നാനിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം; ശ്യാം സിംഘ റോയ്‌യുടെ റിലീസിംഗ് പ്രഖ്യാപിച്ചു
Entertainment news
നാനിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം; ശ്യാം സിംഘ റോയ്‌യുടെ റിലീസിംഗ് പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 18th October 2021, 2:58 pm

രാജമൗലിയുടെ ഈച്ച (നാന്‍ ഈ) എന്ന ചിത്രത്തിലൂടെ സുപരിചിതനായ, തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാനിയുടെ പുതിയ ചിത്രം ‘ശ്യാം സിംഘ റോയ്’യുടെ റിലീസിംഗ് തീയ്യതി പ്രഖ്യാപിച്ചു. ഡിസംബര്‍ 24ന് ക്രിസ്മസ് റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

രാഹുല്‍ സംകൃതിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം തിയേറ്റര്‍ റിലീസ് ചെയ്യുന്ന സായ് പല്ലവിയുടെ രണ്ടാമത് ചിത്രമാകും ശ്യാം സിംഘ റോയ്.

ഇപ്പോള്‍ നാനിയുടെ ക്യരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. വാസുവെന്ന ബംഗാളി കഥാപാത്രത്തെയാണ് നാനി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

നേരത്തെ ശൂലവും കൈയിലേന്തി നില്‍ക്കുന്ന സായ് പല്ലവിയുടെ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

നാനിയുടെ സിനിമാ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന നിലയിലാണ് ടോളിവുഡ് ആരാധകര്‍ ചിത്രത്തെ നോക്കിക്കാണുന്നത്. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

നാനി സായ് പല്ലവി എന്നിവര്‍ക്ക് പുറമെ കൃതി ഷെട്ടി, മഡോണ സെബാസ്റ്റിയന്‍, രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ, അഭിനവ് ഗോമതം, ജിഷ്ണു സെന്‍ ഗുപ്ത, ലീല സാംസണ്‍, മനീഷ് വധ്വ, ബരുണ്‍ ചന്ദ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിഹാരിക എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വെങ്കട് ബോയനപ്പള്ളിയാണ് ചിത്രം നിര്‍മിക്കുന്നത്. സത്യദേവ് ജാങ്കയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

സനു ജോണ്‍ വര്‍ഗീസ് ഛായാഗ്രഹണവും നവീന്‍ നൂലി എഡിറ്റിംഗും നിര്‍വഹിക്കുന്നു. മിക്കി ജെ. മെയറാണ് ചിത്രത്തിന്റെ ഗാനങ്ങളൊരുക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Releasing date of the film Shyam Singa Roy is announced