2026 ഫിഫ ലോകകപ്പ് ഫൈനല്‍ പോരാട്ടം ഒരുങ്ങുകയാണ്. ജൂലൈ 20ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും സ്‌പെയ്‌നുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.
2022 ഖത്തര്‍ ലോകകപ്പില്‍ കിരീടം സ്വന്തമാക്കിയ അര്‍ജന്റീന ഇത്തവണ കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്. ചരിത്രത്തിലെ ആറാം ഫൈനല്‍ പോരാട്ടത്തിനാണ് അര്‍ജന്റീന ഒരുങ്ങുന്നത്.
മറുഭാഗത്ത് സ്‌പെയ്ന്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കലാശപ്പോരിന് യോഗ്യത നേടിയത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. 2010ല്‍ ലോകകിരീടം ചൂടിയതിന് ശേഷം ചരിത്രത്തിലെ രണ്ടാം കിരീടമായിരിക്കും സ്‌പെയ്ന്‍ ലക്ഷ്യം വെക്കുക.
ഫൈനലിന്റെ ആവേശത്തിനൊപ്പം മത്സരം നിയന്ത്രിക്കുന്ന റഫറിമാരുടെ പേരും ചര്‍ച്ചകളില്‍ നിറയുകയാണ്. സ്ലോവേനിയന്‍ റഫറി സ്ലാവോ വിന്‍സിച്ചാണ് കലാശപ്പോരാട്ടം നിയന്ത്രിക്കുക.
സ്ലാവോ വിന്‍സിച്ച് എന്ന പേര് ഓരോ അര്‍ജന്റൈന്‍ ആരാധകര്‍ക്കും അല്‍പ്പം ആശങ്കയുണ്ടാക്കുന്നതാണ്. ഈ പേര് അര്‍ജന്റീന ആരാധകരെ നാല് വര്‍ഷം പുറകോട്ട് കൊണ്ടുപോയിട്ടുണ്ടാവും.
2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന പരാജയപ്പെട്ട ഏക മത്സരം നിയന്ത്രിച്ചത് വിന്‍സിച്ചായിരുന്നു. സൗദി അറേബ്യ-അര്‍ജന്റീന മത്സരത്തിന്റെ റഫറി വിന്‍സിച്ചായിരുന്നു.
സൗദി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയെ കീഴടക്കിയിരുന്നത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളില്‍ ഒന്നായിരുന്നു ഇത്.
ഇപ്പോള്‍ നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഫൈനല്‍ പോരാട്ടത്തില്‍ ഇതേ റഫറി തന്നെ വീണ്ടും അര്‍ജന്റീനയുടെ മുന്നിലെത്തുമ്പോള്‍ എന്ത് സംഭവിക്കുമെന്നണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
മറുഭാഗത്ത് സ്‌പെയ്‌നിന്റെ ഒരുപാട് മത്സരങ്ങള്‍ സ്ലോവേനിയന്‍ റഫറി നിയന്ത്രിച്ചിട്ടുണ്ട്. 2017ല്‍ കൊളംബിയക്കെതിരെയുള്ള സൗഹൃദ മത്സരം, 2020 യൂറോ കപ്പില്‍ സ്വീഡനെതിരെയുള്ള മത്സരം, 2023 യുവേഫ നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ ഫ്രാന്‍സിനെതിരെയുള്ള മത്സരം എന്നിവ നിയന്ത്രിച്ചിരുന്നത് വിന്‍സിച്ച് ആയിരുന്നു. 2024 യൂറോകപ്പില്‍ ഇറ്റലിക്കെതിരെയുള്ള മത്സരവും ഈ റഫറി തന്നെയാണ് നിയന്ത്രിച്ചത്.
ഇതില്‍ കൊളംബിയ, സ്വീഡന്‍ എന്നീ ടീമുകള്‍ക്കെതിരെയുള്ള മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ ഫ്രാന്‍സിനെതിരെയും ഇറ്റലിക്കെതിരെയും സ്പാനിഷ് പട വിജയിച്ചുകയറി.
Content Highlight: Referee Slavko Vincic officiate the Argentina-Spain World Cup final is under discussion