റിഫാത്ത് അല്‍-അറൈര്‍; ഗസയുടെ പ്രിയപ്പെട്ട കവി
Zaitooninte Makkal
റിഫാത്ത് അല്‍-അറൈര്‍; ഗസയുടെ പ്രിയപ്പെട്ട കവി
ആര്യ. പി
Sunday, 12th October 2025, 3:08 pm
റിഫാത്തിനെ പോലുള്ളവര്‍ക്ക് മരണമില്ലെന്ന് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ പറയുന്നു. അവര്‍ എങ്ങനെയോ മരണത്തെയും വേദനയെയും മറികടന്ന് പ്രത്യാശയുടെയും ശക്തിയുടെയും വിശ്വാസത്തിന്റെയും ഉറവിടമായി നമ്മിലേക്ക് തന്നെ മടങ്ങിവരുമെന്നാണ് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നത്.| സൈത്തൂണിന്റെ മക്കള്‍ ഭാഗം - 2

ഫലസ്തീന്‍ ബുദ്ധിജീവി, ഗസയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍, അധ്യാപകന്‍ ചുരുങ്ങിയ വാക്കുകളില്‍ ഡോ. റിഫാത്ത് അല്‍ അറൈറിനെ ഇങ്ങനെ പരിചയപ്പെടുത്താം.

2023 ഡിസംബര്‍ 6 ന് ഗസയിലെ അല്‍-ഷുജയ്യയിലുള്ള തന്റെ സഹോദരിയുടെ വീട്ടില്‍ കഴിയവെ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ റിഫാത്തും അദ്ദേഹത്തിന്റെ സഹോദരനും സഹോദരിയും മകളും നാല് അനന്തരവന്‍മാരും കൊല്ലപ്പെട്ടു.

റിഫാത്തിനെ ഇസ്രഈല്‍ മനഃപൂര്‍വ്വം ലക്ഷ്യം വെച്ചതായിരുന്നെന്നും അദ്ദേഹം താമസിച്ച കെട്ടിടം മുഴുവന്‍ സര്‍ജിക്കല്‍ ബോംബ് ഉപയോഗിച്ച് തകര്‍ത്തെന്നും മനുഷ്യാവകാശ സംഘടനയായ യൂറോ-മെഡ് മോണിറ്റര്‍ പ്രസ്താവനയിറക്കിയിരുന്നു.

‘ഇസ്രഈലി അക്കൗണ്ടുകളില്‍ നിന്നും ഫോണിലൂടെയും റിഫാത്തിന് നിരവധി വധഭീഷണികള്‍ ലഭിച്ച ശേഷമായിരുന്നു ഈ ആക്രമണമെന്ന് സംഘടന വ്യക്തമാക്കിയിരുന്നു.

 

പതിനഞ്ച് വര്‍ഷത്തിലേറെയായി ഗസയിലെ ഇസ്‌ലാമിക്‌ യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് സാഹിത്യ പ്രൊഫസറായിരുന്നു റിഫാത്ത്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ അദ്ദേഹം പഠിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വത്തില്‍ അളവറ്റ സ്വാധീനം ചെലുത്തിയ മനുഷ്യന്‍.

കവിതകള്‍ ഉറക്കെ വായിക്കാനും ചെറുകഥകള്‍ എഴുതാനും വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപകന്‍.

റിഫാത്തിനെ സംബന്ധിച്ചിടത്തോളം അധ്യാപനം വെറുമൊരു ജോലിയായിരുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ചലനാത്മകവും പരിവര്‍ത്തനാത്മകവുമായ ഒരു അനുഭവം അദ്ദേഹം സമ്മാനിച്ചു. നല്ല മനുഷ്യനായിരിക്കുക, എന്ന ആശയമാണ് വിദ്യാര്‍ത്ഥികള്‍ക്ക് അദ്ദേഹം പകര്‍ന്നു നല്‍കിയത്.

പുതിയ ചിന്തകള്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും പങ്കുവെക്കാനും അവരുടെ പ്രതികരണങ്ങളും പ്രതിവാദങ്ങളും രേഖപ്പെടുത്താനും അദ്ദേഹം വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ചു.

ശത്രുവിലും മനുഷ്യനെ കാണാന്‍ തങ്ങളെ പഠിപ്പിച്ച അധ്യാപകനാണ് റിഫാത്തെന്ന് വിദ്യാര്‍ത്ഥികള്‍ ഓര്‍ക്കുന്നു.

ഷേക്സ്പീരിയന്‍ ഡ്രാമകള്‍ ഇഷ്ടപ്പെടുകയും ഫലസ്തീനികള്‍ എന്ന നിലയില്‍, അടിച്ചമര്‍ത്തപ്പെട്ട ജൂതനായ ഷൈലോക്കിനെയും ക്രിസ്ത്യന്‍ കഥാപാത്രങ്ങളെയും കുറിച്ച് സംസാരിക്കുന്ന അധ്യാപകന്‍.

