. അയാള്‍ എന്റെ മനസിലില്ല. അയാള്‍ പോയി,’ രാഹുല്‍ ഗാന്ധി പറഞ്ഞു.