മോഹന്‍ലാലിന് ആശ്വാസം; ആനക്കൊമ്പ് കേസില്‍ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് കോടതി
Kerala News
മോഹന്‍ലാലിന് ആശ്വാസം; ആനക്കൊമ്പ് കേസില്‍ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th September 2023, 3:14 pm

കൊച്ചി: നടന്‍ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസിലെ തുടര്‍ നടപടികള്‍ ആറ് മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. വിചാരണക്കായി നവംബര്‍ മൂന്നിന് മോഹന്‍ലാലിനോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതടക്കമുള്ള നടപടികളാണ് ഇപ്പോള്‍ കോടതി സ്‌റ്റേ ചെയ്തിട്ടുള്ളത്.

മോഹന്‍ലാലിന്റെ ഹരജിയില്‍ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ്‌ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇതോടെ അടുത്ത മാസം ഹാജരാകുന്നതടക്കമുള്ള നടപടികളില്‍ നിന്ന് മോഹന്‍ലാലിന് മാറിനില്‍ക്കാം.

കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു നവംബര്‍ മൂന്നിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. ഇതിനെതിരെ കൂടിയായിരുന്നു മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു പെരുമ്പാവൂര്‍ കോടതി കേസില്‍ മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ചത്.

2011 ഡിസംബര്‍ 21നാണ് മോഹന്‍ലാലിന്റെ കൊച്ചി തേവരയിലുള്ള വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ പിടികൂടിയത്. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലായിരുന്നു രണ്ട് ജോഡി ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. പിന്നീട് ആനക്കൊമ്പുകള്‍ കൈവശം വെച്ചതിന് വനം വകുപ്പും നടനെതിരെ കേസെടുത്തു.

ഈ കേസുമായി ബന്ധപ്പെട്ട തുടര്‍നടപടികളാണ് ഇപ്പോള്‍ ആറ് മാസത്തേക്ക് സ്‌റ്റേ ചെയ്തിരിക്കുന്നത്. വിധി മോഹന്‍ലാലിന് ആശ്വാസം നല്‍കുന്നതാണ് എന്നാണ് വിലയിരുത്തല്‍.

CONTENT HIGHLIGHTS: Relief for Mohanlal; The court stayed further proceedings in the ivory case