കോടികളുടെ തട്ടിപ്പ് കേസ്; അനില്‍ അംബാനിയുടെ സഹായി, റിലയന്‍സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് അറസ്റ്റില്‍
India
കോടികളുടെ തട്ടിപ്പ് കേസ്; അനില്‍ അംബാനിയുടെ സഹായി, റിലയന്‍സ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th October 2025, 9:00 pm

ന്യൂദല്‍ഹി: 17,000 കോടിയുടെ വായ്പ തട്ടിപ്പ് കേസില്‍ റിലയന്‍സ് പവര്‍ ലിമിറ്റഡിന്റെ എക്‌സിക്യൂട്ടീവിനെ അറസ്റ്റ് ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ അശോക് കുമാര്‍ പാലാണ് അറസ്റ്റിലായത്. നിലവില്‍ കോടതി അശോക് കുമാറിനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടതായാണ് വിവരം.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇ.ഡിയുടെ നടപടി. അനില്‍ അംബാനിയുടെ അടുത്ത സഹായിയാണ് അറസ്റ്റിലായ അശോക് കുമാര്‍ പാലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2017ലും 2019ലുമായി യെസ് ബാങ്ക് അനുവദിച്ച വായ്പകളിലെ 3000 കോടിയോളം രൂപ വ്യാജ കമ്പനികളിലേക്കും അംബാനിയുടെ അനുബന്ധ സ്ഥാപനങ്ങളിലേക്കും ക്രമവിരുദ്ധമായി മാറ്റിയെന്ന് അടുത്തിടെ ഇ.ഡി കണ്ടെത്തിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് അശോക് കുമാര്‍ പാലിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അശോക് കുമാര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി പവര്‍ ലിമിറ്റഡിന്റെ സി.ഇ.ഒയാണ്.

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് 14,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും ഇ.ഡി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് നാഷണല്‍ ഹൗസിങ് ബാങ്ക്, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിങ് അതോറിറ്റി (എന്‍.എഫ്.ആര്‍.എ), ബാങ്ക് ഓഫ് ബറോഡ അടക്കമുള്ള ഒന്നിലധികം റെഗുലേറ്ററി, ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും സി.ബി.ഐ ഫയല്‍ ചെയ്ത രണ്ട് എഫ്.ഐ.ആറുകളുടെയും അടിസ്ഥാനത്തില്‍ അനില്‍ അംബാനിയുടെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് പുറമെ മൊബൈല്‍ ടവര്‍ സ്ഥാപനമായ റിലയന്‍സ് ഇന്‍ഫ്രാടെല്‍ (ആര്‍.ഐ.ടി.എല്‍), ടെലികോം സേവന കമ്പനിയായ റിലയന്‍സ് ടെലികോം (ആര്‍.ടി.എല്‍), റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ (ആര്‍.സി.ഐ.എല്‍), നെറ്റിസണ്‍, റിലയന്‍സ് വെബ്സ്റ്റോര്‍ (ആര്‍.ഡബ്ല്യു.എസ്.എല്‍) എന്നീ കമ്പനികളും ഇ.ഡിയുടെ അന്വേഷണത്തിന്റെ പരിധിയിലുണ്ട്.

Content Highlight: Reliance Group executive arrested in loan fraud case worth crores