1986ല്‍ പുറത്തിറങ്ങിയ പുന്നഗൈ മന്നന്‍ എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് അരങ്ങേറിയ നടിയാണ് രേഖ. സിദ്ദിഖ് -ലാല്‍ കൂട്ടുകെട്ടിന്റെ റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ മലയാള ചലച്ചിത്ര മേഖലയിലും രേഖ തന്റെ സ്ഥാനം ഉറപ്പിച്ചു. വലിയൊരു ഇടവേളക്ക് ശേഷം രേഖ അഭിനയിച്ച മലയാള സിനിമയായിരുന്നു കഴിഞ്ഞ വര്‍ഷമിറങ്ങിയ ഗുരുവായൂരമ്പലനടയില്‍.
ഇപ്പോള്‍ മലയാള സിനിമയിലെ ആദ്യകാല നായികമാരുടെ സൗന്ദര്യത്തെ കുറിച്ച് സംസാരിക്കുകയാണ് രേഖ. ആദ്യ കാലത്തെ നായികമാരെല്ലാം സ്വാഭാവിക ഭംഗിയുള്ളവരാണെന്നും അതുകൊണ്ടുതന്നെ അക്കാലത്തെ നായികമാര്‍ ആളുകളുടെ മനസിലേക്ക് വേഗമെത്തുമെന്നും രേഖ പറയുന്നു.
അന്നൊന്നും അധികം മേക്കപ്പ് ഉപയോഗിക്കാറില്ലെന്നും എന്നാല്‍ നായികമാരെല്ലാം സുന്ദരിമാരായിരുന്നുവെന്നും രേഖ പറഞ്ഞു. ഉര്‍വശിയെ സിനിമയിലും അല്ലാതെയും കാണാന്‍ നല്ല ഭംഗിയാണെന്നും നടി കൂട്ടിച്ചേര്‍ത്തു. താന്‍ ശോഭനയുടെ വലിയ ആരാധികയാണെന്നും ശോഭനയുടെ മുടിയും കണ്ണുമെല്ലാം കാണാന്‍ മനോഹരമാണെന്നും രേഖ വ്യക്തമാക്കി. കൈരളിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രേഖ.
‘ആദ്യ കാലത്തെ സിനിമകളിലെ നായികമാരുടെ മുഖം വേഗം ആളുകളുടെ മനസിലേക്ക് എത്തും. കാരണം അവരെല്ലാവരും നാച്ചുറലി ഭംഗിയുള്ളവരാണ്. എല്ലാവരും തന്നെ ഭയങ്കര ട്രെഡിഷനലാണ്. അന്നൊന്നും അധികം മേക്കപ്പ് ഒന്നും ഇടില്ല. കൂടിവന്നാല്‍ ഞങ്ങള്‍ തന്നെ ഒരു ഫെയര്‍ ആന്‍ഡ് ലവ്ലി തേച്ചിട്ട് കണ്ണെഴുത്തും. അത്രതന്നെ.
ഇപ്പോഴല്ലേ ഇത്രയും മേക്കപ്പൊക്കെ വന്നത്. എന്നാലും ആദ്യകാലത്തെ നടിമാരെ കാണാന്‍ ഒരു പ്രത്യേക ഭംഗിയായായിരുന്നു. ഉര്‍വശി ചേച്ചിയെയെല്ലാം സ്‌ക്രീനിലും അല്ലാതെയും കാണാന്‍ എന്തൊരു ഭംഗിയാണ്! അതുപോലത്തെന്നെയാണ് ശോഭനയും. ഞാന്‍ അവരുടെ വലിയൊരു ഫാന്‍ ഗേള്‍ ആണ്. എന്ത് ഭംഗിയാണ് അവരുടെ മുടിയും കണ്ണുമെല്ലാം കാണാന്‍. അവര്‍ സ്ലോ മോഷനില്‍ നടന്നുവരുന്നതെല്ലാം കണ്ടാല്‍ അങ്ങ് ഇഷ്ടപ്പെട്ട് പോകും,’ രേഖ പറയുന്നു.