രാജ്യസഭയില്‍നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാരുടെ റിലേ പ്രതിഷേധം; ആദ്യ ദിനം ഓപ്പണ്‍ എയറില്‍
natioanl news
രാജ്യസഭയില്‍നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട എം.പിമാരുടെ റിലേ പ്രതിഷേധം; ആദ്യ ദിനം ഓപ്പണ്‍ എയറില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th July 2022, 11:25 am

ന്യൂദല്‍ഹി: രാജ്യസഭയില്‍നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് 50 മണിക്കൂര്‍ നീണ്ട റിലേ പ്രതിഷേധത്തിലേക്ക് നീങ്ങിയ എം.പിമാര്‍ ആദ്യ ദിനം പാര്‍ലമെന്റ് മന്ദിരത്തിനുള്ളിലെ ഓപ്പണ്‍ എയറില്‍ ചിലവഴിച്ചു.

പ്രതിഷേധവുമായി ബന്ധപ്പെട്ട വീഡിയോകള്‍ എം.പിമാര്‍ ഓണ്‍ലൈനിലൂടെ പങ്കുവെച്ചിരുന്നു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ഏഴ് പേര്‍  തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നുള്ളവരും ആറ് പേര്‍ ഡി.എം.കെ അംഗങ്ങളുമാണ്.

ഇവരെ കൂടാതെ ടി.ആര്‍.എസ്സില്‍ നിന്നും മൂന്ന് എം.പിമാരും സി.പി.ഐ.എം, സി.പി.ഐ. എ.എ.പി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള ഓരോ എം.പിമാര്‍ വീതമാണ് തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി സഭയില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടത്.

പ്രതിഷേധിക്കുന്ന എം.പിമാര്‍ ടെന്റ് വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും പാര്‍ലമെന്റിനകത്ത് ഒരുതരത്തിലുള്ള കെട്ടിടവും നിര്‍മിക്കാന്‍ സാധ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ആവശ്യം നിരസിച്ചിരുന്നു.

എന്നാല്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ലൈബ്രറിയിലെ കുളിമുറിയും ടോയ്ലറ്റും ഉപയോഗിക്കാന്‍ അവര്‍ക്ക് അനുമതിയുണ്ട്. തന്റെ സഹപ്രവര്‍ത്തകര്‍ തുറസ്സായ സ്ഥലത്ത് ഉറങ്ങാന്‍ തയ്യാറെടുക്കുന്ന ഫോട്ടോ തൃണമൂല്‍ എം.പിയായ ഡെറിക് ഒബ്രിയെന്‍ പോസ്റ്റ് ചെയ്തിരുന്നു.

സസ്പെന്‍ഷനിലായിരിക്കുന്ന എം.പിമാരോട് 50 മണിക്കൂര്‍ പ്രതിഷേധിക്കരുതെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ‘ഞങ്ങളിവിടെ സുഖമായി ഉറങ്ങുന്നു, നിങ്ങളും വീട്ടില്‍ പോയി സുഖമായി ഉറങ്ങൂ’ എന്ന് ഡെറിക് ട്വിറ്ററില്‍ കുറിച്ചു

വ്യാഴാഴ്ച ഡി.എം.കെ പ്രാതലും, ടി.എം.സി ഉച്ചഭക്ഷണവും, എ.എ.പി അത്താഴവും ക്രമീകരിക്കും.

എം.പിമാര്‍ക്കുള്ള ടെന്റ് പണിയുന്നതിനുള്ള ചുമതല എ.എ.പിക്കായിരുന്നുവെങ്കിലും അതിനുള്ള അനുമതി പാര്‍ലമെന്റ് അധികൃതര്‍ നിഷേധിച്ചിരുന്നു.

ചൊവ്വാഴ്ച രാജ്യസഭയില്‍ നിന്ന് 19 പേരെയും, അതിന് മുമ്പ് ലോക്‌സഭയിലെ നാല് എം.പിമാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാജ്യസഭാധ്യക്ഷന് നേര്‍ക്ക് പേപ്പര്‍ വലിച്ചെറിഞ്ഞതിനാണ് ആം ആദ്മി പാര്‍ട്ടി (എ.എ.പി) എം.പിക്ക് ബുധനാഴ്ച സസ്‌പെന്‍ഷന്‍ നേരിടേണ്ടിവന്നത്.

സഭാനടപടികള്‍ തടസപ്പെടുത്തിയെന്ന പേരിലാണ് എം.പിമാരെ രാജ്യസഭയില്‍ നിന്ന് ഈ സമ്മേളനകാലത്ത് സസ്‌പെന്‍ഡ് ചെയ്തിട്ടുള്ളത്. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ് ആയിരുന്നു ചെയറില്‍ ഉണ്ടായിരുന്നത്.

 

Content Highlight: Relay protest of MPs suspended from Rajya Sabha; First day in open air