ഹോളോകോസ്റ്റിനെക്കുറിച്ചും സെമിറ്റിക് വിരുദ്ധതയുടെ അപകടത്തെക്കുറിച്ചും അദ്ദേഹം വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചു.

അടിച്ചമര്‍ത്തപ്പെട്ട രാജ്യങ്ങളുടെ പോരാട്ടത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും അവരോട് നമ്മുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുന്ന അധ്യാപകന്‍ കൂടിയായിരുന്നു റിഫാത്ത്.

ജൂതമതവും സയണിസവും തമ്മിലുള്ള ആശയക്കുഴപ്പത്തില്‍ വിദ്യാര്‍ത്ഥികളോട് സ്വയം തിരുത്തല്‍ ആവശ്യപ്പെടുന്ന അധ്യാപകന്‍.

തന്റെ ക്ലാസ് മുറിയിലൂടെ കടന്നുപോയ ഓരോ വിദ്യാര്‍ത്ഥിയേയും അദ്ദേഹം പിന്തുണച്ചു, വിശ്വസിച്ചു. അവരുടെ കഴിവുകള്‍ കണ്ടെത്താന്‍ സഹായിച്ചു. ഫലസ്തീനില്‍ യഥാര്‍ത്ഥ മാറ്റമുണ്ടാക്കാന്‍ പോകുന്നവര്‍ നിങ്ങള്‍ വിദ്യാര്‍ത്ഥികളാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.

റിഫാത്ത് എപ്പോഴും തന്റെ വിദ്യാര്‍ത്ഥികളെക്കുറിച്ച് ചിന്തിക്കുകയും ലോകവുമായി അവരെ ബന്ധിപ്പിക്കുന്നതിന് പല ആശയങ്ങള്‍ ആലോചിക്കുകയും ചെയ്തിരുന്നു.

ഗസയിലെ ഉപരോധം കാരണം വിസിറ്റിംഗ് പ്രൊഫസര്‍മാര്‍ക്കും എഴുത്തുകാര്‍ക്കും യൂണിവേഴ്സിറ്റികളില്‍ ക്ലാസെടുക്കുന്നത് അസാധ്യമാക്കി. എന്നാല്‍ തന്റെ ബന്ധമുപയോഗിച്ച് ലോകമെമ്പാടുമുള്ള ഗസ്റ്റ് പ്രൊഫസര്‍മാര്‍, സ്പീക്കറുകള്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരെ കൊണ്ടുവന്ന് ഓരോ സെമസ്റ്ററിലും ഓണ്‍ലൈന്‍ സെഷനുകള്‍ സംഘടിപ്പിക്കാന്‍ റിഫാത്തിനായി.

ബിരുദം നേടിയാലും വിദ്യാര്‍ത്ഥികളോടുള്ള തന്റെ കരുതല്‍ അദ്ദേഹം അവസാനിപ്പിച്ചില്ല. ജോലികള്‍, പ്രോജക്ടുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയ്ക്കായി അദ്ദേഹം എപ്പോഴും വിദ്യാര്‍ത്ഥികളെ ശുപാര്‍ശ ചെയ്തു. തന്റെ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും ജോലി ലഭിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തി.

കഴിവുകള്‍ പാഴായിപ്പോകുന്നത് അദ്ദേഹത്തിന് ഇഷ്ടമില്ലായിരുന്നു എന്നാണ് ഇതേ കുറിച്ച് വിദ്യാര്‍ത്ഥികള്‍ തന്നെ പറയുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുള്ള ഒരു രാജ്യത്ത് ഓരോ വിദ്യാര്‍ത്ഥിയും സാമ്പത്തികമായി സ്വതന്ത്രരായി കാണണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

ഉദാഹരണത്തിന്, ഗസയിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ എല്ലാ വര്‍ഷവും ഒരു വിദ്യാര്‍ത്ഥിയെ മാത്രമേ ടീച്ചിംഗ് അസിസ്റ്റന്റായി നിയമിക്കൂ എന്ന പതിവ് നിലവിലുണ്ടായിരുന്നെങ്കിലും അദ്ദേഹം ഡിപ്പാര്‍ട്ട്മെന്റിന്റെ വൈസ് ചെയര്‍മാനായിരുന്നപ്പോള്‍, അഞ്ച് ബിരുദ വിദ്യാര്‍ത്ഥികളെ വരെ ട്രെയിനിമാരായി നിയമിക്കാന്‍ മുന്‍കൈ എടുത്തു.

റിഫാത്തിനെ പോലുള്ളവര്‍ക്ക് മരണമില്ലെന്ന് അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ പറയുന്നു. അവര്‍ എങ്ങനെയോ മരണത്തെയും വേദനയെയും മറികടന്ന് പ്രത്യാശയുടെയും ശക്തിയുടെയും വിശ്വാസത്തിന്റെയും ഉറവിടമായി നമ്മിലേക്ക് തന്നെ മടങ്ങിവരുമെന്നാണ് ഇവര്‍ ഉറച്ചുവിശ്വസിക്കുന്നത്.

