എനിക്ക് ഹ്യൂമർ വഴങ്ങുമെന്ന് തോന്നിയിട്ടില്ല: രൺജി പണിക്കർ
Entertainment
എനിക്ക് ഹ്യൂമർ വഴങ്ങുമെന്ന് തോന്നിയിട്ടില്ല: രൺജി പണിക്കർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 13th March 2025, 12:34 pm

പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കമിട്ട രൺജി പണിക്കർ ഷാജികൈലാസിന്റെ സംവിധാനത്തിൽ 1990-ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതി എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ടാണ് സിനിമാലോകത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് പുറത്തിറങ്ങിയ ഷാജി കൈലാസ്-രൺജി പണിക്കർ ചിത്രങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റുകളായിരുന്നു.

തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നീ മേഖലകളിൽ സജീവമാണ് അദ്ദേഹം. സുരേഷ് ഗോപി നായകനായ ഭരത് ചന്ദ്രൻ ഐ.പി.എസ്, മമ്മൂട്ടി നായകനായ രൗദ്രം എന്നീ സിനിമകളുടെ തിരക്കഥ എഴുതിയതും നിർമാണം, സംവിധാനം നിർവഹിച്ചതും രൺജി പണിക്കരാണ്. തനിക്ക് ഹ്യൂമർ വഴങ്ങുന്നതാണെന്ന് തോന്നിയിട്ടില്ലെന്നും, ആദ്യ രണ്ടു സിനിമകളും തൻ്റെ കഥയിൽ നിന്നുണ്ടായതല്ലെന്നും പറയുകയാണ് രൺജി പണിക്കർ.

തൻ്റെ കഥയിൽ നിന്ന് ആദ്യം എഴുതിയ സിനിമ തലസ്ഥാനമാണെന്നും കൂട്ടിച്ചേർക്കുന്നു രൺജി പണിക്കർ. ഫിൽമിബീറ്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രൺജി ഇക്കാര്യം വ്യക്തമാക്കിയത്. വേലുത്തമ്പി ദളവയുടെ സിനിമ എഴുതി പൂർത്തിയാക്കിയതാണെന്നും എന്നാൽ ബജറ്റിൻ്റെ കാര്യത്തിൽ അന്ന് മലയാള സിനിമ വളർന്നിട്ടുണ്ടായിരുന്നില്ലെന്നും ഇപ്പോഴാണെങ്കിൽ അത് നടക്കുമായിരുന്നു എന്നും പറയുന്നുണ്ട് രൺജി പണിക്കർ.

‘എഴുത്തിൽ ഹ്യൂമർ എൻ്റെ കയ്യിലുള്ള സാധനമായിട്ടെനിക്ക് തോന്നിയിട്ടില്ല. ആദ്യ രണ്ട് ചിത്രങ്ങളും എൻ്റെ കഥയിൽ നിന്നുണ്ടായ സിനിമകളല്ല. എൻ്റെ കഥയിൽ നിന്നും ഞാനെഴുതിയ ആദ്യത്തെ സിനിമ തലസ്ഥാനമാണ്. ഹ്യൂമറിൻ്റെ കാര്യത്തിൽ അത് മുതൽ വ്യത്യാസമുണ്ടാകും. വേലുത്തമ്പി ദളവയുടെ സിനിമ എഴുതി പൂർത്തിയാക്കിയതാണ്.

അന്ന് ബജറ്റിൻ്റെ കാര്യത്തിൽ മലയാള സിനിമ വളർന്നിട്ടുണ്ടായിരുന്നില്ല. വിപണന സാധ്യതകൾ വളരെ കുറവായിരുന്ന സമയത്താണ് ആ സിനിമ എഴുതാൻ തുടങ്ങിയതും പൂർത്തിയാക്കിയതും. ഇത്രയും വിശാലമായ പ്ലാറ്റ്ഫോം അന്ന് മലയാള സിനിമയിൽ ഉണ്ടായിരുന്നില്ല. ഇപ്പോഴാണെങ്കിൽ അത് നടന്നേനെ,’ രൺജി പണിക്കർ പറഞ്ഞു.

രൺജി പണിക്കർ എഴുതിയതിൽ അധികവും പൊളിറ്റിക്കൽ-ആക്ഷൻ ചിത്രങ്ങളായിരുന്നു. രഞ്ജി പണിക്കരുടെ തൂലികയിൽ വിടർന്ന തീപ്പൊരി ഡയലോഗുകളായിരുന്നു ഒരുകാലത്ത് മലയാള സിനിമാപ്രേഷകരെ ഹരം കൊള്ളിച്ചത്. ഷാജി കൈലാസിനെ കൂടാതെ ജോഷിയ്ക്കു വേണ്ടിയും രഞ്ജി പണിക്കർ തിരക്കഥകൾ എഴുതിയിട്ടുണ്ട്.

Content Highlight: Renji Panicker saying he can’t write comedy genre scripts