ക്വാഡില്‍ തുടരുന്നത് ഇന്ത്യക്ക് ഗുണം ചെയ്യില്ല, ബ്രിക്‌സില്‍ സജീവമാകണം; യു.എസിന്റെ ചൈനാവിരുദ്ധതയില്‍ ഇന്ത്യ വീഴരുത്: ജെഫ്രി സാച്‌സ്
India
ക്വാഡില്‍ തുടരുന്നത് ഇന്ത്യക്ക് ഗുണം ചെയ്യില്ല, ബ്രിക്‌സില്‍ സജീവമാകണം; യു.എസിന്റെ ചൈനാവിരുദ്ധതയില്‍ ഇന്ത്യ വീഴരുത്: ജെഫ്രി സാച്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd September 2025, 10:13 am

ന്യൂദല്‍ഹി: യു.എസുമായി ഇടഞ്ഞതിന് പിന്നാലെ റഷ്യയുമായും ചൈനയുമായും അടുക്കുന്ന ഇന്ത്യയുടെ പുതിയ നയത്തെ സ്വാഗതം ചെയ്തുകൊണ്ട് പ്രമുഖ സാമ്പത്തിക വിദഗ്ധനും മുന്‍ യു.എന്‍ സെക്രട്ടറി ജനറലിന്റെ ഉപദേഷ്ടാവുമായ ജെഫ്രി സാച്‌സ്.

ഇന്ത്യയുടെ ഭാവി യു.എസിന് ഒപ്പമല്ല, ബ്രിക്‌സിനും യു.എന്‍ ചാര്‍ട്ടറിനും ആഫ്രിക്കന്‍ യൂണിയനുമൊപ്പമൊക്കെയാണ്. ഇന്ത്യയുടെ ബന്ധം ചൈനയും റഷ്യയുമായി ശക്തമാക്കുകയാണ് വേണ്ടതെന്നും സാച്‌സ് അഭിപ്രായപ്പെട്ടു.

യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ ഭാവി ബ്രിക്‌സ് ഉള്‍പ്പടെയുള്ള സഖ്യത്തോടൊപ്പമാണ്. ഇന്ത്യയ്ക്ക് യു.എസുമായുള്ള ബന്ധം വലിയ നേട്ടമൊന്നും സമ്മാനിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യു.എന്‍ ചാര്‍ട്ടറിലും ബ്രിക്‌സിലും ഇന്ത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തുണക്കുമെന്നാണ് സാച്‌സ് നിരീക്ഷിച്ചത്. യു.എസില്‍ നിന്നും പതിയെ അകന്ന് ഇന്ത്യ സ്വന്തം വിപണിയെ കൂടുതല്‍ വൈവിധ്യം നിറഞ്ഞതാക്കണം. ഡോളറിതര വാണിജ്യ ഇടപാടുകള്‍ക്ക് ഇന്ത്യ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

‘ഇന്ത്യയുടെ സുരക്ഷയ്ക്ക് പോലും ഭീഷണിയായ ക്വാഡ് സഖ്യത്തില്‍ നിന്നും പുറത്ത് കടന്ന് ഇന്ത്യ ബ്രിക്‌സുമായി കൂടുതല്‍ സഹകരിക്കണം. ഇന്ത്യയുടെയും ചൈനയുടെയും ബന്ധം സാധാരണ നിലയയിലാക്കേണ്ടതുണ്ട്.

ഇരുരാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തി തര്‍ക്കങ്ങളെല്ലാം ഉടനടി തന്നെ അവസാനിപ്പിച്ച് രമ്യതയിലെത്തണം. ഇത്തരത്തില്‍ ഇരുരാജ്യങ്ങളും മികച്ച ബന്ധം തുടര്‍ന്നാല്‍ ഇരട്ടത്താപ്പിലൂടെ ലോകത്തെ തന്നെ ഭരിക്കാമെന്ന പാശ്ചാത്യ രാജ്യങ്ങളുടെ അതിമോഹത്തിന് തിരിച്ചടി നല്‍കാനും സാധിക്കും.

