കിയവ്: സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ഉക്രൈന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കി. ആരും തന്നെ അനന്തമായ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും സെലന്‍സ്‌കി പറഞ്ഞു.
ശാശ്വത സമാധാനം കൈവരിക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ താനും സംഘവും തയ്യാറാണെനന്നും അദ്ദേഹം അറിയിച്ചു. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സെലന്‍സ്‌കി ഇക്കാര്യം വ്യക്തമാക്കിയത്.
Хочу ще раз наголосити, що Україна прагне до миру.
Ніхто з нас не хоче нескінченної війни. Україна готова якнайшвидше сісти за стіл переговорів, щоб наблизити надійний мир. Ніхто не хоче миру більше, ніж українці. Ми з моєю командою готові працювати під сильним лідерством…
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) March 4, 2025
യുദ്ധം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും സെലന്‍സ്‌കി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ തടവുകാരുടെ മോചനം, വെടിനിര്‍ത്തല്‍, മിസൈലുകള്‍, ദീര്‍ഘദൂര ഡ്രോണുകള്‍, ഊര്‍ജ ബോംബിങ്, മറ്റ് സിവിലിയന്‍ ഇന്‍ഫ്രാസ്ട്രക്ചറുകള്‍ എന്നിവയുടെ നിരോധനം എന്നിവ നടപ്പിലാക്കുമെന്നും സെലന്‍സ്‌കി അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തോട് റഷ്യയും സഹകരിക്കണമെന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു. ഉക്രൈന്റെ പരമാധികാരവും സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ അമേരിക്ക അത്രമാത്രം സഹായിച്ചിട്ടുണ്ടെന്നും സെലന്‍സ്‌കി കുറിപ്പില്‍ പറഞ്ഞു.
വൈറ്റ് ഹൗസില്‍ നടന്ന യോഗം ആസൂത്രണം ചെയ്തതുപോലെ നടക്കാത്തതില്‍ ഖേദമുണ്ടെന്നും വാഗ്വാദം നിര്‍ഭാഗ്യകരമാണെന്നും സെലന്‍സ്‌കി അറിയിച്ചു. ക്രിയാത്മകമായി സഹകരിക്കാനും ആശയവിനിമയം നടത്താനും ഉക്രൈന്‍ നിലവില്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധാതുക്കരാറില്‍ ഒപ്പിടാന്‍ തയ്യാറാണെണെന്നും കരാര്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും സെലന്‍സ്‌കി പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച വൈറ്റ് ഹൗസില്‍ നടന്നത്. ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും സെലെന്‍സ്‌കിയെ അപമാനിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ട്രംപും സെലന്‍സ്‌കിയും തമ്മില്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തുടര്‍ന്ന് സെലന്‍സ്‌കിയോട് വൈറ്റ് ഹൗസില്‍ നിന്ന് പുറത്ത് പോകാന്‍ ട്രംപ് ഉത്തരവിടുകയായിരുന്നു. പിന്നാലെ വൈറ്റ് ഹൗസില്‍ നിന്ന് പുറത്തിറക്കിയ സെലന്‍സ്‌കി ധാതുക്കരാറില്‍ ഒപ്പുവെക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇതിനുപിന്നാലെ ഉക്രൈനുള്ള എല്ലാ സൈനിക സഹായങ്ങളും താത്കാലികമായി നിര്‍ത്തിവെക്കാന്‍ ട്രംപ് ഉത്തരവിട്ടു. വിമാനങ്ങളിലും കപ്പലുകളിലും കൊണ്ടുപോകുന്ന ആയുധങ്ങള്‍ ഉള്‍പ്പെടെ കൈമാറില്ലെന്ന് ഉത്തരവില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ-ഉക്രൈന്‍ യുദ്ധം മൂന്ന്വര്‍ഷം പിന്നിടുമ്പോള്‍, വാഷിങ്ടണ്‍ കോടിക്കണക്കിന് ഡോളര്‍ സഹായം ഉക്രൈന് കൈമാറിയിട്ടുണ്ട്.
ഇതിനിടെ വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നിന്ന്ഇറക്കിവിട്ടതിന് പിന്നാലെ സെലന്‍സ്‌കിക്ക് പിന്തുണയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രംഗത്തെത്തിയിരുന്നു. ബ്രിട്ടനിലെത്തിയ സെലന്‍സ്‌കിക്ക് ഊഷ്മളമായ സ്വീകരണം ഒരുക്കിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഉക്രൈന് 2.8 ബില്യണ്‍ ഡോളര്‍ വായ്പയായി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.
Content Highlight: Regrets failed meeting with Trump, ready for peace talks: Zelensky