റിഫാത്തിന്റെ ‘ഞാന്‍ മരിക്കണം’ എന്ന കവിത ഇരുനൂറ്റമ്പതിലധികം ഭാഷകളിലേക്കാണ് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങളില്‍ ഈ കവിത ഗസയുടെ സഹിഷ്ണുതയുടെ ഗാനമായി മാറി.

‘ഞാന്‍ മരിക്കണമെങ്കില്‍, / നിങ്ങള്‍ ജീവിക്കണം, / എന്റെ കഥ പറയണം.’…എന്ന് തുടങ്ങുന്ന കവിതയിലെ വരികള്‍ ഇന്ന് പ്രാവര്‍ത്തികമാക്കുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോരുത്തരും.

മരിക്കുന്നതിന് വെറും രണ്ട് ദിവസം മുമ്പ് ഫലസ്തീന്റെ ചെറുത്തുനില്‍പ്പിനെ കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി.

‘ഇസ്രഈലിന്റെ കൂടുതല്‍ ഭീകരമായ ബോംബാക്രമണങ്ങള്‍… ഇന്ന് പുലര്‍ച്ചെ നമ്മള്‍ മരിച്ചേക്കാം. എന്റെ അയല്‍പക്കത്തെയും എന്റെ നഗരത്തെയും ആക്രമിക്കുന്ന ഇസ്രഈലിന്റെ വംശഹത്യ ഭ്രാന്തന്മാരോട് പോരാടി മരിക്കാന്‍ ഒരു സ്വാതന്ത്ര്യ സമര സേനാനി ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’

ഇസ്രഈലിനെക്കുറിച്ചുള്ള റിഫാത്തിന്റെ വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ അദ്ദേഹത്തെ ഇസ്രഈല്‍ വിരുദ്ധനും സെമിറ്റിക് വിരുദ്ധനുമായി എളുപ്പത്തില്‍ മാറ്റി.

ഹമാസ് ഒരു കുഞ്ഞിനെ അടുപ്പില്‍ വെച്ചു കൊന്നുവെന്ന ഇസ്രഈലിന്റെ അവകാശവാദത്തിന് മറുപടിയായി, ‘ബേക്കിംഗ് പൗഡര്‍ ഉപയോഗിച്ചോ അല്ലാതെയോ’ എന്നായിരുന്നു റിഫാത്ത് പ്രതികരിച്ചത്. ഇത്തരം പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ വലിയ രീതിയിലുള്ള ക്യാമ്പയിനുകള്‍ അദ്ദേഹത്തിനെതിരെ നടന്നു. താന്‍ കൊല്ലപ്പെടുന്നുണ്ടെങ്കില്‍ അതിനുത്തരവാദികള്‍ ഇസ്രഈല്‍ മാത്രമായിരിക്കുമെന്ന് റിഫാത്ത് പല ഘട്ടത്തിലും പറഞ്ഞിരുന്നു

തന്റെ അവസാനത്തെ പൊതു അഭിമുഖങ്ങളിലൊന്നില്‍, ആവശ്യമെങ്കില്‍, താന്‍ ജീവിച്ച അതേ പേനകൊണ്ട് തന്നെ മരിക്കുമെന്ന് റിഫാത്ത് പ്രതിജ്ഞയെടുത്തിരുന്നു.

‘ഞാന്‍ ഒരു അക്കാദമിക് വിദഗ്ദ്ധനാണ്. എന്റെ വീട്ടില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും കടുപ്പമേറിയ ആയുധം ഒരു എക്സ്പോ മാര്‍ക്കറാണ്. പക്ഷേ ഇസ്രഈലികള്‍ നമ്മളെ ആക്രമിക്കുകയോ, വീടുതോറും കയറി നമ്മളെ കൂട്ടക്കൊല ചെയ്യാനോ വന്നാല്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന അവസാന കാര്യമാണെങ്കില്‍ പോലും, ആ മാര്‍ക്കര്‍ ഉപയോഗിച്ച് ഞാന്‍ ആ ഇസ്രഈലി പട്ടാളക്കാരനെ പ്രതിരോധിക്കും,’

Content Highlight: Refaat Alareer, Gaza’s favorite poet

സൈത്തൂണിന്റെ മക്കള്‍

ഭാഗം ഒന്ന്: ഹിന്ദ് റജബ്; 302 വെടിയുണ്ടകള്‍, ഇസ്രഈല്‍ കൊന്നുകളഞ്ഞ അഞ്ചു വയസുകാരി

ഭാഗം മൂന്ന്: ഡോ. ഹുസാം അബു സഫിയ; ഇസ്രഈലിന്റെ തോക്കിന് മുമ്പിലും ചങ്കുറപ്പോടെ നിന്ന ഗസയുടെ ഡോക്ടര്‍

ഭാഗം നാല്: ഡോ. സൂഫിയാന്‍ തയെ; ഗസയുടെ അധ്യാപകന്‍… ശാസ്ത്രജ്ഞന്‍

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.