BRICS

യു.എസ് ആധിപത്യത്തിന്റെ കാലം കഴിഞ്ഞു. ലോകം ഭരിക്കുന്നത് പണ്ടത്തെ പോലെ ബ്രിട്ടനെ പോലുള്ള പാശ്ചാത്യ ശക്തികളല്ല. ഈ സത്യം യു.എസ് അംഗീകരിക്കണം. ബ്രിക്‌സ് യു.എസ് അപ്രമാദിത്വത്തിനുള്ള ശക്തമായ വെല്ലുവിളിയാണ്. നിയമവാഴ്ചയും യു.എന്‍ ചാര്‍ട്ടറും അടിസ്ഥാനമാക്കിയുള്ള ബ്രിക്‌സ് ഒരു ബഹുമുഖ ലോകം കെട്ടിപ്പടുക്കും’, സാച്‌സ് ‘ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി’ന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു.

‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ബന്ധം യു.എസും ഇന്ത്യയും തമ്മിലല്ല. ലോകത്തെ തന്നെ മാറ്റി മറിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഏറ്റവും പരമപ്രധാനമായ ബന്ധം സംഭവിക്കുക ഇന്ത്യയും ചൈനയും ആഫ്രിക്കന്‍ യൂണിയന്‍ തമ്മിലായിരിക്കും. സുസ്ഥിരവും സുരക്ഷിതവുമായ ലോകം കെട്ടിപ്പടുക്കാന്‍ ഈ മൂന്ന് വന്‍ശക്തികളുടെയും സഹകരണത്തിലൂടെ സാധിക്കും.

ലോകജനസംഖ്യയില്‍ 4.1 ശതമാനം മാത്രമാണ് യു.എസിന്റെ സംഭാവന. ഇന്ത്യയും ചൈനയും ചേര്‍ന്നാല്‍ ലോകജനസംഖ്യയുടെ 40 ശതമാനത്തോളമാകും. യു.എസ് ആഗോള സമ്പദ് വ്യവസ്ഥയുടെ 14 ശതമാനം മാത്രമാണ് കൈയ്യാളുന്നത്. ഇന്ത്യയെ സംബന്ധിച്ച് യു.എസ് ഏറ്റവും പ്രധാനപ്പെട്ട ഒരു പങ്കാളിയല്ല, പല പങ്കാളികളില്‍ ഒന്നുമാത്രമാണ്. ആഗോളതലത്തില്‍ ഡോളര്‍ ക്ഷയിക്കുകയാണ്.

ഡി-ഡോളറൈസേഷന്‍ അതിന്റെ പുരോഗതിയിലാണ്. വൈകാതെ തന്നെ ഡോളറിന്റെ കുത്തക തകരും. ആഗോളവ്യാപാരത്തില്‍ ഡോളറിന്റെ ആധിപത്യം ഇടിയും’, ജെഫ്രി സാച്‌സ് പറഞ്ഞു.

അടിസ്ഥാന വികസനം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ചൈനയെ ആശ്രയിക്കാന്‍ ഇന്ത്യയെ യു.എസ് അനുവദിക്കില്ല. സ്വന്തം സമ്പദ്ഘടനയെ സംബന്ധിച്ച് യു.എസിന് സ്വാര്‍ത്ഥചിന്തയുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വര്‍ധിച്ചാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ നിരോധിച്ചതുപോലെ ഇന്ത്യന്‍ ഉത്പന്നങ്ങളും നിരോധിക്കും. അതിനുള്ള ഉദാഹരണമാണ് 50 ശതമാനം താരിഫ് വര്‍ധനവെന്നും സാച്‌സ് വിമര്‍ശിച്ചു.

BRICS 2025 Brazil

2025ല്‍ ബ്രസീലില്‍ നടന്ന് ബ്രിക്‌സ് ഉച്ചകോടി

യു.എസ് അനുകൂല സഖ്യമായ ക്വാഡ് പോലെയുള്ള സഖ്യങ്ങളില്‍ ഏര്‍പ്പെടുന്നതുകൊണ്ട് ഇന്ത്യയ്ക്ക് ഒരു നേട്ടവുമുണ്ടാകാന്‍ പോവുന്നില്ല. ക്വാഡ്ഗ്രൂപ്പുമായുള്ള ബന്ധം ഇന്ത്യയുടെ വിദേശനയത്തിന് പോലും ഭീഷണിയാണ്. യു.എസുമായി വ്യക്തിപരമായി സഹകരിക്കുന്നതില്‍ പ്രശ്‌നങ്ങളില്ല, എന്നാല്‍, യു.എസിന്റെ നയങ്ങളോടൊപ്പം മാത്രം ചേര്‍ന്നു നില്‍ക്കുന്നത് ഇന്ത്യയ്ക്ക് ഗുണം നല്‍കില്ല.

ചൈന, റഷ്യ, യു.എസ്, ആഫ്രിക്കന്‍ യൂണിയന്‍, യൂറോപ്യന്‍ യൂണിയന്‍, ബ്രിക്‌സ് തുടങ്ങി എല്ലാവരുമായും ഇന്ത്യ മികച്ച ബന്ധം തന്നെ തുടരണം. മറിച്ച്, യു.എസ് പക്ഷത്തോട് ചേര്‍ന്ന് ചൈനക്ക് എതിരെ നില്‍ക്കുന്നത് ശരിയായ നീക്കമല്ല.

ലോകത്ത് തന്നെ ആധിപത്യം സ്ഥാപിക്കണമെന്ന വ്യാമോഹത്തില്‍ കുടുങ്ങിക്കിടക്കുകയാണ് യു.എസ്. ചൈനയെ ഒതുക്കണമെന്നത് യു.എസിന്റെ മാത്രം ലക്ഷ്യമാണ്, അത് ഇന്ത്യയുടെ ലക്ഷ്യമല്ല. യു.എസിന്റെ മായികയില്‍ ഇന്ത്യ വീണുപോകാതെ എല്ലാവരുമായും ശക്തമായ ബന്ധങ്ങളുണ്ടാക്കണമെന്നും സാച്‌സ് നിര്‍ദേശിച്ചു.

അതേസമയം, മറ്റൊരു ലോകമഹായുദ്ധം ഉണ്ടാകാതിരിക്കാനുള്ള ലിബറല്‍ അന്താരാഷ്ട്ര ക്രമത്തിന് വേണ്ടിയാണ് തന്റെ പ്രവര്‍ത്തനമെന്ന ട്രംപിന്റെ വാദത്തേയും സാച്‌സ് തള്ളിക്കളഞ്ഞു.സി.ഐ.എയെ ഉപയോഗിച്ചുള്ള ഭരണ അട്ടിമറികള്‍, ഏകപക്ഷീയമായ ഉപരോധങ്ങള്‍, ഗാസയിലെ വംശഹത്യയ്ക്കുള്ള പിന്തുണ, ലോകമെമ്പാടും 800 സൈനിക താവളങ്ങള്‍ തുടങ്ങിവയൊക്കെ യു.എസിന്റെ ഒരു മുഖംമൂടി മാത്രമാണ്. യഥാര്‍ത്ഥത്തില്‍ യു.എസ് ശക്തി ക്ഷയിച്ചുവരികയാണ്. നിലവില്‍ ഇന്ത്യ, ചൈന, റഷ്യ, യു.എസ് എന്നിവ പ്രധാന ശക്തികളായി വരുന്ന ഒരു ബഹുധ്രുവ ലോകമാണ് മുന്നിലുള്ളതെന്നും സാച്‌സ് ചൂണ്ടിക്കാണിച്ചു.

ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍, യു.എസ് തുടങ്ങിയ രാജ്യങ്ങളുടെ സഖ്യമാണ് ‘ക്വാഡ്’. 2004ലുണ്ടായ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഭൂകമ്പത്തിനും സുനാമിക്കും പിന്നാലെ ഉടലെടുത്ത ‘സുനാമി കോര്‍ ഗ്രൂപ്പി’നെയും പുതിയ നയതന്ത്ര ബന്ധത്തിനെയും അടിസ്ഥാനമാക്കി രൂപീകരിച്ച ഗ്രൂപ്പാണ് ക്വാഡ്. 2007 ല്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് ക്വാഡിന്റെ രൂപീകരണത്തിന് മുന്‍കൈയ്യെടുത്തത്.

 

Content Highlight: Remaining in the Quad will not benefit India, it should be active in BRICS: Jeffrey Sachs